
കോഴിക്കോട് ∙ കുണ്ടൂപറമ്പ് പകൽ വീടിനെ സാമൂഹികനീതി വകുപ്പിന്റെ ജില്ലയിലെ മാതൃകാ സായംപ്രഭാ ഹോം ആയി ഏറ്റെടുക്കുമെന്ന് മന്ത്രി ആർ.ബിന്ദു. പകൽ വീട് സന്ദർശനത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്.
വയോജനങ്ങൾക്കുള്ള എല്ലാ പിന്തുണയും സാമൂഹികനീതി വകുപ്പ് ഉറപ്പുവരുത്തും. കുടുംബാന്തരീക്ഷത്തിൽ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങളെ ചേർത്തുനിർത്തുന്ന പകൽ വീടുകളെ എന്നും നിലനിർത്തുമെന്നും മന്ത്രി പറഞ്ഞു.
അതിഥിയായെത്തിയ മന്ത്രിക്ക് രുചികരമായ ഉച്ചഭക്ഷണം പകൽ വീട്ടിലെ അംഗങ്ങൾ ഒരുക്കിയിരുന്നു.
മന്ത്രിയുമായി അനുഭവങ്ങളും പങ്കുവച്ചു. കുണ്ടൂപറമ്പ് ഹെൽത്ത് സെന്ററിനോട് ചേർന്ന് പ്രവർത്തിക്കുന്ന പകൽ വീട്ടിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 634 പേരാണ് അംഗങ്ങളായുള്ളത്.
അൻപതിലധികം പേർ ദിവസവും എത്തും. രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെയാണ് പ്രവർത്തനം.
മൂന്ന് നേരം ഭക്ഷണം, കലാപരിപാടികൾ, പുസ്തകവായന തുടങ്ങിയ സൗകര്യങ്ങളുണ്ട്. അംഗങ്ങൾ ചേർന്ന് ഹാൻഡ്വാഷ്, ഡിഷ് വാഷ് തുടങ്ങിയവ നിർമിച്ച് വിൽപനയും നടത്തുന്നു.
ജനകീയ കമ്മിറ്റി രൂപീകരിച്ച് കോർപറേഷന്റെ സഹകരണത്തോടെയാണ് പകൽ വീടിന്റെ പ്രവർത്തനം.
കോർപറേഷന്റെ കെയർടേക്കറും വൊളന്റിയർമാരും ചേർന്നാണ് ഭക്ഷണമൊരുക്കുന്നത്. മാതൃകാ സായംപ്രഭാ ഹോം ആയി പകൽ വീടിനെ ഏറ്റെടുക്കുന്നതോടെ കൂടുതൽ കുക്കിങ്-ക്ലീനിങ് സ്റ്റാഫുകളുടെ നിയമനം, ഫിസിയോതെറാപ്പിസ്റ്റുമാരുടെ സേവനം തുടങ്ങിയവ ലഭ്യമാകും.
പകൽ വീട് സന്ദർശനത്തിൽ മേയർ ബീന ഫിലിപ്, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ ദിവാകരൻ, വാർഡ് കൗൺസിലർ കെ.റീജ, പകൽ വീട് കൺവീനർ ടി.എസ്. ഷിംജിത്ത്, കമ്മിറ്റി അംഗങ്ങളായ ഭാസ്കരൻ, കുട്ടികൃഷ്ണൻ, സുഗീഷ്, സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
∙ പകൽവീട്ടിലെ സ്നേഹത്തണലിൽ സൗഹൃദം പങ്കിട്ട് മന്ത്രി
‘‘ഞങ്ങളെ നോക്കാൻ ആരുമില്ല സാറേ, കുറെ കാലമായി ഈ പകൽ വീട്ടിലെ മനുഷ്യരാണ് ഞങ്ങളുടെ പ്രിയപ്പെട്ടവർ.’’ മന്ത്രി ആർ.ബിന്ദു കാണാനെത്തിയപ്പോൾ കുണ്ടൂപറമ്പ് പകൽ വീട്ടിലെ അംഗമായ രാധയുടെ പരിഭവം ഇങ്ങനെയായിരുന്നു.
ഇങ്ങനെ പകൽ വീട്ടിലെ ഓരോരുത്തർക്കും പലതരത്തിലുള്ള ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കാനുണ്ടായിരുന്നു. ഇതിനിടെ പലരുടെയും കണ്ണുകളിൽ നനവ് പടർന്നു.
വേദനകൾ മിന്നിമറയുമ്പോഴും എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു – ‘‘ഈ പകൽ വീടാണ് ഞങ്ങളുടെ സ്വർഗം.’’
മാനസിക-ശാരീരിക പ്രയാസങ്ങൾ ഒരുപോലെ അലട്ടുന്ന 55കാരനായ സുധീർ ജീവിതം തിരിച്ചുപിടിച്ചത് പകൽ വീട്ടിലെ സ്നേഹം കൊണ്ടുമാത്രമാണ്. മാനസിക രോഗിയെന്ന് പറഞ്ഞ് ബന്ധുക്കളാൽ അകറ്റി നിർത്തപ്പെട്ട
സുധീർ ഭക്ഷണം കഴിക്കാനോ മറ്റുള്ളവരോട് സംസാരിക്കാനോ കഴിയാത്ത നിലയിലാണ് പകൽവീട്ടിലെത്തിയത്. ഇവിടത്തെ സ്നേഹവും സൗഹൃദവും ജീവിതത്തിൽ വെളിച്ചമായപ്പോൾ മാറ്റം അതിവേഗമായിരുന്നു.
മന്ത്രിയോട് സംസാരിക്കാൻ ആദ്യം തയാറായി എത്തിയതും സുധീറായിരുന്നു.
‘‘ഞങ്ങൾക്ക് വിമാനം കയറാൻ വലിയ ആഗ്രഹമാണ്, മന്ത്രി എന്തെങ്കിലും ചെയ്തുതരണം’’ – എന്നായിരുന്നു റീത്തയുടെ ആവശ്യം. പകൽ വീടിനു വേണ്ടി വിനോദ സഞ്ചാര പാക്കേജുകൾ കൊണ്ടുവരാൻ ശ്രമിക്കാം എന്നായിരുന്നു മന്ത്രിയുടെ മറുപടി.
മക്കളുടെ അവഗണനയും കുത്തുവാക്കുകളും സഹിക്കാനാകാതെ പകൽ വീട്ടിലെത്തിയ ഹരിദാസൻ മന്ത്രിക്കു മുൻപിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അനുഭവം പങ്കുവച്ചത്. പലരുടെയും പൊള്ളുന്ന ജീവിതാനുഭവങ്ങൾ കേട്ടറിഞ്ഞ മന്ത്രി അവരെ ആശ്വസിപ്പിക്കുകയും പുതിയ പ്രതീക്ഷകൾ പകരുകയും ചെയ്തു.
പകൽവീടിന്റെ സ്നേഹത്തണലിൽ അംഗങ്ങൾക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് മന്ത്രി മടങ്ങിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]