കോഴിക്കോട്∙ തദ്ദേശ സ്ഥാപനങ്ങളിൽ വനിതാ സംവരണം ഏർപ്പെടുത്തിയകാലത്ത് ഏറെ സംശയത്തോടെയും പരിഹാസത്തോടെയുമാണ് പലരും സംവരണത്തെ കണ്ടത്. പഞ്ചായത്ത് പ്രസിഡന്റ് വനിതയാണെങ്കിൽ ഭരണം പിൻസീറ്റ് ഭരണമെന്ന് ആക്ഷേപിച്ചു.
വനിതാ പദ്ധതികൾ എന്നാൽ പതിവ് പദ്ധതികൾക്കൊപ്പം വനിത എന്നു കൂടി ചേർത്ത് വനിത കോഴി, വനിത ആട്, വനിത തൊഴുത്ത് എന്നു പരിഹസിച്ചു. എന്നാൽ സംവരണത്തിന്റെ ചുവടുപിടിച്ചു വന്ന വനിതകൾ തങ്ങൾ ഒട്ടും പിന്നിലല്ലെന്നു തെളിയിച്ചു.
50 ശതമാനം സംവരണ സീറ്റുകളും കടന്ന് ജനറൽ സീറ്റുകളിലേക്കും കൂടി സ്ത്രീകളുടെ മത്സരം നീളുമ്പോൾ പല കോണുകളിൽ നിന്നും ‘സംവരണം അവസാനിപ്പിക്കാൻ സമയമായി’ എന്ന് ഇപ്പോൾ മുറുമുറുപ്പ് ഉയരുന്നുണ്ട്. ‘തദ്ദേശ സ്ഥാപനങ്ങളിലെ സംവരണം കേരളത്തിലെ സ്ത്രീശാക്തീകരണത്തെ എത്രത്തോളം സഹായിച്ചു? ‘മാറിയ ലോകത്ത് സംവരണത്തിനു പ്രസക്തിയുണ്ടോ?’ തുടങ്ങിയ നിർണായക ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് വനിതകൾ.
സംവരണം വനിതകൾക്കു മുന്നോട്ടു വരാനുള്ള ആദ്യ പടിയാണ്. അവസരം കിട്ടുന്ന സ്ത്രീകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പിന്നീട് ജനറൽ സീറ്റിലേക്ക് ഞങ്ങളെ പരിഗണിക്കുന്നത് ഞങ്ങൾ നല്ലപോലെ പ്രവർത്തിക്കുന്നതു കൊണ്ടാണ്. സ്ത്രീ ഭൂരിപക്ഷമുള്ള ജില്ലയിൽ കൂടുതൽ സ്ത്രീകൾ പ്രതിനിധികളാകണം.
ചില കാര്യങ്ങൾ സ്ത്രീകളുമായി എളുപ്പത്തിൽ കമ്യൂണിക്കേറ്റ് ചെയ്യാൻ കഴിയും. ഞങ്ങൾ മെൻസ്ട്രൽ കപ്പുപയോഗിക്കുന്നുണ്ടെന്ന് സ്ത്രീകളോടു ഞങ്ങൾക്കു പറയാൻ കഴിയും.
കോർപറേഷൻ ഭിന്നശേഷി സൗഹൃദമായതു സ്ത്രീ പ്രതിനിധികളുടെ പ്രയത്നംക്കൊണ്ടാണ്. പുരുഷൻമാർക്ക് സ്ത്രീകളെ അംഗീകരിക്കാൻ മടിയുണ്ട്.
പാർട്ടിയുടെ നേതൃനിരയിലും സ്ത്രീകളുടെ എണ്ണം കുറവാണ്.
കെ.സി. ശോഭിത, കോഴിക്കോട് കോർപറേഷൻ, യുഡിഎഫ് പാർട്ടി ലീഡർ
സ്ത്രീകളെ ഒരു കാര്യത്തിലും പിന്നിൽ നിർത്തേണ്ട
കാര്യമില്ല. സ്ത്രീ സംവരണമുണ്ടായതുകൊണ്ടാണ് എന്റെ കഴിവുകൾ എനിക്കു തന്നെ ബോധ്യമായത്.
