കിനാലൂരിൽ ജനങ്ങളല്ല, സർക്കാരുകളാണ് വികസന പദ്ധതിക്കു പ്രതിസന്ധി സൃഷ്ടിക്കുന്നത്. വികസനം വരുന്നുവെന്നറിഞ്ഞപ്പോൾ നിറഞ്ഞ മനസ്സോടെയാണ് അവർ സ്വീകരിച്ചത്.
പദ്ധതിക്കു സ്വകാര്യ വ്യക്തികളുടെ 100 ഏക്കർ വേണമെന്ന് സർക്കാർ പറഞ്ഞപ്പോൾ വിട്ടുനൽകാമെന്ന് അറിയിച്ചു. പക്ഷേ, മലക്കം മറിഞ്ഞത് സർക്കാരുകളാണെന്നു മാത്രം.
ഈ നൂറേക്കറിൽ സ്ഥലത്തിന്റെ ക്രയവിക്രയം മരവിപ്പിച്ചെങ്കിലും നികുതി അടയ്ക്കാൻ സർക്കാർ അനുവദിച്ചിട്ടുണ്ട്.
ആയുർവേദത്തിന് എയിംസോ?
കഴിഞ്ഞ അഞ്ചുവർഷമായി ഓരോ ബജറ്റ് വരുമ്പോഴും കിനാലൂരുകാർ കാത്തിരിക്കുകയാണ്. ഇത്തവണയും എയിംസിനെക്കുറിച്ച് ഒരു വാക്കുപോലും മിണ്ടിയില്ല.
എത്രകാലം ആർക്കുംവേണ്ടാത്ത ഭൂമിയിൽ ആശ്രയമില്ലാതെ ജീവിക്കേണ്ടിവരുമെന്ന ആശങ്ക തുടരുകയാണ്. ഇത്തവണ ഊഹാപോഹങ്ങൾ നടക്കുന്നത് ആയുർവേദ എയിംസ് എന്ന സൂചനയിലാണ്.
ഇതും കിനാലൂരിൽ വരുമെന്ന് എവിടെയും പറഞ്ഞിട്ടില്ല. പക്ഷേ, പദ്ധതി കിനാലൂരിലേക്ക വരുമെന്നും വരില്ലെന്നും വിവിധ കോണുകളിൽ തർക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
എന്റെ വാർഡിലാണ് എയിംസിനായി സ്ഥലം വിട്ടുകൊടുക്കുന്നതായി വിജ്ഞാപനം വന്നത്.
ഇവിടെ എയിംസ് വരുമെന്നു സ്വപ്നം കണ്ട് എൺപതോളം വീടുകളും ഉടമസ്ഥരും ഭൂമി വിട്ടുകൊടുക്കാൻ തയാറായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. കേന്ദ്രത്തിന്റെ ഭൂമി വിട്ടുകൊടുത്തുവെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.
എന്നാൽ, ഭൂമി സംസ്ഥാനസർക്കാർ ഭൂമി നൽകിയിട്ടില്ലെന്നാണ് കേന്ദ്രം പറയുന്നത്. ഈ തർക്കം കാരണം മനുഷ്യരുടെ ജീവിതമാണ് പ്രതിസന്ധിയിലാക്കുന്നത്.
ഭൂമിയുടെ ക്രയവിക്രയം നടത്താൻ കഴിയുന്നില്ല. ഭൂമിയിൽ കൃഷിയിറക്കാൻ ആശങ്കയാണ്.
ഒരു വായ്പ സംഘടിപ്പിക്കാൻപോലും കഴിയുന്നില്ല. ഇനിയെങ്കിലും സർക്കാരുകൾ എയിംസ് ഇവിടെ അനുവദിക്കാൻ തയാറാവണം.
ജനങ്ങൾ എത്രകാലമാണ് ആശങ്കയിൽ കഴിയുക.
പി.ജി.ദേവാനന്ദ്, പഞ്ചായത്ത് അംഗം, രണ്ടാംവാർഡ്
ശുദ്ധജലവും മുടങ്ങി
‘എത്രകാലമെന്നു വച്ചാണ് അടുത്തുള്ള വീട്ടുകാരെ കുടിവെള്ളത്തിനായി ബുദ്ധിമുട്ടിക്കുക? പറമ്പിൽ ഒരു കിണർ കുഴിക്കണമെന്നു വിചാരിച്ചാണ് അഞ്ചു കൊല്ലം മുൻപ് ഒരു ലക്ഷം രൂപയുടെ ചിട്ടി പിടിച്ചത്. പക്ഷേ അപ്പോഴേക്ക് എയിംസ് വരുമെന്നു പറഞ്ഞുതുടങ്ങി’ – കിനാലൂർ എരിഞ്ഞക്കാാംപൊയിലിൽ ഇ.പി.നഫീസ പറഞ്ഞു.
നഫീസയും ഭർത്താവ് അബ്ദുറഹ്മാനും ഇവരുടെ മകനും ഭാര്യയും മൂന്നു കുട്ടികളുമാണ് വീട്ടിലുള്ളത്. ജീവിക്കാനുള്ള പോരാട്ടമാണ് ഇവർ നടത്തുന്നത്.
