കോഴിക്കോട് ∙ കേരള ഭാഗ്യക്കുറി സമ്മാന ജേതാക്കൾക്കു നോട്ടിസ് അയച്ച് ആദായനികുതി വകുപ്പ്. ആരോഗ്യ–വിദ്യാഭ്യാസ സെസ്, സർചാർജ് എന്നിവയും ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാത്തതിനുള്ള പിഴയും പലിശയും അടക്കം വൻ തുക അടയ്ക്കാൻ ആവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പിന്റെ നോട്ടിസ്.
12% ഏജന്റ് കമ്മിഷനും ഇതു കഴിച്ചുള്ള തുകയ്ക്ക് 30% ആദായനികുതിയും ഈടാക്കിയ ശേഷമാണ് സമ്മാന ജേതാക്കൾക്കു ലോട്ടറി വകുപ്പ് സമ്മാനത്തുക നൽകുന്നത്. അതായത്, ഒരു കോടി രൂപയുടെ സമ്മാനത്തിൽ നിന്നു 12 ലക്ഷം രൂപ കമ്മിഷൻ ഇനത്തിലും 26.40 ലക്ഷം രൂപ ആദായനികുതി ഇനത്തിലും ഈടാക്കിയ ശേഷം 61.6 ലക്ഷം രൂപയാണ് ലോട്ടറി വകുപ്പ് സമ്മാന ജേതാവിനു നൽകുക. അതേസമയം, 4% വിദ്യാഭ്യാസ–ആരോഗ്യ സെസ്, കമ്മിഷൻ കഴിച്ചുള്ള തുക 50 ലക്ഷം രൂപയ്ക്കു മുകളിലാണെങ്കിൽ 10% സർചാർജ് എന്നിവയും സമ്മാന ജേതാക്കൾ അടയ്ക്കേണ്ടതുണ്ട്.
ഇത് മിക്ക ജേതാക്കൾക്കും അറിയില്ല. മാത്രമല്ല, ആദായനികുതി അടച്ചുവെന്നു സമാധാനിച്ച്, ആ വർഷത്തെ ആദായനികുതി റിട്ടേൺ പോലും മിക്കവരും ഫയൽ ചെയ്യാറുമില്ല.
ഇതാണിപ്പോൾ കുരുക്കാകുന്നത്. ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ വൈകിയ വർഷങ്ങളും അടയ്ക്കാൻ ബാക്കിയായ തുകയും (സർചാർജ്, സെസ് ഇനത്തിലുള്ളത്) അടിസ്ഥാനമാക്കിയുള്ള പിഴയും ഒരു ശതമാനം പ്രതിമാസ പലിശയും സമ്മാന ജേതാക്കൾ അടയ്ക്കേണ്ടി വരും.
നിശ്ചിത സമയത്തിനു ശേഷം ഒരു വർഷത്തിനകം നികുതിത്തുകയുടെ 25 ശതമാനവും 2 വർഷത്തിനകമാണെങ്കിൽ 50 ശതമാനവും അടച്ച് ആദായനികുതി റിട്ടേൺ സമർപ്പിക്കാം. പക്ഷേ ജേതാക്കളിൽ ഭൂരിഭാഗവും 2 വർഷ കാലാവധി പിന്നിട്ടതിനാൽ ഈ പരിധിയിൽ വരില്ല.
അതു കൊണ്ടു തന്നെ ഇവർക്ക് പിഴ 100% വരെ വന്നേക്കാം.
ഭാഗ്യവാന്മാരേ ശ്രദ്ധിക്കൂ
സമ്മാനം നേടിയ വർഷത്തെ ആദായനികുതി റിട്ടേൺ നിർബന്ധമായും സമർപ്പിക്കണം. ലോട്ടറി വകുപ്പ് സമ്മാനത്തുകയിൽ നിന്നു പിടിച്ച ആദായനികുതിക്കു പുറമേ മറ്റെന്തെങ്കിലും ഇനത്തിൽ തുക അടയ്ക്കാനുണ്ടോയെന്ന് ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ വ്യക്തമാകും.
ഇതിനു ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സഹായം തേടുന്നതു പ്രയോജനം ചെയ്യും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

