ബേപ്പൂർ∙ ബലക്ഷയം നേരിട്ടതിനെത്തുടർന്നു അടച്ചിട്ട മാറാട് ആരോഗ്യ ഉപകേന്ദ്രം കെട്ടിടം പൊളിച്ചു നീക്കാനുള്ള നടപടികൾ മന്ദഗതിയിൽ.
5 വർഷമായി പ്രവർത്തനം നിലച്ച കെട്ടിടം പൊളിച്ചു പുതിയത് നിർമിക്കാൻ ഇതുവരെ കോർപറേഷൻ അധികൃതർക്കായില്ല. കെട്ടിടം ഉപയോഗ യോഗ്യമല്ലെന്ന് കോർപറേഷൻ എൻജിനീയറിങ് വിഭാഗം റിപ്പോർട്ട് നൽകിയതോടെയാണ് ആരോഗ്യകേന്ദ്രം അടച്ചത്. കെട്ടിടം പൊളിച്ചു മാറ്റാൻ ഒരു വർഷം മുൻപ് കോർപറേഷൻ കൗൺസിൽ തീരുമാനം എടുത്തെങ്കിലും നടപ്പാക്കാനായില്ല.
പഴയതു പൊളിച്ചു നീക്കിയാൽ മാത്രമേ പുതിയ നിർമാണ നടപടികളുമായി മുൻപോട്ടു പോകാനാകൂ. പുതിയ കെട്ടിടത്തിന് കോർപറേഷൻ പദ്ധതിയിൽ നേരത്തേ 30 ലക്ഷം രൂപ വകയിരുത്തിയിരുന്നു.
എന്നിട്ടും പഴയത് പൊളിച്ച് നിർമാണ നടപടികൾ വേഗത്തിലാക്കി സേവനങ്ങൾ പുനഃസ്ഥാപിക്കാൻ തുടർ നീക്കമുണ്ടായില്ല. മാറാട് അരയസമാജം ഓഫിസിനു സമീപം ജനവാസ കേന്ദ്രത്തിലുള്ള ആരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുപാടും കാടുകയറി.
ഓടുകൾ പൊട്ടി വീഴുന്ന കെട്ടിടം ഏതു സമയവും നിലം പതിക്കുമെന്ന നിലയാണ്.
നേരത്തേ ജനത്തിനു ലഭിച്ചിരുന്ന ആരോഗ്യ സേവനം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇവിടെ നിന്നു മാസത്തിൽ മൂന്നാമത്തെ ശനിയാഴ്ച ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും നൽകിയിരുന്ന കുത്തിവയ്പ് താൽക്കാലികമായി മാറാട് വിവേകാനന്ദ സ്കൂളിലേക്കു മാറ്റി. അങ്കണവാടികൾ കേന്ദ്രീകരിച്ചാണ് ജീവിതശൈലീ രോഗ നിർണയവും മറ്റു ബോധവൽക്കരണ ക്ലാസുകളും നടത്തിവരുന്നത്.
സേവനം പരിമിതമായതോടെ ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയാണ് പ്രദേശത്തെ ജനങ്ങൾ പ്രാഥമിക ചികിത്സ തേടുന്നത്. ഇതു മാറാട് നിവാസികൾക്ക് വലിയ ദുരിതമാണ്.
തീരദേശ മേഖലയിലെ ആദ്യ ആരോഗ്യ ഉപകേന്ദ്രം
മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മാറാട് തീരദേശത്ത് 40 വർഷം മുൻപാണ് ആരോഗ്യ ഉപകേന്ദ്രം തുടങ്ങിയത്.
കുട്ടികൾക്കുള്ള കുത്തിവയ്പ്, ഗർഭിണികൾക്കുള്ള ആരോഗ്യ ചികിത്സ, ജീവിതശൈലീ രോഗനിർണയം, വയോജന ക്ലിനിക്, കൗമാര പ്രായക്കാർക്കുള്ള ക്ലിനിക്, പകർച്ചവ്യാധി തടയൽ, സാമൂഹിക ശുചിത്വ ബോധവൽക്കരണം, അമ്മയും കുഞ്ഞും റജിസ്ട്രേഷൻ എന്നിവയാണ് സബ്സെന്റർ കേന്ദ്രീകരിച്ചുള്ള സേവനം.
ഒരു ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുടെ സേവനമാണ് സബ് സെന്ററിൽ വേണ്ടത്. ജെപിഎച്ച്എൻ ഉപകേന്ദ്രത്തിൽ താമസിച്ചു സേവനം ചെയ്യണമെന്നാണ് ചട്ടമെങ്കിലും സൗകര്യക്കുറവു മൂലം പലയിടത്തും ഇതിനു പറ്റുന്നില്ല.
ആരോഗ്യകേന്ദ്രം അടച്ചിട്ടതോടെ ആശാവർക്കർമാർ, ജെപിഎച്ച്എൻ എന്നിവർക്ക് ആശ്രയകേന്ദ്രം ഇല്ലാതായി.
ശരിയായ വഴിയില്ലാത്തത് പ്രശ്നം
മാറാട് അരയസമാജത്തിന് സമീപത്തുള്ള ആരോഗ്യ ഉപകേന്ദ്രത്തിലേക്ക് ശരിയായ വഴിയില്ല. സമീപത്തെ വീടുകളുടെ മുറ്റത്തു കൂടിയായിരുന്നു ജനങ്ങൾ എത്തിയിരുന്നത്.
സമീപത്തെ അമ്പിളി അങ്കണവാടിയിലേക്കുള്ള നടവഴി പ്രയോജനപ്പെടുത്തി ആരോഗ്യ കേന്ദ്രത്തിലേക്കു യാത്രാസൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. മാറാട് ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിച്ച് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇനിയെന്നു യാഥാർഥ്യമാകും എന്ന ചോദ്യമുയർന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

