കോഴിക്കോട്∙ ഇത്തവണയും പതിവു പോലെ പി.എം.നിയാസിന്റെ വീട്ടിൽ ക്രിസ്മസ് ട്രീ ഒരുങ്ങിയിട്ടുണ്ട്. പെരുന്നാളും ഓണവും ക്രിസ്മസും ഒരു പോലെ ആഘോഷിക്കുന്ന തനി കോഴിക്കോട്ടുകാരനാണ് നിയാസ്.
കോഴിക്കോട് കോർപറേഷൻ യുഡിഎഫിന്റെ മേയർ സ്ഥാനാർഥിയായി പാറോപ്പടി ഡിവിഷനിൽ മത്സരിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കിലും ആ ശീലത്തിനു മാറ്റമില്ല.
മലയാള മനോരമയുടെ ‘ ബ്രേക്ക്ഫാസ്റ്റ് ടോക്ക്’ പരിപാടിയിൽ പങ്കെടുത്ത് കെപിസിസി ജന.സെക്രട്ടറിയും അഭിഭാഷകനുമായ പി.എം.നിയാസ് മനസു തുറക്കുന്നു. ഭാര്യ ഹസ്നയും മകൻ നിധാം നിയാസും കൂടെയുണ്ട്.
മനസ്സിലുണ്ട് വൈബ്രന്റ് കോഴിക്കോട്
‘‘ലളിതമായ ഭക്ഷണമാണ് ശീലം.
നഗരത്തിലുണ്ടെങ്കിൽ എന്തു തിരക്കാണെങ്കിലും വീട്ടിൽ വന്നു ഭക്ഷണം കഴിക്കണം. ഭക്ഷണ കാര്യത്തിലെ ഒരേ ഒരു നിബന്ധന അതു മാത്രമാണ്.
’’– ബ്രേക്ക്ഫാസ്റ്റിനൊപ്പം പി.എം.നിയാസ് പറഞ്ഞു തുടങ്ങി.തിരഞ്ഞെടുപ്പ് പര്യടനം ചൂടു പിടിക്കുകയാണ്. ഒറ്റ കാര്യമേ വോട്ടർമാരോട് ചോദിക്കാറുള്ളൂ, ‘‘ഇങ്ങനെ മതിയോ നമ്മുടെ കോഴിക്കോട്?’’.
ഓരോ വോട്ടർമാരും തല കുലുക്കി പറയുന്നുണ്ട്.‘‘ ‘‘ഇതു പോര, കോഴിക്കോട് വൈബ്രന്റ് ആയി മാറണം’’ .അതു തന്നെയാണു ഞങ്ങൾ പറയാൻ ആഗ്രഹിക്കുന്നത്.
കൊച്ചിയേക്കാൾ മുൻപ് കോർപറേഷനായ സ്ഥലമാണ് കോഴിക്കോട്. അത്രയും പൊട്ടൻഷ്യൽ ഉണ്ട്.
എന്നിട്ട് ഇപ്പോൾ കൊച്ചി എവിടെ നിൽക്കുന്നു? കോഴിക്കോട് എവിടെ നിൽക്കുന്നു? കൊച്ചിയിൽ അടിസ്ഥാന വികസനമുണ്ടായതു കൊണ്ട് അവിടുത്തെ ജനങ്ങളുടെ ജീവിതമാകെ മാറി. എല്ലാവരുടെയും വരുമാനം കൂടി.
ഉന്നത വിദ്യാഭ്യാസത്തിനോ തൊഴിലിനോ വേണ്ടി പുറത്തു പോകണ്ട. എന്നാൽ നമ്മുടെ കുട്ടികൾ പഠിക്കാനും ജോലി ചെയ്യാനുമായി മറ്റ് നഗരങ്ങളെ ആശ്രയിക്കുകയാണ്.
ജീവിതം മെച്ചപ്പെടുത്താനാകാതെ സാധാരണക്കാരും ഇടത്തരക്കാരും കച്ചവടക്കാരും വിഷമിക്കുന്നു. .
കഴിഞ്ഞ 50 വർഷം ഇവിടെ ഭരിച്ചവർക്ക് ദീർഘവീക്ഷണമുണ്ടായില്ല.
നമുക്ക് ഐടി ഹബും ടെക്നോ സിറ്റിയും മെട്രോ റെയിലും ആരോഗ്യ സംരംഭങ്ങളും അടിസ്ഥാന സൗകര്യ വികസനവുമൊക്കെ വേണം. ഇത്തവണ യുഡിഎഫിനെ അധികാരം ഏൽപിക്കൂ.
കൊച്ചിയെയും ബാംഗളൂരുവിനെയും ഹൈദരാബാദിനെയും പോലെയുള്ള നഗരമായി കോഴിക്കോട് മാറും.
