
സ്വകാര്യ ബസ് ബൈക്കിലിടിച്ച് വിദ്യാർഥിയുടെ മരണം: അപകട ദൃശ്യങ്ങൾ പുറത്ത്
പേരാമ്പ്ര ∙കോളജ് വിദ്യാർഥിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
ഡ്രൈവർ വാണിമേൽ സ്വദേശി പി.കെ.ഇസ്മായിലിന്റെ ലൈസൻസാണ് ഇന്നലെ മുതൽ 6 മാസത്തേക്ക് ജോയിന്റ് ആർടിഒ ടി.കെ.പ്രഗീഷ് സസ്പെൻഡ് ചെയ്തത്. പൊലീസ് സ്റ്റേഷനിൽ നിന്നു റിപ്പോർട്ട് വാങ്ങിയ ശേഷമാണ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
വാഹനം അശ്രദ്ധമായും അമിത വേഗത്തിലുമാണ് ഓടിച്ചിരുന്നതെന്ന് എംവിഐയുടെ അന്വേഷണ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2 മണിയോടെയാണു സംസ്ഥാന പാതയിൽ പേരാമ്പ്ര സെന്റ് ഫ്രാൻസിസ് പള്ളിക്ക് സമീപം ബസ് ബൈക്കിൽ ഇടിച്ച് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരൻ മുളിയങ്ങൽ ചെക്ക്യോലത്ത് ഷാദിൽ (19) ആശുപത്രിയിലേക്കുള്ള വഴിയിൽ മരിച്ചു.അതിനിടെ, വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.
അമിത വേഗത്തിൽ ദിശ തെറ്റിച്ചാണ് ബസ് വന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. മുൻപിൽ പോയ കാറിനെ മറികടക്കാൻ ശ്രമിക്കവെയാണ് ബസ് ബൈക്കിൽ ഇടിച്ചത്.
ഷാദിൽ ബൈക്ക് വെട്ടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിനുള്ള സ്ഥലവും അവസരവും കിട്ടാതെ ബസിനടിയിൽ പെടുകയായിരുന്നു. പേരാമ്പ്ര ഡിഗ്നിറ്റി കോളജിൽ രണ്ടാം വർഷ വിദ്യാർഥിയായിരുന്ന ഷാദിൽ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം.
കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകളുടെ മത്സരഓട്ടത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പേരാമ്പ്രയിൽ നടത്തിയ പ്രകടനം.
അതിനിടെ, ബസ് അപകടത്തിൽ വിദ്യാർഥി മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധം തുടരുകയാണ്. ബസിന്റെ അമിത വേഗവും അശ്രദ്ധയും മാത്രമല്ല, ലഹരി ഉപയോഗവും അപകട
കാരണമായെന്ന് പരക്കെ ആക്ഷേപമുണ്ട്. നാദാപുരം കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സേഫ്റ്റി ബസ് പേരാമ്പ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
അപകടം ഉണ്ടാക്കിയ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാരും സഹപാഠികളും തെരുവിലിറങ്ങിയിരുന്നു. ഡ്രൈവറെ അറസ്റ്റ് ചെയ്യുമെന്ന് പേരാമ്പ്ര ഇൻസ്പെക്ടർ എം.ജംഷിദിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി ഉറപ്പ് നൽകിയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ഇന്നലെ നൊച്ചാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും എംഎസ്എഫ് നിയോജക മണ്ഡലം കമ്മിറ്റിയും കെഎസ്യു നിയോജക മണ്ഡലം കമ്മിറ്റിയും ഡിവൈഎഫ്ഐയും പ്രതിഷേധവുമായി എത്തി.ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്ന ആവശ്യവുമായി കെഎസ്യു നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നേതാക്കൾ ജോയിന്റ് ആർടിഒ ഓഫിസിൽ കുത്തിയിരിപ്പ് സമരം നടത്തി. ജോയിന്റ് ആർടിഒ ടി.കെ.പ്രഗീഷ് സമരക്കാരുമായി ചർച്ച നടത്തി.
ലൈസൻസ് സസ്പെൻഡ് ചെയ്യാതെ തിരിച്ചു പോകില്ലെന്ന് കെഎസ്യു നേതാക്കൾ പറഞ്ഞതോടെ ജോയിന്റ് ആർടിഒ പൊലീസും എംവിഐ അടക്കമുള്ളവരുമായി ചർച്ച നടത്തി. ഒരു മണിക്കൂറിൽ അധികം നീണ്ട
ചർച്ചയുടെ അവസാനം ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി അറിയിക്കുകയായിരുന്നു. നടപടി ആവശ്യപ്പെട്ട് എംഎസ്എഫ് നിയോജകമണ്ഡലം കമ്മിറ്റി
പേരാമ്പ്ര ജോ.
ആർടിഒ ഓഫിസിലേക്ക് നടത്തിയ മാർച്ച്.
അപകടം ഉണ്ടാക്കുന്ന വാഹനങ്ങളുടെ പെർമിറ്റ് 6 മാസത്തേക്ക് റദ്ദാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കാൻ തയാറാകണമെന്ന് ഡിസിസി സെക്രട്ടറി മുനീർ എരവത്ത് ആവശ്യപ്പെട്ടു.നൊച്ചാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പേരാമ്പ്ര ആർടിഒ ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർച്ച് മിനി സിവിൽ സ്റ്റേഷൻ കവാടത്തിൽ പൊലീസ് തടഞ്ഞു.
പ്രസിഡന്റ് വി.വി.ദിനേശൻ അധ്യക്ഷത വഹിച്ചു. കെ.മധു കൃഷ്ണൻ, സി.കെ.അജീഷ്, റഫീഖ് കല്ലോത്ത്, ഗീത കല്ലായി, ആദിൽ മുണ്ടിയത്ത്, ഒ.എം.രാജൻ, ഷിജു കെ.ദാസ്, ഇ.ടി.ഹമീദ്, കെ.വി.ശശികുമാർ, പി.മുനീർ എന്നിവർ പ്രസംഗിച്ചു.കുറ്റ്യാടി –കോഴിക്കോട് റൂട്ടിൽ മത്സരയോട്ടം നടത്തുന്ന സ്വകാര്യ ബസുകളെ നിലയ്ക്ക് നിർത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പേരാമ്പ്രയിൽ പ്രകടനം നടത്തി. ബസ് ബൈക്കിൽ ഇടിച്ച് വിദ്യാർഥി മരിക്കാൻ ഇടയാക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പേരാമ്പ്ര ആർടിഒ ഓഫിസിലേക്ക് മാർച്ച് നടത്തി.
മാർച്ച് മിനി സിവിൽ സ്റ്റേഷൻ കവാടത്തിൽ പൊലീസ് തടഞ്ഞു. ജില്ലാ സെക്രട്ടറി നിയാസ് കക്കാട് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ദിൽഷാദ് കുന്നിക്കൽ അധ്യക്ഷത വഹിച്ചു. ഷുഹൈബ് അരിക്കുളം പ്രസംഗിച്ചു.
സമരത്തിനിടെ നേതാക്കൾ ആർടിഒയുമായി ചർച്ച നടത്തി. കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ അമിത വേഗവും അശ്രദ്ധയും അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആർടിഒ ഉറപ്പ് നൽകിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്.
നൊച്ചാട് മണ്ഡലം കമ്മിറ്റി കോൺഗ്രസ് കമ്മിറ്റി പേരാമ്പ്ര ജോ. ആർടിഒ ഓഫിസിലേക്ക് നടത്തിയ മാർച്ച് ഡിസിസി സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്യുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]