
ബേപ്പൂർ∙ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി യന്ത്രവൽകൃത ബോട്ടുകളിൽ ട്രാൻസ്പോണ്ടർ ഉപകരണങ്ങൾ ഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് അതിവേഗം. 400 ട്രാൻസ്പോണ്ടറുകൾ അനുവദിച്ച ജില്ലയിൽ ഇതിനകം 200 എണ്ണം സ്ഥാപിച്ചു.
ബേപ്പൂർ, പുതിയാപ്പ ഹാർബറുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ഇൻസ്റ്റലേഷൻ പൂർത്തിയാകുന്നതോടെ അടുത്ത ഘട്ടമായി വള്ളങ്ങളിലും ട്രാൻസ്പോണ്ടർ സ്ഥാപിക്കും.കടലിൽ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ തത്സമയ ആശയവിനിമയം ഉറപ്പാക്കുന്നതിനും യാനങ്ങൾ പെട്ടെന്നു കണ്ടെത്തി രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും കേന്ദ്രാവിഷ്കൃത പദ്ധതിയിലാണ് ഫിഷറീസ് വകുപ്പ് നേതൃത്വത്തിൽ ബോട്ടുകളിൽ ട്രാൻസ്പോണ്ടർ ഘടിപ്പിക്കുന്നത്.
ചുഴലിക്കാറ്റ്, സൂനാമി മുന്നറിയിപ്പുകൾ, മത്സ്യബന്ധന മേഖലയിലെ മറ്റു വിവരങ്ങൾ, തത്സമയ കാലാവസ്ഥാ അറിയിപ്പുകൾ എന്നിവ കൈമാറുന്ന നബ്മിത്ര ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചാണ് ബോട്ടുടമകൾക്കു വിരൽത്തുമ്പിൽ വിവരങ്ങൾ ലഭ്യമാക്കുന്നത്. ബോട്ടുടമകളുടെ മൊബൈൽ ഫോണുകളുമായി ട്രാൻസ്പോണ്ടർ ബന്ധിപ്പിച്ച് ഉപഗ്രഹം വഴി കടലിലെ സാഹചര്യങ്ങളിൽ, ദുരന്ത മുന്നറിയിപ്പുകൾ, ലൊക്കേഷൻ ട്രാക്കിങ്, അടിയന്തര പ്രതികരണം എന്നിവ ലഭ്യമാക്കും.
40,000 രൂപ വില വരുന്ന ഉപകരണം തികച്ചും സൗജന്യമായാണ് ആദ്യഘട്ടത്തിൽ ബോട്ടുകളിൽ സ്ഥാപിക്കുന്നത്.
സാധാരണ മൊബൈൽ ഫോൺ നെറ്റ്വർക്കുകൾ ലഭിക്കാത്ത വിദൂര സമുദ്ര മേഖലകളിൽ പോലും ട്രാൻസ്പോണ്ടർ ഉപഗ്രഹ അധിഷ്ഠിത കണക്ടിവിറ്റി ഉറപ്പാക്കും എന്നതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് തീരസംരക്ഷണ സേന, തീരദേശ പൊലീസ് എന്നിവർക്ക് സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും സാധ്യമാകുമെന്നത് സവിശേഷതയാണ്.
മലയാളം ഉൾപ്പെടെ 8 ഭാഷകളിൽ ആശയവിനിമയം നടത്താൻ സൗകര്യമുണ്ട്. ആഴക്കടലിൽ മത്സ്യ സമ്പന്നമായ പ്രദേശങ്ങൾ തിരിച്ചറിയുന്നതിനും ഈ ഉപകരണം സഹായകമാണ്.
ഇതിനാൽ ആഴക്കടൽ മത്സ്യബന്ധനം കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കാൻ കഴിയുമെന്നാണു വിലയിരുത്തൽ. സംസ്ഥാനത്തെ മുഴുവൻ ബോട്ടുകളിലും വള്ളങ്ങളിലും ട്രാൻസ്പോണ്ടർ ഘടിപ്പിക്കാനാണ് പദ്ധതിയെന്നും ഇതുവഴി ബോട്ടുകളിൽ അപകട
സാധ്യത കുറയ്ക്കാനുമെന്നും ഫിഷറീസ് അധികൃതർ സൂചിപ്പിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]