‘‘എന്തു തെറ്റാണ് ഞങ്ങൾ ചെയ്തത്? വീട് നന്നാക്കാൻ കഴിയുന്നില്ല. വീടു വിറ്റ് താമസം മാറാൻ കഴിയുന്നില്ല.
സ്ഥലം ഏറ്റെടുക്കുമെന്ന് സർക്കാർ പറഞ്ഞെങ്കിലും ഇതുവരെ ഏറ്റെടുത്തില്ല. എത്ര രൂപ തരുമെന്നും പറയുന്നില്ല.
ഞങ്ങൾ ജീവിക്കാൻ വഴിയില്ലാതെ കണ്ണീരു കുടിക്കുകയാണ്.’’– കിനാലൂർ കൊയലാട്ടുമുക്ക് പയറ്റുകാല വീട്ടിൽ ആരിഫ കണ്ണു തുടച്ചു.കിനാലൂരിൽ എയിംസ് വരുമെന്നു പറഞ്ഞ് പറ്റിക്കാൻ തുടങ്ങിയിട്ടു നാളേറെയായി. സ്വന്തം ഭൂമിയിൽ പണിതുയർത്തിയ വീട്ടിൽ ഒന്നും കയ്യിലില്ലാതെ, അന്യരായി കഴിയേണ്ടി വരുന്നതിന്റെ വേദനയാണ് വാക്കുകളിൽ.
നെഞ്ചിൽ തറച്ച അതിർത്തിക്കല്ലുകൾ
ഏതു കാലത്ത് വരുമെന്നറിയാത്ത ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനു (എയിംസ്) വേണ്ടി ഏറ്റെടുക്കാൻ സർക്കാർ 5 വർഷം മുൻപ് അതിർത്തി അളന്ന് സ്ഥാപിച്ചുപോയ കല്ലുകളിൽ രണ്ടെണ്ണം ആരിഫയുടെ പറമ്പിലാണ്.
ആരിഫയുടെ വീടിന്റെ നേരെ മുന്നിൽ ഒരു മഞ്ഞക്കല്ലുണ്ട്. വീടിന്റെ പിറകുവശത്ത് മറ്റൊരു കല്ലുണ്ട്.അന്ന് റവന്യൂ ഉദ്യോഗസ്ഥർ വന്ന് അളവു നടത്തി സ്ഥാപിച്ചുപോയ അതിർത്തിക്കല്ലുകളാണ് ഇവ.
ആരിഫയുടെ സഹോദരൻ ഷഫീഖ് താമസിക്കുന്നത് തൊട്ടടുത്തുള്ള വീട്ടിലാണ്.
എന്നാൽ കഴിഞ്ഞ 2 കേന്ദ്ര ബജറ്റിലും എയിംസ് പ്രഖ്യാപിച്ചില്ല. സ്ഥലം ഏറ്റെടുത്ത് പണം നൽകാൻ സംസ്ഥാന സർക്കാരും തയാറായിട്ടില്ല.
ഇവിടെ സർക്കാർ കെട്ടിയുയർത്തിയ മതിലാണ് ഈ അതിർത്തിക്കല്ലുകൾ. സ്ഥലം സർക്കാരിന്റേതല്ല.
എന്നാൽ താമസക്കാരുടേതുമല്ല. ഈ അതിർത്തിക്കുള്ളിൽ പെട്ടുപോയ പാവം മനുഷ്യർക്ക് കഴിഞ്ഞ 5 കൊല്ലമായി വീട് പുതുക്കാൻ അനുമതി ലഭിക്കുന്നില്ല.
ഇവർക്ക് സ്ഥലം വിൽക്കാൻ അനുമതിയില്ല. സ്ഥലം പണയം വച്ച് ബാങ്ക് വായ്പ എടുക്കാൻ പറ്റുന്നില്ല.
അതിനു കൈവശാവകാശ സർട്ടിഫിക്കറ്റ് കിട്ടുന്നില്ല.
മക്കളുടെ കല്യാണമോ തുടർവിദ്യാഭ്യാസമോ വരുമ്പോൾ വായ്പ കിട്ടില്ല. ഇവിടെ ജീവിക്കുന്നു എന്നതിൽക്കൂടുതലായി ഈ മണ്ണിൽ അവർക്കായി ഒന്നുമില്ല.
ഇതിനെല്ലാം ഒരേയൊരു കാരണം– ഏതെങ്കിലും കാലത്ത് കേന്ദ്രസർക്കാർ കിനാലൂരിൽ സ്ഥാപിക്കുമെന്ന് കരുതപ്പെടുന്ന എയിംസിനു വേണ്ടി സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ സാധ്യതയുള്ള ഭൂമിയാണിത് !
പ്രതീക്ഷകൾക്ക് എത്ര ആയുസ്സുണ്ട്?
