കോഴിക്കോട് ∙ കോർപറേഷൻ സ്റ്റേഡിയത്തിലെ പുൽമൈതാനം പുനർനിർമിക്കാൻ എന്തെല്ലാം ചെയ്യണമെന്നതിൽ വിദഗ്ധരുടെ പരിശോധന നടത്താൻ ജില്ലാ ഫുട്ബോൾ അസോസിയേഷൻ (കെഡിഎഫ്എ). ഇന്നലെ കോർപറേഷനിൽ മേയർ ഒ.സദാശിവൻ വിളിച്ചുചേർത്ത യോഗത്തിനു ശേഷമാണ് കെഡിഎഫ്എ പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടത്.
രണ്ടു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. മേയർ വിളിച്ച യോഗത്തിൽ ഡപ്യൂട്ടി മേയർ എസ്.ജയശ്രീ, കേരള ഫുട്ബോൾ അസോസിയേഷൻ പ്രതിനിധി പി.ഹരിദാസ്, കെഡിഎഫ്എ സെക്രട്ടറി കെ.ഷാജേഷ്കുമാർ എന്നിവരും സൂപ്പർക്രോസ് റേസിങ് ലീഗ് സംഘാടകരിലൊരാളായ ബാൻഡിഡോസ് മോട്ടോസ്പോർട്സ് പ്രതിനിധിയും പങ്കെടുത്തു.പുൽമൈതാനം പഴയ പച്ചപ്പോടെ തിരിച്ചുനൽകുമെന്ന കരാർ വ്യവസ്ഥ പാലിക്കുമെന്നു സൂപ്പർക്രോസ് പ്രതിനിധി അറിയിച്ചു.
ഗുവാഹത്തിയിൽ നിന്നുള്ള വിദഗ്ധൻ മൈതാനത്ത് പരിശോധന നടത്തും.
എന്നാൽ, ഉണങ്ങിയ പുല്ലിന്റെ വേരിൽ യൂറിയയിട്ടു വെള്ളമൊഴിച്ചു പച്ചപ്പ് തിരികെ വരുത്തിയാൽ തീരുന്നതല്ല മൈതാനത്തിന്റെ തകർച്ചയെന്നു കെഡിഎഫ്എ വ്യക്തമാക്കി. രാജ്യാന്തര നിലവാരത്തിലുള്ള ഫുട്ബോൾ മത്സരങ്ങൾക്കായി പ്രത്യേകം ഒരുക്കിയതാണു കോർപറേഷൻ സ്റ്റേഡിയത്തിലെ പുൽമൈതാനം.
കാലിക്കറ്റ് എഫ്സിയും 10 ലക്ഷത്തോളം രൂപ മൈതാനത്തിന്റെ പരിപാലനത്തിന് ഈ സീസണിൽ ചെലവഴിച്ചു. ഈ മൈതാനത്ത് ഒരു ടണ്ണിൽ താഴെ മാത്രം ഭാരമുള്ള റോളറുകൾ കയറ്റിയാണു സമതലത്തിന്റെ നിരപ്പ് ഉറപ്പാക്കാറുള്ളത്.
പുല്ലിനടിയിൽ വെള്ളം ഒഴുകിപ്പോകാനുള്ള പൈപ്പുകൾ തകരാതിരിക്കുക, മൈതാനത്തിന്റെ മൃദുത്വം നഷ്ടപ്പെടാതിരിക്കുക എന്നിവയ്ക്കാണ് ഇത്രയും ശ്രദ്ധയോടെ പരിപാലിച്ചത്.
എന്നാൽ, ബൈക്ക് റേസിങ് മത്സരമായ ഇന്ത്യൻ സൂപ്പർക്രോസ് റേസിങ്ങിന്റെ ഭാഗമായി, പുൽമൈതാനത്തിനു മുകളിൽ നിരത്തിയ പലകയ്ക്കു മുകളിലൂടെ ശരാശരി 80 ടൺ ഭാരമുള്ള ടിപ്പർ ലോറികളാണ് ഓടിച്ചത്. ഇതോടെ മൈതാനത്തിന്റെ താഴെ വെള്ളം ഒഴുകാനുള്ള പൈപ്പുകൾ തകർന്നു.
മൈതാനത്തിലെ മണ്ണിന്റെ മൃദുത്വം നഷ്ടപ്പെട്ടു.
കട്ടിയായ മൈതാനത്ത് ഗുരുതര പരുക്കേൽക്കുമെന്ന കാരണത്താൽ രാജ്യാന്തര ഫുട്ബോൾ താരങ്ങൾ ഇറങ്ങാൻ വിസമ്മതിച്ചേക്കും. പച്ചപ്പു നഷ്ടപ്പെട്ടതിനേക്കാൾ ഗുരുതരമാണു മൈതാനത്തിന്റെ നിലവിലെ സ്ഥിതിയെന്നും കെഡിഎഫ്എ മേയറെ അറിയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ്, മൈതാനം ഒരുക്കുന്ന വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ച് പുനർനിർമാണ സാധ്യതാ റിപ്പോർട്ട് രണ്ടു ദിവസത്തിനകം നൽകണമെന്നു മേയർ ആവശ്യപ്പെട്ടത്. വാർഡ് കൗൺസിലർ ശ്രീജ സി.നായരുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ ഇന്നലെ സ്റ്റേഡിയം സന്ദർശിച്ചിരുന്നു.
സ്റ്റേഡിയത്തിന്റെ തകർച്ചയിൽ ബിജെപിയും സമരത്തിലേക്കു കടക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

