
കോഴിക്കോട് ∙ ട്രാൻസ്ജെൻഡേഴ്സിനെ ഉൾക്കൊള്ളുന്ന സമൂഹമായി കേരളത്തെ മാറ്റണമെന്ന് മന്ത്രി ആർ.ബിന്ദു. സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 21, 22, 23 തീയതികളിൽ കോഴിക്കോട്ട് നടക്കുന്ന ‘വർണപ്പകിട്ട്’ ട്രാൻസ്ജെൻഡർ കലോത്സവത്തിന്റെ സംഘാടകസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പരാതികളില്ലാതെ കലോത്സവം നടത്താൻ കൂട്ടായ പ്രവർത്തനം വേണമെന്നും അവർ പറഞ്ഞു. കലോത്സവ മാനുവലിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
കോർപറേഷൻ മേയർ ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. എല്ലാവരെയും ചേർത്തുപിടിക്കുന്ന കോഴിക്കോട് ജനകീയ പിന്തുണയോടെയും വൻപങ്കാളിത്തത്തോടെയും പരിപാടി നടത്തുമെന്ന് മേയർ പറഞ്ഞു.
ട്രാൻസ്ജെൻഡർ നയം നടപ്പാക്കിയ മറ്റു സംസ്ഥാനങ്ങളിലെ പ്രതിനിധികളെയും മറ്റും ഉൾപ്പെടുത്തിയുള്ള ദേശീയ സമ്മേളനം വർണപ്പകിട്ടിലെ മുഖ്യ പരിപാടികളിലൊന്നായി 21ന് നടക്കും.
ട്രാൻസ്ജെൻഡർ / ക്വിയർ സംബന്ധിയായ വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചകളും ട്രാൻസ്ജെൻഡർ വിഷയം പ്രമേയമാക്കിയുള്ള ഫിലിം ഫെസ്റ്റിവലും അന്ന് നടക്കും. 22, 23 തീയതികളിൽ കലാപരിപാടികൾ അരങ്ങേറും.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ഈ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സിബിഒ / എൻജിഒകൾക്കും ട്രാൻസ്ജെൻഡർ ക്ഷേമ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിച്ചു നടപ്പാക്കിയ തദ്ദേശ സ്ഥാപനങ്ങൾക്കും പുരസ്കാരം നൽകും.
സ്റ്റേജിനത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്നവരെ ‘കലാരത്നം’ ആയും സ്റ്റേജിതരയിനത്തിൽ കൂടുതൽ പോയിന്റ് ലഭിക്കുന്നവരെ ‘സർഗപ്രതിഭ’ ആയും തിരഞ്ഞെടുക്കും. ഗ്രൂപ്പ്, വ്യക്തിഗതയിനങ്ങളിൽ എ ഗ്രേഡ് നേടുന്ന ടീമിനും വ്യക്തിക്കും ക്യാഷ് പ്രൈസും നൽകും.
കലോത്സവത്തിന് മുന്നോടിയായി ഓഗസ്റ്റ് 21ന് വൈകിട്ട് വർണാഭമായ ഘോഷയാത്ര നടക്കും. ഫ്ലാഷ് മോബ് ഉൾപ്പെടെ അനുബന്ധ പരിപാടികളും ഒരുക്കുന്നുണ്ട്.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്, അസി. ഡയറക്ടർ ഷീബ മുംതാസ്, സാമൂഹികനീതി ഓഫിസർ എം.അഞ്ജു, സംസ്ഥാന ട്രാൻസ്ജെൻഡർ ബോർഡ് അംഗം നേഹ, ട്രാൻസ്ജെൻഡർ ജില്ലാ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ അനുരാധ, അനാമിക, നഗ്മ സുസ്മി, ടി.ജി.സെൽ പ്രോജക്ട് ഓഫിസർ ശ്യാമപ്രഭ തുടങ്ങിയവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]