സ്ഥലം ഏറ്റെടുക്കുമെന്ന് സർക്കാർ പറഞ്ഞു. വീടിന്റെ അതിരിൽ മഞ്ഞക്കല്ലു നാട്ടി റവന്യു അധികൃതർ പോയി.
എന്നാൽ, സ്ഥലത്തിന് എത്രരൂപ നഷ്ടപരിഹാരം നൽകുമെന്നുപോലും ഇതുവരെ പറഞ്ഞിട്ടില്ല. വെള്ളമെടുക്കാനായി അടുത്ത വീട്ടിലേക്ക് പോവാനിറങ്ങുമ്പോൾ നഫീസ പറഞ്ഞു: എയിംസിനെക്കുറിച്ച് പറഞ്ഞതോടെ കിണർകുഴിക്കൽ മുടങ്ങി.
കയ്യിലെ പണം ചെലവായിപ്പോയി. ഇപ്പോഴും അടുത്ത വീട്ടുകാരെയാണ് ആശ്രയിക്കുന്നത്’.
കിനാലൂരിലെ വാഗ്ദത്ത ഭൂമിക്കു പിറകിലെ മലമുകളിലാണ് വയലട മലനിരകൾ.
അവിടെ മലയോരത്ത് ക്വാറിമാഫിയ ശക്തമാണെന്നു നാട്ടുകാർ പറയുന്നുണ്ട്. അതോടെ പ്രദേശത്ത് പലയിടത്തും വെള്ളം കിട്ടാതമായി.
എല്ലാവർഷവും കേന്ദ്ര ബജറ്റും സംസ്ഥാനബജറ്റും പ്രതീക്ഷയോടെ നോക്കിയിരിക്കുകയെന്നതാണ് കിനാലൂരുകാരായ ഞങ്ങളുടെ പ്രധാനജോലി.
പതിവുപോലെ ഇപ്രാവശ്യവും നിരാശ മാത്രമാണ്. ഇങ്ങനെ നോക്കിയിരുന്ന് അഞ്ചാറു വർഷം കഴിഞ്ഞിരിക്കുന്നു.
ഞങ്ങൾ ജനിച്ചുവളർന്ന ഞങ്ങളുടെ മണ്ണിൽ ഒരു വീടു വയ്ക്കാൻ ഞങ്ങൾക്കിന്ന് കഴിയുന്നില്ല. ഞങ്ങളുടെ മണ്ണു വിൽക്കാൻ കഴിയുന്നില്ല.
വിദ്യാഭ്യാസ വായ്പ പോലും കിട്ടാനില്ല. ദുരിതവർഷങ്ങാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
വർഷങ്ങൾക്കുമുൻപ് എടുത്ത വായ്പകൾപോലും തിരിച്ചടച്ചു തീർക്കാൻ കഴിയാതെ ജപ്തി നടപടി നേരിടുന്നവർ പോലുമുണ്ട്. അഞ്ചോ പത്തോ സെന്റ് സ്ഥലം വിറ്റ് കടംവീട്ടാൻ ഞങ്ങൾക്കു കഴിയില്ലല്ലോ.
ഈ ദുരിതത്തിന് അറുതിവരുത്താൻ കേന്ദ്രവും സംസ്ഥാനവും നടപടിയെടുക്കണം.
ഷാനവാസ് കുറുമ്പൊയിൽ, ജനറൽ കൺവീനർ പാസ്ലോക്ക്( കിനാലൂരിൽ ഭൂമി വിട്ടുനൽകാൻ തയാറായ ഭൂഉടമകളുടെ കൂട്ടായ്മ)
വാർധക്യത്തിൽ തുണയാകുമോ?
പറമ്പിൽ കെട്ടിയിട്ട രണ്ടു പശുക്കൾക്ക് വെള്ളം കൊടുക്കുകയാണ് കെ.ടി.മജീദ് എന്ന കർഷകൻ.
പ്രായം എഴുപതു കഴിഞ്ഞിരിക്കുന്നു. ആരോഗ്യം പ്രശ്നമാണ്.
മകനൊപ്പമാണ് മജീദിന്റെ താമസം. അവൻ നാട്ടിലെ പണിക്കുപോയി കിട്ടുന്ന തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം.
ഞങ്ങളു കളിച്ചു വളർന്ന സ്ഥലമാണിത്. ഇപ്പോൾ പണിക്കു പോകാനും കഴിയാതായി.
അസുഖങ്ങളുണ്ട്. ഈ സ്ഥലം വിൽക്കാൻ കഴിയില്ല.
സർക്കാർ ഏറ്റെടുക്കുകയാണെങ്കിൽ നഷ്ടപരിഹാരത്തുക കൊണ്ട് ഞങ്ങൾക്കു ജീവിച്ചുപോവാമായിരുന്നു. മജീദിന്റെ ശബ്ദമിടറുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