ആരിഫയുടെ മകൻ മുഹമ്മദ് ഷാന് 20 വയസ്സുള്ളപ്പോഴാണ് കുടുംബം വീടു നന്നാക്കാൻ തീരുമാനിച്ചത്. അന്ന് 6000 രൂപയ്ക്ക് ഒരു ലോഡ് ചെങ്കല്ല് ഇറക്കി.
പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോൾ എയിംസ് പ്രഖ്യാപനം വന്നു. വീടിന്റെ നവീകരണത്തിനുള്ള പ്ലാനിന് അനുമതി ലഭിച്ചില്ല.അന്ന് ആരിഫയുടെ മകൻ പിഎസ്സിയുടെ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലുണ്ടായിരുന്നു.
പക്ഷേ നിയമനം നടന്നില്ല. ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ സമരത്തിനിറങ്ങിയിട്ടും ഫലം കണ്ടില്ല.
ജീവിക്കാൻ എന്തു ചെയ്യുമെന്നറിയാതെ ഷാൻ ആശങ്കയിലായി. ഗൾഫിൽ ജോലി തേടിപ്പോയ മുഹമ്മദ് ഷാന് ഇപ്പോൾ 26 വയസ്സായി.
നിഷേധിക്കപ്പെടുന്നഅവകാശങ്ങൾ
തൊട്ടടുത്ത പറമ്പിൽ താമസിക്കുന്ന സഹോദരൻ ഷഫീഖ് 6 കൊല്ലം മുൻപാണ് തന്റെ വീടിനു പെയ്ന്റ് അടിച്ചത്. പിന്നീട് ഇതുവരെ അറ്റകുറ്റപ്പണിപോലും ചെയ്തിട്ടില്ല.
എയിംസിന്റെ വാഗ്ദത്ത ഭൂമിയായതിനാൽ ഇതുവഴിയുള്ള റോഡ് ടാർ ചെയ്യുന്നുമില്ല.വീട്ടിൽനിന്ന് സർക്കാർ ആട്ടിയിറക്കിയിട്ടില്ലെന്നേയുള്ളൂ. താൻ പണിത വീട്ടിൽ അന്യനായി കഴിയേണ്ടി വരുന്ന വേദനയിലാണ് ആരിഫയും ഷഫീഖും അടക്കമുള്ള അനേകം മനുഷ്യർ.
അവരുടെ പ്രതീക്ഷകളുടെ നെഞ്ചിലാണ് സർക്കാരുകൾ തീരാദുരിതങ്ങളുടെ സർവേക്കല്ല് തറച്ചത്!
അതിർത്തിക്കല്ലുകളിൽ കുരുക്കിയിട്ടത് 194 ഉടമസ്ഥരെ
അതിർത്തിക്കല്ലുകളിൽ അനങ്ങാനാകാതെ വരിഞ്ഞു മുറുക്കിക്കെട്ടിയിട്ടിരിക്കുന്നത് 194 ആളുകളെയാണ്. കിനാലൂരിൽ ‘എയിംസ്’ വരുമെന്ന് പ്രഖ്യാപിച്ചത് 2020ൽ ആണ്.
ഭാവി വികസനം മുന്നിൽക്കണ്ട് 250 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് തീരുമാനിച്ചത്.കിനാലൂരിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ്, ബാലുശ്ശേരി ഗവ. കോളജ് എന്നിവയ്ക്കു സമീപമാണ് ഭൂമി കണ്ടെത്തിയത്.
ഇവിടെ കെഎസ്ഐഡിസിയുടെ കൈവശമുണ്ടായിരുന്ന 150 ഏക്കർ ഭൂമി ആരോഗ്യ വകുപ്പിനു കൈമാറി.
ബാക്കി ആവശ്യമുള്ള 100 ഏക്കർ ഭൂമി സ്വകാര്യവ്യക്തികളിൽനിന്ന് ഏറ്റെടുക്കാൻ വിജ്ഞാപനം ഇറക്കി. വിജ്ഞാപനം ഇറക്കിയതോടെയാണ് സ്വകാര്യവ്യക്തികൾ കുരുക്കിലായത്.100 ഏക്കർ ഭൂമിക്ക് ആകെ 194 ഉടമസ്ഥരാണുള്ളത്.
94 വീടുകളുണ്ട്. 10 മറ്റു കെട്ടിടങ്ങളുമുണ്ട്.
കഴിഞ്ഞ 5 വർഷമായി ഇവ വിൽക്കാനോ നന്നാക്കാനോ വായ്പയെടുക്കാനോ സ്ഥലം ഉടമകൾക്ക് അനുമതിയില്ല. അതേസമയം സർക്കാർ ഈ ഭൂമി ഏറ്റെടുത്ത് തുക നൽകാനും തയാറാകുന്നില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

