
ചക്കിട്ടപാറ ∙ ടൗണിൽ റോഡിന്റെ വീതി സംബന്ധിച്ച തർക്കത്തെ തുടർന്ന് കഴിഞ്ഞ രണ്ടര മാസമായി മുടങ്ങിയിരുന്ന മലയോര ഹൈവേ പ്രവൃത്തി ഇന്നലെ രാവിലെ വീണ്ടും തുടങ്ങി. ടൗണിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ എതിർവശത്താണ് ഇന്നലെ പണി ആരംഭിച്ചത്.പഞ്ചായത്ത് പ്രസിഡന്റിന്റെയും കരാറുകാരുടെയും നേതൃത്വത്തിൽ റോഡിന്റെ വീതി അളന്ന ശേഷമാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കെട്ടിടത്തിന്റെ ഭാഗങ്ങൾ പൊളിക്കാൻ തുടങ്ങിയത്.
കെആർഎഫ്ബി ഉദ്യോഗസ്ഥർ സ്ഥലത്ത് ഉണ്ടായിരുന്നു.
പെരുവണ്ണാമൂഴി പൊലീസും സ്ഥലത്ത് എത്തിയിരുന്നു.ബസ് കാത്തിരിപ്പു കേന്ദ്രം മുതൽ ജംക്ഷൻ വരെയുള്ള മേഖലയിലാണ് റോഡിന്റെ ഇരു ഭാഗത്തും റോഡിനു വീതി കൂട്ടുന്ന പ്രവൃത്തി നടത്തിയത്. ഇതിനിടെ അപ്രതീക്ഷിതമായി കടകളുടെ ഭാഗം പൊളിച്ചതിൽ നാശനഷ്ടം സംഭവിച്ചെന്ന് വ്യാപാരികൾ പരാതി ഉന്നയിച്ചു.
തുറന്ന കടകളിലേക്കുള്ള വഴിയും മുടങ്ങി.
കടകൾ ഇടിച്ചുപൊളിച്ചത് അനീതിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
ചക്കിട്ടപാറ ∙ കച്ചവടക്കാർക്ക് നോട്ടിസ് നൽകാതെയും റോഡിന്റെ അളവ് ബോധ്യപ്പെടുത്താതെയും മലയോര ഹൈവേ നിർമാണത്തിനായി ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ബലമായി കച്ചവട സ്ഥാപനങ്ങൾ ഇടിച്ചുപൊളിച്ചത് അനീതിയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് യോഗം ആരോപിച്ചു.
സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ചു. പ്രസിഡന്റ് ബെന്നി കാരിത്തടത്തിൽ അധ്യക്ഷത വഹിച്ചു.കെട്ടിട
ഉടമകളുടെയും വ്യാപാരികളുടെയും യോഗം വിളിച്ച് സമവായം ഉണ്ടാക്കിയാണു റോഡ് പണി ആരംഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
മലയോര ഹൈവേ നിർമാണത്തിൽ റോഡ് കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെയും സിപിഎമ്മിന്റെയും നിലപാട് പ്രതിഷേധാർഹമാണെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.വ്യാപാരികളും കെട്ടിട ഉടമകളും ചേർന്ന് കലക്ടർക്കും കെആർഎഫ്ബിക്കും പരാതി നൽകിയിട്ടും പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഗുണ്ടായിസത്തിലൂടെയാണു കെട്ടിടങ്ങൾ പൊളിച്ചു നീക്കിയത്.
റോഡ് പണി തൽക്കാലം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും പൊലീസ് പഞ്ചായത്ത് പ്രസിഡന്റിന്റെ തീരുമാനത്തോട് ചേർന്ന് പ്രവർത്തിക്കുകയായിരുന്നു.ബാബു പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
പ്രവൃത്തി താൽക്കാലികമായി നിർത്താൻ ഹൈക്കോടതി ഉത്തരവ്
ചക്കിട്ടപാറ∙ ടൗണിലെ റോഡിന്റെ അളവ് കഴിയുന്നതുവരെ നിർമാണ പ്രവൃത്തി താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇന്നലെ ഉച്ചകഴിഞ്ഞ് ഹൈക്കോടതിയുടെ താൽക്കാലിക ഉത്തരവ് വന്നു. വ്യാപാരികൾ, കെട്ടിട
ഉടമകൾ, പൊതുപ്രവർത്തകർ ഉൾപ്പെടെ 8 പേർ ചേർന്നു നൽകിയ ഹർജിയിലാണ് ഉത്തരവ്. ജൂൺ 10ന് കലക്ടറുടെ നടപടിക്രമം പ്രകാരം തഹസിൽദാരോട് റോഡിന്റെ വീതി കൃത്യമായി അളന്ന് നിർണയിക്കണമെന്നു നിർദേശിച്ചത് നടന്നിട്ടില്ലെന്നാണ് ഹർജിക്കാർ കോടതിയിൽ വാദിച്ചത്.
ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെ നമ്പർ സ്ഥലത്ത് ഉണ്ടായിരുന്ന പെരുവണ്ണാമൂഴി പൊലീസിനെ ഹർജിക്കാർ അറിയിച്ചതിനെ തുടർന്ന് പ്രവൃത്തി നിർത്തിവയ്ക്കാൻ പൊലീസ് കരാറുകാരോട് ആവശ്യപ്പെട്ടു.
തുടർന്ന് പ്രവൃത്തി തൽക്കാലം നിർത്തിവച്ചു.വീണ്ടും പഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്ത് എത്തി പണി പുനരാരംഭിക്കാൻ നിർദേശിച്ചതിനെ തുടർന്ന് പ്രവൃത്തി തുടങ്ങുകയായിരുന്നു. പൊലീസ് സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും മൗനാനുവാദത്തോടെ പണി തുടർന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]