
ചാലിയം ∙ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ചാലിയം ഫിഷ് ലാൻഡിങ് സെന്ററിന്റെ വികസനം വൈകുന്നു. ഭൂമി കൈമാറ്റ നടപടികൾ അനന്തമായി നീളുന്നതിനാൽ അസൗകര്യങ്ങളുടെ നടുക്കടലിലാണ് ഇന്നും ഈ പരമ്പരാഗത മത്സ്യബന്ധന കേന്ദ്രം.
തോണികൾ സുരക്ഷിതമായി അടുപ്പിക്കാൻ പോലും സൗകര്യമില്ലാത്ത ഇവിടെ മത്സ്യ സംസ്കരണത്തിനും സൂക്ഷിക്കാനും മാർഗമില്ല. വൃത്തിഹീനമായ ചുറ്റുപാടിലാണു മത്സ്യം കൈകാര്യം ചെയ്യുന്നത്.
ശുചിത്വം പാലിക്കാനാകാതെ മത്സ്യത്തൊഴിലാളികൾ പാടുപെടുമ്പോഴും സൗകര്യം ഏർപ്പെടുത്താനുള്ള പദ്ധതികൾ ഇഴയുകയാണ്.മഴയിൽ മീൻപിടിത്ത കേന്ദ്രത്തിന്റെ കവാടം ചെളിക്കുളമായി. പലയിടത്തും അഴുക്കുവെള്ളം കെട്ടിക്കിടക്കുകയാണ്.
ദുർഗന്ധം മൂലം മൂക്കുപൊത്താതെ പ്രവേശിക്കാനാകില്ല. ഓട
ഇല്ലാത്തതാണു പ്രധാന പോരായ്മ. വെള്ളം ഒഴുകിപ്പോകുന്നില്ല.
മത്സ്യം പിടിക്കുന്നതു മുതൽ വിപണനം വരെ ശുചിത്വം പാലിക്കണമെന്നാണു നിർദേശമെങ്കിലും ഇവിടെ ഇതു പാലിക്കാൻ കഴിയുന്നില്ല.
മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ നിർമിച്ച കോൺക്രീറ്റ് തറയിലാണു തോണിക്കാർ പിടിച്ചെത്തിക്കുന്ന മീൻ വിറ്റഴിക്കുന്നത്. ചാലിയത്തിനു പുറമേ മാറാട്, ആനങ്ങാടി, ചെട്ടിപ്പടി, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികളും ഇവിടെയാണു മീൻ വിൽക്കാൻ എത്തുന്നത്.ഇൻബോർഡ് എൻജിൻ ഘടിപ്പിച്ച നൂറോളം വലിയ ഫൈബർ വള്ളങ്ങൾക്കു പുറമേ കിൽനെറ്റ്(ഒഴുക്കുവല) ഉപയോഗിക്കുന്ന മുന്നൂറോളം ചെറുകിട
വള്ളക്കാരും 200 തോണിക്കാരും ഉൾപ്പെടെ മൂവായിരത്തോളം മീൻപിടിത്തക്കാർ ചാലിയം ഫിഷ് ലാൻഡിങ് സെന്ററിനെ ആശ്രയിക്കുന്നുണ്ട്. പ്രഖ്യാപനങ്ങൾ ഏറെയുണ്ടായെങ്കിലും അടിസ്ഥാന സൗകര്യം ഏർപ്പെടുത്താൻ സമയബന്ധിതമായി നടപടി മാത്രമുണ്ടായില്ല.
കയറ്റുമതി മേഖലയിൽ സർക്കാരിനു ലക്ഷങ്ങളുടെ വിദേശനാണ്യം നേടിത്തരുന്ന മലബാറിലെ പ്രധാന പരമ്പരാഗത മത്സ്യവിപണന കേന്ദ്രത്തിനാണ് ഈ ദുരവസ്ഥ.
വനഭൂമി കൈമാറ്റം പ്രതിസന്ധി
വനംവകുപ്പിന്റെ റിസർവ് ഭൂമിയിലാണ് ചാലിയത്ത് ഫിഷ് ലാൻഡിങ് സെന്റർ പ്രവർത്തിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ ലാൻഡിങ് സെന്റർ നിർമിക്കാൻ സർക്കാരിനു പദ്ധതിയുണ്ടെങ്കിലും ഇവിടത്തെ ഏറ്റെടുക്കുന്ന വനഭൂമിക്കു പകരം ഭൂമി അനുവദിക്കുന്നതു സംബന്ധിച്ച സങ്കീർണമായ നൂലാമാലകളാണു പ്രതിസന്ധി.റീ ബിൽഡ് കേരള ഡവലപ്മെന്റ് പ്രോഗ്രാം പദ്ധതിയിൽ ഉൾപ്പെടുത്തി കൊയിലാണ്ടി താലൂക്കിലെ ചെമ്പനോട
വില്ലേജിൽ സംസ്ഥാന സർക്കാർ വിലക്കു വാങ്ങിയ ഭൂമിയിൽ നിന്നു 2.0369 ഹെക്ടർ സ്ഥലം പരിഹാരവനവൽക്കരണത്തിനു വിട്ടു നൽകാൻ സർക്കാർ ഉത്തരവായിരുന്നു. കണ്ടെത്തിയ സ്ഥലം വനംവകുപ്പ് പരിശോധിച്ച് അനുയോജ്യമെന്നു വിലയിരുത്തിയാണു സ്ഥലം കൈമാറി റവന്യു വകുപ്പ് ഉത്തരവിറക്കിയത്.
