കോഴിക്കോട്∙ ദേശീയപാത ബൈപാസിൽ പനാത്ത്താഴത്തിനും പാച്ചാക്കലിനും ഇടയിൽ അണ്ടർപാസ് വേണമെന്ന ആവശ്യം ശക്തമാകുന്നു. പനാത്ത്താഴത്തെ ജംക്ഷൻ അടച്ചു പൂട്ടിയതോടെ ബുദ്ധിമുട്ടിലായ യാത്രക്കാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്.
ബസിനു വരെ പോകാവുന്ന അണ്ടർപാസ് വേണമെന്നാണ് ആവശ്യം.
അപകടഭീഷണി മുന്നിൽക്കണ്ടാണു വ്യാഴാഴ്ച രാത്രി ഇവിടത്തെ അനധികൃത ജംക്ഷന്റെ മീഡിയൻ അടച്ചിട്ടത്. അതേസമയം, ഇരുഭാഗത്തേക്കുമുള്ള ക്രാഷ്ബാരിയർ 25 മീറ്ററോളം തുറന്നു കിടക്കുകയാണ്.
ഇതിലൂടെ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. ഇതിനു സമീപം രാമനാട്ടുകര ഭാഗത്തേക്കുള്ള പാതയിൽ പ്രവേശിക്കാനും വെങ്ങളം ഭാഗത്തേക്കുള്ള പാതയിൽ നിന്നു പുറത്തിറങ്ങാനും അനുവദിക്കപ്പെട്ട
വഴിയുണ്ട്.
മീഡിയൻ അടച്ചതോടെ, ഏതു വഴിക്കു നീങ്ങണമെന്ന ആശയക്കുഴപ്പം ഇന്നലെ പനാത്ത്താഴം നേതാജി നഗർ ജംക്ഷനിൽ പ്രകടമായിരുന്നു. ചിലർ ദേശീയപാതയിൽ കയറിയ ശേഷം ആശയക്കുഴപ്പത്തിൽ നിന്നു.
കോട്ടൂളി ഭാഗത്തു നിന്നു കുടിൽത്തോട് ഭാഗത്തേക്കു പോകേണ്ടവർ ഇവിടെ നിന്നു വലത്തോട്ടു തിരിഞ്ഞ്, തൊണ്ടയാട് ഫ്ലൈ ഓവറിനടിയിലൂടെ മറുഭാഗത്തേക്കു കടന്നു പനാത്ത്താഴം വഴി കുടിൽത്തോട് ഭാഗത്തേക്കു പോകാം.
കുടിൽത്തോട് ഭാഗത്തു നിന്നുള്ളവർക്കു ജംക്ഷനിൽ നിന്നു സർവീസ് റോഡിൽ ഇടത്തോട്ടു തിരിഞ്ഞ് തൊണ്ടയാട് ഫ്ലൈ ഓവറിന് അടിയിലൂടെ പനാത്ത്താഴം വഴി കോട്ടൂളിയിലെത്താം. ഇവിടെ, ഇന്നലെ ട്രാഫിക് പൊലീസ് ഉണ്ടായിരുന്നില്ല. അതേസമയം, പാച്ചാക്കലിൽ ദേശീയപാതയിലെ അനധികൃത ക്രോസിങ് തുടരുകയാണ്.
ഇവിടെ നിന്നു മെഡിക്കൽ കോളജിലേക്കുള്ള ഗോൾഫ് ലിങ്ക് റോഡിലേക്കും തിരിച്ചും ബസുകൾ അടക്കമുള്ള വാഹനങ്ങൾ ട്രാഫിക് പൊലീസ് കാവലിൽ കടത്തിവിടുന്നുണ്ട്.
മലാപ്പറമ്പ് ഓവർപാസിനും പാച്ചാക്കലിനും ഇടയിൽ ദേശീയപാത ബൈപാസിന്റെ ഇരുവശത്തും സർവീസ് റോഡ് പൂർത്തിയാകാത്തതാണ് ഇവിടെ അനധികൃത ക്രോസിങ്ങിനിടയാക്കിയത്. സർവീസ് റോഡ് പൂർത്തിയാകാതെ ഈ അനധികൃത ക്രോസിങ് അടയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്.
അതേസമയം, പൊലീസ് കാവൽ ഇല്ലെങ്കിൽ ഇവിടെയും അപകട സാധ്യത ഏറെയാണ്.
പനാത്ത്താഴത്തിനും പാച്ചാക്കലിനും ഇടയിൽ അണ്ടർപാസ് അനുവദിക്കുകയാണെങ്കിൽ ഈ പ്രശ്നങ്ങളെല്ലാം എളുപ്പം പരിഹരിക്കാമെന്നാണു യാത്രക്കാരുടെ അഭിപ്രായം.
അതേസമയം, ദേശീയപാത നിർമാണം 90 ശതമാനത്തിലേറെ പൂർത്തിയാകുകയും ദേശീയപാത അതോറിറ്റിയുടെ അന്തിമ പരിശോധനകൾ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത് എത്രത്തോളം പ്രായോഗികമാണെന്ന ചോദ്യവുമുണ്ട്. ജനപ്രതിനിധികൾ അടക്കമുള്ളവർ മുന്നിട്ടിറങ്ങിയാൽ നടപ്പാകാൻ പ്രയാസമുണ്ടാകില്ലെന്നാണു നാട്ടുകാരുടെ അഭിപ്രായം.
കോൺഗ്രസ് ഉപരോധം നാളെ
കോഴിക്കോട്∙ പനാത്ത്താഴം–നേതാജി നഗറിൽ ദേശീയപാതയിലെ ക്രോസിങ്ങിനു പകരം സംവിധാനം ഏർപ്പെടുത്താതെ നിലവിലെ വഴി കെട്ടിയടച്ചു ജനങ്ങളുടെ യാത്രാ സൗകര്യം തടസ്സപ്പെടുത്തിയ ദേശീയപാത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചു ചേവായൂർ ബ്ലോക്ക് കോൺഗ്രസ് എൻഎച്ച്എഐ ഓഫിസ് ഉപരോധിക്കും.
നാളെ രാവിലെ 10ന് ഉപരോധം ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും. ചേവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.വി.ബിനീഷ് കുമാർ അധ്യക്ഷത വഹിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]