
സ്റ്റാൻഡ് വിട്ടു പോകണം..;യാത്രക്കാർക്കു നിന്നു തിരിയാൻ ഇടമില്ലാത്ത വിധത്തിൽ തെരുവു കച്ചവടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙മാവൂർ റോഡ് പുതിയ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കു നിന്നു തിരിയാൻ ഇടമില്ലാത്ത വിധത്തിൽ തെരുവു കച്ചവടം. പ്രതിദിനം അരലക്ഷത്തോളം യാത്രക്കാർ ഉപയോഗിക്കുന്ന സ്റ്റാൻഡിലാണ് ഈ ദുരവസ്ഥ. ബസ് ബേയ്ക്ക് മധ്യത്തിൽ 16 ബങ്കുകൾക്ക് കോർപറേഷൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും യാത്രക്കാർ നടക്കുന്ന വഴിയിലും വിശ്രമസ്ഥലത്തും കവാടത്തിലും ബസ് കയറുന്നതിന്റെ സമീപത്തുമായി 41 തെരുവു കച്ചവടക്കാരാണുള്ളത്. രാവിലെ 8 മുതൽ രാത്രി 8 വരെ കച്ചവടം നീളും.ചില തെരുവു കച്ചവടക്കാർക്കു കോർപറേഷൻ താൽക്കാലിക അനുമതി നൽകിയിട്ടുണ്ടെന്നു പറയുന്നു. ഇതിന്റെ മറവിൽ ഒട്ടേറെ കച്ചവടക്കാർ പൊതു സ്ഥലം കയ്യേറി യാത്രക്കാർക്കു വഴി തടസ്സപ്പെടുത്തിയാണ് കച്ചവടം തുടരുന്നത്. നേരത്തേ, കവാടത്തിൽ അംഗ പരിമിതനായ വ്യക്തിക്കു പ്രസിദ്ധീകരണങ്ങളുടെ വിൽപനയ്ക്കും 2 മിൽമ പാർലറിനും മാത്രമാണ് സ്ഥലം അനുവദിച്ചത്.
ആരോഗ്യ പരിശോധന കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്.ജില്ലയിൽ നിന്നു തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ഭാഗത്തേക്കും ജില്ലയിലെ ഉൾനാടൻ പ്രദേശങ്ങളിലേക്കുമായി സ്റ്റാൻഡിൽ നിന്നു പ്രതിദിനം 1,370 സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. കെഎസ്ആർടിസി ദീർഘ ദൂര ബസുകളും കയറി ഇറങ്ങുന്നുണ്ട്. രാവിലെ 9 കഴിഞ്ഞാൽ ബസ് സ്റ്റാൻഡ് കവാടം വഴി കയറാൻ കഴിയാത്ത വിധം തെരുവു കച്ചവടക്കാർ കയ്യടക്കുന്നുവെന്നാണ് പരാതി. സ്റ്റാൻഡിൽ നിന്നു ബസ് മാർഗം കയറ്റി അയയ്ക്കുന്ന പാഴ്സൽ സൂക്ഷിക്കുന്നതും യാത്രക്കാർ വിശ്രമിക്കുന്ന സ്ഥലത്താണ്.സ്റ്റാൻഡിൽ പോക്കറ്റടിക്കാരും മദ്യപരും യാത്രക്കാർക്കും സ്ത്രീകൾക്കും ശല്യമാകുന്നതായും പരാതിയുണ്ട്. നേരത്തേ, കസബ പൊലീസ് സ്റ്റാൻഡിൽ പരിശോധന നടത്തി അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നു. ഇപ്പോൾ പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും നടപടിയില്ല.