പദ്ധതികൾ ഏറെയാണ്
കോഴിക്കോടിനു വേണ്ടി ഒരുപാട് പദ്ധതികൾ മനസ്സിലുണ്ട്. നമ്മുടെ നാടിന്റെ വളർച്ച വേഗത്തിലാക്കാൻ കഴിയുന്നതായിരിക്കണം അടുത്ത 5 വർഷം നടത്തേണ്ട
പദ്ധതികൾ.അടുത്ത 50 വർഷത്തേക്കുള്ള മാസ്റ്റർ പ്ലാൻ തയാറാക്കണം, മോണോ റെയിൽ– മെട്രോ റെയിൽ, സൈബർ പാർക്കിന്റെ അടുത്തഘട്ടം, വിദ്യാഭ്യാസ ഹബ്, കിടത്തി ചികിത്സ ലഭിക്കുന്ന നഗര ആരോഗ്യ കേന്ദ്രങ്ങൾ , ഒന്നിലേറെ പാർക്കിങ് പ്ലാസകൾ, രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, കണ്ണായ സ്ഥലങ്ങളിൽ കോർപറേഷൻ വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികൾ, ടൂറിസം പദ്ധതികൾ, തെരുവുനായ്ക്കളില്ലാത്ത തെരുവുകൾ, ഇങ്ങനെ എണ്ണിയാൽ തീരാത്ത പദ്ധതികൾ മനസ്സിലുണ്ട്. സർവോപരി അഴിമതിയില്ലാത്ത ഭരണം.
പുതിയൊരു കോഴിക്കോടിനായി ജനം പിന്തുണയ്ക്കും.
അടിമുടി രാഷ്ട്രീയം
രാഷ്ട്രീയവും പൊതുപ്രവർത്തനവും രക്തത്തിൽ അലിഞ്ഞതാണ്. പ്രമുഖ കോൺഗ്രസ് നേതാവ് കെ.സാദിരിക്കോയയാണ് പിതാവ്.
ഒൻപതാം ക്ലാസിലാണ് ആദ്യമായി ഒരു മത്സരത്തിന് ഇറങ്ങുന്നത്. അന്ന് 4 വോട്ടിന് എസ്എഫ്ഐ സ്ഥാനാർഥിയെ തോൽപിച്ചാണ് തുടക്കം.
പിന്നീട് ഇതുവരെ നേരിട്ട മത്സരങ്ങളിൽ എല്ലാം ജയിച്ചു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ ബേപ്പൂർ മണ്ഡലത്തിലെ പരാജയം ഒഴിച്ച്. കെഎസ്യു ജില്ലാ പ്രസിഡന്റ് ആയി സംഘടനാ ഭാരവാഹിത്വത്തിൽ തുടക്കം.
ഇപ്പോൾ കെപിസിസി ജന.സെക്രട്ടറി. ഇതിനിടയിൽ 19 വർഷം ഒരു പദവിയും ഉണ്ടായില്ല.
അപ്പോഴും ഞാൻ ഇവിടെ ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. –നിയാസ് പറയുന്നു.
പി.എം.നിയാസ് എന്ന രാഷ്ട്രീയക്കാരന്റെ ഏറ്റവും ഇഷ്ടപ്പെട്ട
ഗുണമെന്താണെന്നു ഭാര്യ ഹസ്നയോട് ചോദിച്ചാൽ ഒറ്റ മറുപടിയേ ഉള്ളൂ. ‘അത് ആത്മാർഥതയാണ്’.
ഒരു കാര്യത്തിന് ഇറങ്ങി പുറപ്പെട്ടാൽ അവസാനം വരെയുള്ള ആത്മാർഥത. ദേഷ്യം തോന്നുന്ന സ്വഭാവം ഏതാണെന്നു ചോദിച്ചാൽ അത് ‘ വീട്ടിൽ കൃത്യസമയത്ത് എത്താത്തതാണ്’. മകളെ പ്രസവിക്കാൻ എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പി.എം.നിയാസ് കോർപറേഷനെതിരെ സമരം ചെയ്ത് ജയിലിലായിരുന്നു.
മകന് അടിയന്തര ശസ്ത്രക്രിയ വേണ്ട
സമയത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത് ജയിലിൽ. ആദ്യമൊക്കെ ദേഷ്യം തോന്നിയിരുന്നു.
വർഷങ്ങളായുള്ള ശീലം കൊണ്ട് മനസ്സിലായി. പൊതുപ്രവർത്തനം രക്തത്തിൽ അലിഞ്ഞു പോയതാണ് .
ഇനി വീട്ടിലേക്കു തിരിച്ചു വിളിക്കുന്നതിൽ കാര്യമില്ല എന്ന്.’’– ഹസ്ന പറയുന്നു. ഡോക്ടറായ മകൾ നേഹ നിയാസും പൈലറ്റ് ട്രെയിനിങ് കോഴ്സിനു പഠിക്കുന്ന മകൻ നിദാം നിയാസും രാഷ്ട്രീയത്തിൽ സജീവമല്ല. എങ്കിലും ഒരുമാസം അവധിക്ക് എത്തിയ നിദാം വാപ്പയ്ക്കു വേണ്ടി വോട്ട് പിടിക്കാനായി രംഗത്തുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

