
മലാപ്പറമ്പ് – വെങ്ങളം 13 കിലോമീറ്റർ ആറുവരിപ്പാത 2 ദിവസത്തിനകം തുറക്കും
കോഴിക്കോട് ∙രാമനാട്ടുകര – വെങ്ങളം ബൈപാസിൽ മലാപ്പറമ്പ് മുതൽ വെങ്ങളം വരെ 13 കിലോമീറ്റർ ആറുവരിപ്പാത 2 ദിവസത്തിനകം ഗതാഗതത്തിനു തുറക്കും. പൂളാടിക്കുന്നു മേൽപാലത്തിന്റെ ഒരു ഭാഗത്തും അമ്പലപ്പടി, വെങ്ങളം ഭാഗത്തും പെയിന്റ് അടിക്കുന്നത് ഉൾപ്പെടെയുള്ള മിനുക്കുപണികൾ നടക്കുകയാണ്.
തെരുവുവിളക്കുകളും സ്ഥലനാമ ദിശാബോർഡുകളും ട്രാഫിക് സൈൻ ബോർഡുകളും സ്ഥാപിക്കുന്നുണ്ട്.13 കിലോമീറ്റർ റീച്ചിൽ കോരപ്പുഴയിൽ രണ്ടാമത്തെ പഴയ പാലത്തിലെ ഒരു ഭാഗം കോൺക്രീറ്റിങ് കഴിഞ്ഞു. ബാക്കി 10 സ്പാനിൽ അടുത്ത ദിവസം കോൺക്രീറ്റിങ് നടക്കും.
വെങ്ങളം – രാമനാട്ടുകര 28 കിലോമീറ്ററിൽ തൊണ്ടയാട് ആഴാതൃക്കോവിൽ – രാമനാട്ടുകര വരെ 14 കിലോമീറ്റർ നേരത്തെ തുറന്നിരുന്നു. ഈ റീച്ചിൽ അറപ്പുഴ പാലം അപ്രോച്ച് റോഡ് നിർമാണം തുടരുന്നുണ്ട്.
ശേഷിക്കുന്ന 1.4 കിലോമീറ്ററിൽ മലാപ്പറമ്പ് ജംക്ഷനിലും അറപ്പുഴ പാലത്തിനു സമീപവും ഒരു മാസം കൊണ്ടു നിർമാണം പൂർത്തീകരിക്കാനാകുമെന്നു കരാർ കമ്പനിയായ കെഎംസി ഉദ്യോഗസ്ഥർ അറിയിച്ചു. വെങ്ങളം മുതൽ മലാപ്പറമ്പ് വരെ ദേശീയപാതയിലേക്കു സർവീസ് റോഡിൽനിന്നു കയറാൻ അമ്പലപ്പടി, വേങ്ങേരി, മലാപ്പറമ്പ് പ്രോവിഡൻസ് കോളജ് റോഡ് ജംക്ഷൻ എന്നിവിടങ്ങളിൽ മാത്രമേ സൗകര്യമുള്ളു.2025 മേയ് 27ന് അകം നിർമാണം പൂർത്തീകരിക്കണമെന്നാണു കെഎംസിക്ക് ദേശീയപാത അതോറിറ്റി കാലാവധി നൽകിയത്. ഇതിനകം ഈ മേഖലയിലെ റോഡ് പൂർണമായി തുറക്കാൻ കഴിയുമെന്നു കെഎംസി പിആർഒ പി.വിശ്വൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]