പാലക്കാട് / കോഴിക്കോട് ∙ കളിക്കുന്നതിനിടെ വീണു പരുക്കേറ്റതിനെത്തുടർന്നു പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നു പ്ലാസ്റ്ററിട്ട നാലാം ക്ലാസുകാരിയുടെ കൈ പഴുപ്പു വ്യാപിച്ചതോടെ മുട്ടിനുതാഴെ മുറിച്ചുമാറ്റി.
ചികിത്സപ്പിഴവുണ്ടായെന്നു കുടുംബം ആരോപിച്ചു. പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്വദേശികളായ വിനോദ് – പ്രസീത ദമ്പതികളുടെ മകൾ വിനോദിനിയുടെ (9) കയ്യാണു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മുറിച്ചുമാറ്റേണ്ടിവന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യവകുപ്പു ഡയറക്ടർക്കു നിർദേശം നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.
ജില്ലാ ആശുപത്രിയിലെ ജാഗ്രതക്കുറവു മൂലം പഴുപ്പു കയറി ദുർഗന്ധമുണ്ടായതോടെ കൈ മുറിച്ചുമാറ്റേണ്ട അവസ്ഥയിലെത്തിയപ്പോൾ ഇവിടെ പറ്റില്ലെന്നു പറഞ്ഞു പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പറഞ്ഞുവിടുകയായിരുന്നെന്നു കൂലിപ്പണിക്കാരായ രക്ഷിതാക്കൾ പറഞ്ഞു.
കഴിഞ്ഞ മാസം 24ന് മീനാക്ഷിപുരത്ത് അച്ഛന്റെ വീട്ടിൽ കളിക്കുന്നതിനിടെയാണ് ഒഴിവുപാറ എഎൽപി സ്കൂൾ വിദ്യാർഥിനിക്കു വീണു പരുക്കേറ്റത്.
ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ ജില്ലാ ആശുപത്രിയിലേക്കു റഫർ ചെയ്തു. ഇവിടെയെത്തിച്ച് എക്സ്റേ എടുത്ത് പ്ലാസ്റ്ററിട്ടു.
വേദന മൂലം രാത്രി മുഴുവൻ കുട്ടി കരഞ്ഞതോടെ പിറ്റേന്നു വീണ്ടും ആശുപത്രിയിലെത്തിച്ചു. എല്ലുപൊട്ടിയതല്ലേ വേദനയുണ്ടാകും എന്നായിരുന്നത്രേ മറുപടി.
ഒരാഴ്ച കഴിഞ്ഞു വന്നാൽ മതിയെന്നും പറഞ്ഞു.
ഇതിനിടെ വേദന സഹിക്കാൻ കഴിയാതെ കുട്ടി അവശനിലയിലായി. ഇതോടെ കഴിഞ്ഞ ചൊവ്വാഴ്ച കുട്ടിയെ വീണ്ടും ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
അപ്പോഴേക്കു കൈ രക്തയോട്ടം കുറഞ്ഞു കറുത്തിരുന്നു. ദുർഗന്ധമുള്ള പഴുപ്പും വരാൻ തുടങ്ങി.
ഇതോടെയാണു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചത്.
അന്നുതന്നെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പഴുപ്പു വ്യാപിച്ചതിനാൽ കൈ മുറിച്ചു മാറ്റേണ്ടിവന്നെന്നു മുത്തശ്ശി ഓമനയും മുത്തച്ഛൻ വാസുവും പറയുന്നു. കുട്ടിയുടെ കയ്യുടെ അവസ്ഥ കണ്ട് ‘ഇതെന്താ മാംസക്കെട്ടാണോ ഇങ്ങനെ പൊതിഞ്ഞ് അയയ്ക്കാനെന്നും ഈ പഴുപ്പൊന്നും പാലക്കാട്ടെ ആശുപത്രിക്കാർ കണ്ടില്ലേ’യെന്നും മെഡിക്കൽ കോളജിൽ നിന്നു ചോദിച്ചതായി ഓമന പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]