കടലുണ്ടി∙ പഞ്ചായത്തിൽ ബൈത്താനി–കപ്പലങ്ങാടി–വാക്കടവ് തീരദേശമേഖലയിൽ കടൽഭിത്തി പുനരുദ്ധാരണത്തിന് 6 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി. ജനവാസ കേന്ദ്രങ്ങളിൽ 794 മീറ്റർ ദൂരത്തിൽ ഭിത്തി നവീകരിച്ച് ഉയരം കൂട്ടി ബലപ്പെടുത്താനാണു നടപടിയായത്.
രണ്ടു ദിവസത്തിനകം സാങ്കേതിക അനുമതി ലഭ്യമാക്കി ഈ മാസം തന്നെ പ്രവൃത്തി ടെൻഡർ ചെയ്യുമെന്ന് ഇറിഗേഷൻ അധികൃതർ അറിയിച്ചു.
നവകേരള സദസ്സിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ബേപ്പൂർ മണ്ഡലത്തിൽ കടൽഭിത്തി പുനരുദ്ധാരണത്തിന് അനുവദിച്ച 7 കോടി രൂപയിൽ സമർപ്പിച്ച പദ്ധതിക്കാണ് അനുമതി ലഭിച്ചത്. ഇറിഗേഷൻ വകുപ്പ് പദ്ധതിയിൽ 60 ലക്ഷം രൂപ ചെലവിട്ട് ബൈത്താനി പള്ളി പരിസരത്ത് 82 മീറ്റർ ദൂരത്തിൽ നടത്തിയ പുനരുദ്ധാരണത്തിന്റെ തുടർച്ചയായിട്ടാകും പ്രവൃത്തി നടത്തുക.
ബൈത്താനി മുതൽ വാക്കടവ് വരെയാകും ഭിത്തി പുനർ നിർമാണം.
നിലവിലെ ഭിത്തിയിലെ കല്ലുകൾ യന്ത്ര സഹായത്തോടെ കടലിലേക്ക് ഇറക്കിയിട്ട് വലിയ ഇനം കരിങ്കല്ലുകൾ തീരത്തു പതിക്കും. പുതിയ ഡിസൈൻ പ്രകാരം വീടുകളോടു ചേർന്ന ഭാഗത്ത് കടലിലേക്ക് കല്ലിട്ട് ഇറക്കി ശാസ്ത്രീയ രീതിയിൽ 10 മീറ്റർ വീതിയിലാകും ഭിത്തി പുനർ നിർമിക്കുക. ഇതു കടലാക്രമണം പരിധിവരെ ചെറുക്കാനാകും എന്നാണു വിലയിരുത്തൽ.
കടലുണ്ടി തീരത്ത് ജനവാസ മേഖലയിൽ 50 വർഷം മുൻപു നിർമിച്ചതാണ് കരിങ്കൽ ഭിത്തി.
വർഷകാലത്ത് കടലാക്രമണത്തിൽ വെള്ളം തള്ളിക്കയറിയാണ് ബലക്ഷയം നേരിട്ടത്. സംരക്ഷണ ഭിത്തി നശിച്ചതിനാൽ ചെറിയൊരു തിരയടിയിൽ പോലും കരയിലേക്ക് വെള്ളം ഇരച്ചു കയറുന്ന സ്ഥിതിയാണ്. കടൽക്ഷോഭം ഉണ്ടാകുമ്പോൾ വീട്ടുമുറ്റങ്ങളിലും റോഡിലും വെള്ളം കയറും.
ഭിത്തി പുനരുദ്ധാരണം നടപ്പാക്കുന്നതോടെ കടലുണ്ടി തീരത്ത് പതിവായുള്ള കടലാക്രമണ ഭീഷണിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]