
കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാത്തത് വിദ്യാർഥികളോടുള്ള വഞ്ചന: ടി.കെ.സഈദ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാത്തത് വിദ്യാർഥി സമൂഹത്തോടുള്ള വഞ്ചനയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.സഈദ്. ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡിഡിഇ ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എത്രയും പെട്ടെന്ന് കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാർ തയാറാകണം. ആവശ്യമായ പുതിയ ബാച്ചുകൾ അനുവദിച്ച് ജില്ലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾക്ക് അറുതി വരുത്താനും സർക്കാർ തയാറാകണമെന്ന് സഈദ് പറഞ്ഞു.
വർഷങ്ങളായി തുടരുന്ന വിദ്യാഭ്യാസ പ്രതിസന്ധി ഈ വർഷവും അതേപോലെ നിലനിൽക്കുകയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി അമീൻ റിയാസ് പറഞ്ഞു. പ്രതിഷേധങ്ങൾ കനക്കുമ്പോൾ കേവലം സീറ്റ് വർധന മാത്രം നടത്തി വിദ്യാർഥികളുടെ കണ്ണിൽ പൊടിയിടുന്ന സർക്കാർ നയം അംഗീകരിക്കാനാവില്ല. ആവശ്യമായ പുതിയ ബാച്ചുകൾ അനുവദിച്ചതിനു ശേഷം മാത്രമേ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാൻ പാടുള്ളൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആയിഷ മന്ന അധ്യക്ഷത വഹിച്ച മാർച്ചിൽ വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി അൻവർ സാദത്ത്, നേതാക്കളായ മുജാഹിദ് മേപ്പയ്യൂർ, റഈസ് കുണ്ടുങ്ങൽ, അഷ്ഫാഖ് നൊച്ചാട്, നാസിം പൈങ്ങോട്ടായി എന്നിവർ പ്രസംഗിച്ചു.