ഫറോക്ക്∙ ഇരുമ്പ് ഗർഡറുകൾ ദ്രവിച്ചു നശിച്ച പെരുമുഖം മുനമ്പത്തുകടവ് നടപ്പാലം ആടിയുലയുന്നു. ഏതു സമയവും തകർന്നു പുഴയിൽ പതിക്കുമെന്ന നിലയിലുള്ള പാലത്തിലൂടെ ജീവൻ പണയംവച്ചാണു ജനം മറുകര കടക്കുന്നത്.
പുല്ലിപ്പുഴയ്ക്ക് കുറുകെ ആരണംകുഴിയിലുള്ള നടപ്പാലമാണ് തകർച്ചയുടെ വക്കിലുള്ളത്. കാലപ്പഴക്കത്താൽ മരപ്പലകകൾ പൊട്ടിയ പാലത്തിന്റെ പുഴയിൽ നാട്ടിയ ഇരുമ്പ് തൂണുകൾ തുരുമ്പെടുത്തു.
തീരത്തെ ഉപ്പുകാറ്റ് ഏറ്റാണ് ഇരുമ്പ് ഭാഗങ്ങൾ നശിച്ചത്. ഗർഡറുകൾ ദ്രവിച്ചു ബലക്ഷയം നേരിട്ട
പാലം ഒരുവശത്തേക്കു ചരിഞ്ഞു. മരപ്പലക പൊട്ടിയ പാലത്തിലൂടെ പോകുന്നവരുടെ കാൽ കുടുങ്ങാൻ സാധ്യതയേറെ.
രാത്രി യാത്ര അപകടകരമാണ്.
മുനമ്പത്തുകടവിൽ പുതിയ റോഡ് പാലം നിർമിക്കാൻ പദ്ധതിയുണ്ടെങ്കിലും അനിശ്ചിതമായി നീളുകയാണ്. പുതിയ പാലത്തിനുള്ള കാത്തിരിപ്പ് വൈകുന്നതിനാൽ അടിയന്തരമായി നടപ്പാലം പുനരുദ്ധാരണം നടത്തിയില്ലെങ്കിൽ വലിയ ദുരന്തത്തിനു സാധ്യതയുണ്ട്.
അപകടഭീഷണി മുന്നിൽ കണ്ടു നാട്ടുകാർ താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും സഞ്ചാരം സുരക്ഷിതമല്ല. ഫറോക്ക് നഗരസഭയിലെ പെരുമുഖം ആരണംകുഴിയിൽ നിന്നു ചേലേമ്പ്ര പഞ്ചായത്തിലെ അയ്യപ്പൻകാവ് മേഖലയിലേക്കു കടക്കുന്ന പാലമാണ് അപകട നിലയിലുള്ളത്.
നടപ്പാലം തകർന്നാൽ ഇരു കരയിലേക്കുമുള്ള യാത്ര മുടങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
നാട്ടുകാർ നിർമിച്ച നടപ്പാലം
1994ൽ നാട്ടുകാർ മുൻകയ്യെടുത്ത് പുഴയിൽ തെങ്ങു കുറ്റികൾ നാട്ടി നിർമിച്ചതാണ് നടപ്പാലം. 32 മീറ്റർ നീളത്തിലുള്ള പാലത്തിനു 5 അടി വീതിയുണ്ട്.
ഏറെക്കാലം ജനം ഇതുവഴി സഞ്ചരിച്ചു. കാലപ്പഴക്കത്താൽ ബലക്ഷയം നേരിട്ട
പാലം 2010ൽ തകർന്നു വീണു. പിന്നീട് ചേലേമ്പ്ര പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇരുമ്പ് പാലമായി പുതുക്കിപ്പണിതു.
റോഡ് പാലത്തിനുള്ള നീക്കങ്ങൾ തുടങ്ങിയതോടെ നടപ്പാലം അറ്റകുറ്റപ്പണികൾ നടത്താൻ സമയബന്ധിതമായി നടപടി സ്വീകരിച്ചില്ല. ഇതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം.
റോഡ് പാലം യാഥാർഥ്യമായില്ല
മുനമ്പത്ത് കടവിൽ വാഹന ഗതാഗത സൗകര്യമുള്ള റോഡ് പാലം നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെ യാഥാർഥ്യമായിട്ടില്ല.
പാലം നിർമാണത്തിന് 5.5 കോടി രൂപയുടെ ഡിപിആർ(വിശദ പദ്ധതി രേഖ)തയാറാക്കി ഭരണാനുമതിക്കായി സമർപ്പിച്ചു കാത്തിരിക്കുകയാണ്. പാലം നിർമാണത്തിനും അപ്രോച്ച് റോഡിനും ഭൂമി ഏറ്റെടുക്കാൻ റവന്യുവകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും നടപടികൾ നീളുകയാണ്.
അതിർത്തി നിർണയിച്ച് ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രവൃത്തികളാണ് നടക്കുന്നത്.
പുതിയ പാലം വന്നാൽ
പുല്ലിപ്പുഴയ്ക്ക് കുറുകെ പുതിയപാലം വന്നാൽ ചേലേമ്പ്രയിലെ അയ്യപ്പൻകാവ്, കുഴിമ്പിൽ, പാറയിൽ, പെരുന്തൊടിപ്പാടം, ചാലിപ്പറമ്പ് എന്നിവിടങ്ങളിലുള്ളവർക്ക് പെരുമുഖം, രാമനാട്ടുകര, ഫറോക്ക് ഭാഗങ്ങളിലേക്ക് എളുപ്പം എത്താം. നിലവിൽ കിലോമീറ്ററുകൾ ചുറ്റി പുല്ലിക്കടവ് പാലത്തിലൂടെയോ സിൽക് പാലം വഴിയോ ആണു നാട്ടുകാർ സഞ്ചരിക്കുന്നത്.
മണ്ണൂർ ഭാഗത്തേക്കുള്ളവർ പാറക്കടവ് പാലവും ആശ്രയിക്കുന്നു. ഇപ്പോൾ ഇരുപാലത്തിലേക്കും 3 കിലോമീറ്റർ വീതം ചുറ്റിക്കറങ്ങണം.
റോഡു പാലം നിർമിച്ചാൽ പ്രദേശവാസികൾക്കു വാഹന ഗതാഗത സൗകര്യമാകും എന്നതിനു പുറമേ യാത്രയും എളുപ്പമാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]