ഫിഷറീസ്–വനം വകുപ്പുകൾ ചേർന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിവേശ് പോർട്ടലിൽ ഇക്കാര്യങ്ങൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല.
ക്യാമറകൾ കേടായി; ബേപ്പൂർ ഫിഷിങ് ഹാർബറിൽ സുരക്ഷാഭീഷണി
ബേപ്പൂർ ∙ ക്യാമറകൾ കണ്ണടച്ചതോടെ മത്സ്യബന്ധന ഹാർബറിൽ സുരക്ഷാഭീഷണി. ആകെയുള്ള 17 ക്യാമറകളിൽ 6 എണ്ണം പ്രവർത്തനരഹിതമാണ്.
ബോട്ടുകളിൽ നിന്നു ബാറ്ററിയും മീൻപിടിത്ത ഉപകരണങ്ങളും മോഷണം പതിവായതോടെ ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ.ഫിഷറീസ് വകുപ്പ് പദ്ധതിയിൽ 6 വർഷം മുൻപാണു നദീമുഖം, പാർക്കിങ് ഏരിയ, ജെട്ടി, ലേല ഹാൾ തുടങ്ങി ഹാർബറിൽ സിസിടിവി ക്യാമറ സ്ഥാപിച്ചത്. ഹാർബറിലെ മോഷണം, സാമൂഹികവിരുദ്ധ പ്രവർത്തനം എന്നിവ തടയാൻ നിരീക്ഷണ സംവിധാനം ഏറെ സഹായമായിരുന്നു.ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഓഫിസിൽ പ്രത്യേക മോണിറ്റർ സ്ഥാപിച്ചായിരുന്നു നിരീക്ഷണം.
വാർഫിന്റെ മുക്കിലും മൂലയിലും നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഉദ്യോഗസ്ഥർക്ക് ഓഫിസിൽ ഇരുന്നു നേരിൽ കാണാനാകും വിധത്തിലായിരുന്നു ക്രമീകരണം.തുറമുഖത്തേക്കു അടുപ്പിക്കുന്ന വള്ളങ്ങളും ബോട്ടുകളും തിരിച്ചറിയാനും ക്യാമറകൾ ഉപകാരമായിരുന്നു. എന്നാൽ കേടായ ക്യാമറകളുടെ അറ്റകുറ്റപ്പണികൾ അനന്തമായി നീളുകയാണ്.
കഴിഞ്ഞ ദിവസം വാർഫിൽ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾക്ക് മത്സ്യത്തൊഴിലാളികൾ ഫിഷറീസ് അധികൃതരെ സമീപിച്ചപ്പോഴാണു ക്യാമറകൾ കേടായിക്കിടക്കുന്ന വിവരം അറിഞ്ഞത്.
ആധുനിക മത്സ്യബന്ധന കേന്ദ്രത്തിന് 15 കോടി രൂപയുടെ പദ്ധതി
ചാലിയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഫിഷ് ലാൻഡിങ് സെന്ററായി ഉപയോഗിച്ചു വരുന്ന 5.1 ഏക്കർ സ്ഥലത്ത് 15 കോടി രൂപ ചെലവിട്ട് എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയുള്ള ലാൻഡിങ് സെന്റർ സ്ഥാപിക്കാൻ സർക്കാരിന് പദ്ധതിയുണ്ട്. എന്നാൽ ഭൂമി കൈമാറ്റ നടപടികൾ പൂർത്തിയായി വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ നിർമാണ നടപടികളിലേക്കു കടക്കാനാകൂ.
മത്സ്യത്തൊഴിലാളികൾക്ക് തോണികൾ അടുപ്പിക്കാൻ വിശാലമായ ജെട്ടി, ലേല ഹാൾ, ബോട്ട് റിപ്പയറിങ് യാഡ്, മറ്റു അനുബന്ധ സൗകര്യങ്ങൾ എന്നിവയ്ക്കുള്ള പദ്ധതിയാണു വിഭാവനം ചെയ്തിരിക്കുന്നത്. ഫിഷറീസ്–ഹാർബർ എൻജിനീയറിങ് വകുപ്പുകളുടെ പദ്ധതികൾ യോജിപ്പിച്ചു വികസന പദ്ധതി നടപ്പാക്കാനാണു ലക്ഷ്യമിടുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]