
മാനാഞ്ചിറ– മലാപ്പറമ്പ് നാലുവരിപ്പാത ഫെബ്രുവരിക്കു മുൻപ്; എരഞ്ഞിപ്പാലത്ത് നിർമിക്കുക 30 മീറ്റർ വീതിയുള്ള പാലം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ നഗരവികസന പാത പദ്ധതിയുടെ ഭാഗമായി 24 മീറ്ററിൽ 4 വരിയായി വീതി കൂട്ടുന്ന മാനാഞ്ചിറ – മലാപ്പറമ്പ് റോഡിന്റെ പണി പ്രഖ്യാപിച്ച ദിവസത്തിനു മുൻപേ തീർക്കണമെന്നു പിഡബ്ല്യുഡി നിർദേശം. 2026 ഫെബ്രുവരിക്കു മുൻപ് റോഡ് നിർമാണം പൂർത്തിയാകുന്നതോടെ എരഞ്ഞിപ്പാലം ജംക്ഷനിൽ വയനാട് റോഡിൽ മേൽപാലം നിർമിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുമെന്നാണ് പിഡബ്ല്യുഡി വിഭാഗം പറയുന്നത്. നിർമാണം 20 ദിവസം പിന്നിട്ടതോടെ മാനാഞ്ചിറ – മലാപ്പറമ്പ് റോഡിൽ പ്രവൃത്തികൾ ദ്രുതഗതിയിലാണ് നടക്കുന്നത്. 30 മീറ്റർ വീതിയുള്ള പാലമാണ് എരഞ്ഞിപ്പാലത്തു നിർമിക്കുക. ഏറെ ഗതാഗതത്തിരക്കുള്ള ജംക്ഷനായതിനാൽ എരഞ്ഞിപ്പാലം പോസ്റ്റ് ഓഫിസ് മുതൽ സിവിൽ സ്റ്റേഷനു താഴെ ചുള്ളിയോട് റോഡ് ജംക്ഷൻ വരെ മേൽപാലം നിർമിക്കാനാണ് ആലോചന.
വീതി കൂട്ടൽ പ്രവൃത്തി നടക്കുന്ന 5.32 കിലോമീറ്ററിൽ എരഞ്ഞിപ്പാലം ഒഴികെ മറ്റു സ്ഥലങ്ങളിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. എരഞ്ഞിപ്പാലത്ത് ഒരു സ്ഥലത്തിന്റെ ഉടമയുമായി കോടതി നടപടി തുടരുന്നതിനാൽ ഈ ഭാഗം മാത്രം ഒഴിവാക്കിയാണ് നിലവിൽ വികസനം നടക്കുന്നത്. ഏറ്റെടുത്ത സ്ഥലത്ത് 2 മീറ്റർ വീതിയിൽ ഇരുഭാഗത്തും ഓടയ്ക്കും ഒപ്പം കേബിൾ ഡക്റ്റിനുമുള്ള പ്രവർത്തനമാണ് നടക്കുന്നത്. ഇതിനായി മണ്ണെടുക്കൽ തുടരുകയാണ്. മാനാഞ്ചിറ – മലാപ്പറമ്പ് സെക്ടറിൽ മലയാള മനോരമ, ക്രിസ്ത്യൻ കോളജ് ഭാഗങ്ങളിൽ റോഡിന് കിഴക്ക് ഭാഗം നിലവിലുള്ള മണ്ണിന് ഗുണനിലവാരം കുറവായതിനാൽ ലേക്ടറേറ്റ് ചേർന്ന മണ്ണ് മറ്റൊരിടത്തു നിന്ന് എത്തിച്ചാണ് റോഡ് ബലപ്പെടുത്തുന്നത്. മാനാഞ്ചിറ മുതൽ റോഡ് ലവലിങ് നടക്കുന്നുണ്ട്. ഒപ്പം ഓടയുടെ നിർമാണവും ഏറ്റെടുത്ത സ്ഥലത്തെ നിർമിതികൾ പൊളിക്കൽ, മരം മുറിക്കൽ എന്നീ ജോലികളും തുടരുന്നുണ്ട്.
കഴിഞ്ഞ മാസം 16 നാണ് റോഡ് നവീകരണം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്. 2026 ഫെബ്രുവരിയോടെ പൂർത്തീകരിക്കുമെന്നാണു അറിയിച്ചിരിക്കുന്നതെങ്കിലും അതിനു മുൻപായി നിർമാണം പൂർത്തീകരിക്കണമെന്നാണ് നിർദേശം. 79.9 കോടിയോളം രൂപയാണ് നിർമാണച്ചെലവ്. രണ്ടു വശത്തും 8.5 മീറ്റർ വീതം വീതിയിലാണ് റോഡ്.
നടുവിൽ 2 മീറ്റർ മീഡിയൻ നിർമിക്കും. ഇരുവശത്തും 2 മീറ്റർ വീതിയിൽ നടപ്പാത നിർമിക്കുന്നുണ്ട്. അതിനടിയിൽ ഒരു മീറ്റർ ഓടയും ഒരു മീറ്റർ കേബിൾ ഡക്ടുമാണ്. നടപ്പാതയ്ക്കു സമീപം അരമീറ്റർ വീതിയിൽ മൺ പാതയും ഉണ്ടാകും. ഈ ഭാഗത്തും നടുവിലെ മീഡിയനിലും പുല്ലും പൂക്കളും നട്ടുവളർത്തും. കോഴിക്കോട് റോഡ് സിറ്റി ഇംപ്രൂവ്മെന്റ് പദ്ധതിയിൽ നടക്കുന്ന പ്രവൃത്തിയുടെ കരാർ മലപ്പുറം മിഡ്ലാൻഡ് പ്രോജക്ടിനാണ്.