കാര്യങ്ങൾ ശാന്തമായി കേട്ട് കാര്യങ്ങൾ പരിഹരിക്കാനുള്ള കഴിവ് സ്ത്രീകൾക്കുണ്ട്. കഴിവുള്ള സ്ത്രീകൾ ഇപ്പോഴും വീടുകൾക്കകത്തുണ്ട്.
അവരെ പുറത്തേക്കു കൊണ്ടുവരാൻ കഴിഞ്ഞതിന്റെ ഒരു കാരണം സംവരണമാണ്. സംവരണ സീറ്റിൽ നിന്നു കഴിവു തെളിയിക്കുന്ന സ്ത്രീകളെ ആ സീറ്റ് ജനറലായി മാറിയാലും നിലനിർത്തുന്നത് അവിടെ ജയസാധ്യത ഉള്ളതു കൊണ്ടാണ്.
സ്ത്രീയാണു ഭരിക്കാൻ വരുന്നതെന്നു കാണുമ്പോൾ ചിലപ്പോൾ സീനിയറായ മെംബർമാർക്കും ഉദ്യോഗസ്ഥർക്കും ചില പ്രയാസങ്ങളുണ്ടാകും. നമ്മൾ നല്ല സ്ട്രോങ് ആണെന്നു മനസ്സിലാകുമ്പോൾ ആ എതിർപ്പ് ഒക്കെ അങ്ങു പോകും.
ദിവ്യ ഷിബു, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ്
പൊതുപ്രവർത്തനം എന്താണെന്നു പോലും അറിയാത്ത എനിക്ക് അവസരം കിട്ടിയത് സംവരണത്തിലൂടെയാണ്.
പക്ഷേ അവസരം കിട്ടിയപ്പോൾ ഞാൻ ആദ്യം സ്വയം ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഞാൻ ഡ്രൈവിങ് പഠിക്കുന്നത് ജനപ്രതിനിധി ആയതിനു ശേഷമാണ്.
അതുകൊണ്ട് ഏതാവശ്യത്തിനും ഏതു നേരത്തും ഇറങ്ങി പോകാൻ എനിക്കു സാധിക്കുന്നു. സംവരണത്തിലൂടെ സ്വയം ശാക്തീകരിക്കപ്പെട്ട
ആളാണു ഞാൻ. എന്തു കാര്യവും ക്ഷമയോടെ കേട്ടു നിൽക്കാൻ സ്ത്രീകൾക്കു കഴിയും.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാകാനും കൂടുതൽ സ്ത്രീകൾ പ്രതിനിധികളാകണം.
റഹ്മ പറോൽ, ഫറോക്ക് നഗരസഭാ കൗൺസിലർ
സംവരണം അവസാനിപ്പിക്കാറായിട്ടില്ല. ട്രാൻസ് ജെൻഡേഴ്സ് ഉൾപ്പെടെ മത്സര രംഗത്തേക്കു കടന്നുവരേണ്ടതുണ്ട്.
പെണ്ണിനു പെണ്ണിനോടെന്തും തുറന്നു പറയാൻ പറ്റും. ഇതു തന്നെയാണ് സ്ത്രീകൾ പ്രതിനിധികളായാലുള്ള ഗുണവും.
വളർന്നുവരുന്ന സ്ത്രീകളെ അടിച്ചമർത്താനുള്ള പ്രവണത സമൂഹത്തിനുണ്ട്. അതു തരണം ചെയ്താണ് എന്റെ കാലാവധി ഞാൻ പൂർത്തിയാക്കുന്നത്.
എനിക്കെതിരെ സമരങ്ങൾ നടന്നപ്പോഴും ഞാൻ ഭരണ സമിതിയിലെത്തി എന്റെ ഉത്തരവാദിത്തം നിറവേറ്റിയിട്ടുണ്ട്. എന്റെ പച്ചമാംസം തിന്നാൻ വന്നവർക്കെതിരെ പോരാടിയാണ് ഞാനിവിടെ നിൽക്കുന്നത്.
അഖില മര്യാട്ട്, നാദാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ്
…
FacebookTwitterWhatsAppTelegram

