
കോഴിക്കോട്∙ നിർമാണം പുരോഗമിക്കുന്ന മാനാഞ്ചിറ–മലാപ്പറമ്പ് നാലുവരിപ്പാതയിൽ വരുന്നത് 9 ജംക്ഷനുകൾ. ഇവിടങ്ങളിലെല്ലാം സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചാണ് ഗതാഗതം ക്രമീകരിക്കുക.
സിഎസ്ഐ, സിഎച്ച് ഫ്ലൈ ഓവർ, മാവൂർ റോഡ്, വൈഎംസിഎ ക്രോസ് റോഡ്, ക്രിസ്ത്യൻ കോളജ്, മനോരമ, നടക്കാവ് ക്രോസ് റോഡ്, എരഞ്ഞിപ്പാലം, കരിക്കാംകുളം റോഡ് എന്നിവിടങ്ങളിലാണു ജംക്ഷനുകൾ. മലാപ്പറമ്പിൽ വച്ച്, പാത മലാപ്പറമ്പ് – മുത്തങ്ങ പാതയിൽ ചേരും.
മാനാഞ്ചിറ–മലാപ്പറമ്പ് റോഡിൽ എരഞ്ഞിപ്പാലം, ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിലായിരിക്കും വലിയ ജംക്ഷനുകൾ. മറ്റിടങ്ങളിൽ ‘T’ ജംക്ഷനുകളാണു വരിക.
ഇടറോഡുകളിൽ നിന്ന് ഇടതു വശത്തേക്കു പ്രവേശനമുണ്ടാകും. പ്രധാന സ്ഥാപനങ്ങൾക്കു സമീപം യു ടേൺ അനുവദിക്കും.
ആകെ 24 മീറ്ററിലാണു റോഡിന്റെ നിർമാണം. 8.5 മീറ്ററാകും ഒരു വശത്തെ വീതി. 2 വരിയിലാണ് ഗതാഗതം.
2 മീറ്റർ വീതിയിൽ മീഡിയനുണ്ടാകും. ഇതിൽ പുല്ലു നട്ടുപിടിപ്പിക്കും.
ഇരുവശത്തും 2 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ടാകും. ഇതിനടിയിലാണ് ഓവുചാലുകൾക്കും കേബിളുകൾക്കും പൈപ്പുകൾക്കുമായി യൂട്ടിലിറ്റി ഡക്റ്റുണ്ടാകുക.
ഇതോടെ, നഗരത്തിലെ വെള്ളക്കെട്ടിനു പരിഹാരമാകുമെന്നും കേബിളും പൈപ്പും ഇടാൻ പാത മുറിക്കേണ്ട സാഹചര്യം പൂർണമായി ഒഴിവാകുമെന്നുമാണു പ്രതീക്ഷിക്കുന്നത്.
റോഡരികിൽ അര മീറ്റർ മണ്ണിട്ടു നിരപ്പാക്കും.മഴക്കാലത്തും നിർമാണം ഊർജിതമായി നടക്കുന്ന പാതയുടെ 5% ജോലികൾ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ പൂർത്തീകരിച്ചു. ഓവുചാൽ നിർമാണം, കേബിളുകളും മറ്റും കൊണ്ടുപോകാനുളള ഡക്റ്റ് എന്നിവയുടെ നിർമാണമാണു നടക്കുന്നത്.
മണ്ണിട്ട് നിരപ്പാക്കലും മരങ്ങൾ അടക്കമുള്ള തടസ്സങ്ങൾ നീക്കുന്നതും തുടരുന്നുണ്ട്. 5.320 കിലോമീറ്റർ റോഡിന് 76.90 കോടി രൂപയാണു കരാർ തുക.
മന്ത്രി പി.എ.മുഹമ്മദ് റിയാസ് കഴിഞ്ഞദിവസം നേരിട്ടെത്തി നിർമാണ പുരോഗതി വിലയിരുത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]