കോഴിക്കോട് ∙ പൊരുതുന്ന പലസ്തീന്റെ ശബ്ദം പുറത്തെത്തിക്കാൻ പിന്തുണ തുടരണമെന്നു പലസ്തീൻ അംബാസഡർ അബ്ദുല്ല അബു ഷാവേസ്. എക്കാലത്തും ഇന്ത്യയും കേരളവും പലസ്തീനെ പിന്തുണച്ചിട്ടുണ്ടെന്നും ആ പിന്തുണയ്ക്കു നന്ദിയെന്നും പലസ്തീൻ അംബാസഡർ വ്യക്തമാക്കി.
എൽഡിഎഫിന്റെ നേതൃത്വത്തിൽ കോഴിക്കോട്ട് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാമ്രാജ്യത്വത്തോടു വിധേയത്വമുള്ള രാജ്യാന്തര മുഖ്യധാരാ മാധ്യമങ്ങളിൽ പലസ്തീന്റെ പോരാട്ടങ്ങൾക്ക് ഇടം നൽകുന്നില്ല. അതിനാൽ സമൂഹമാധ്യമങ്ങളിൽ പലസ്തീനെ ഓരോരുത്തരും പിന്തുണയ്ക്കണം.
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ എക്സ് അക്കൗണ്ടിലെ ഓരോ പോസ്റ്റുകൾക്കു കീഴിലും ഗാസയിൽ എന്താണു സംഭവിക്കുന്നതെന്നു പോസ്റ്റ് ചെയ്യണം.
ചരിത്രത്തിലെ ഏറ്റവും വിനാശകരമായ കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ അതിർത്തിക്ക് അപ്പുറത്തു നിന്നു ലഭിക്കുന്ന പിന്തുണ പലസ്തീൻ ജനത ഒറ്റയ്ക്കല്ലെന്ന ധൈര്യം പകരുന്നു. ഗാസയിൽ നടക്കുന്നത് വംശഹത്യയാണെന്നു യുഎന്നും സന്നദ്ധ സംഘടനകളും പുറത്തുവിട്ട
കണക്കുകൾ വ്യക്തമാക്കുന്നുണ്ടെന്നും അബ്ദുല്ല അബു ഷാവേസ് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പലസ്തീൻ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു.
പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് അപമാനകരമാണെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. പലസ്തീന്റെ പോരാട്ടങ്ങളെ ആദ്യം അംഗീകരിച്ച രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരുന്നു.
ഇന്ദിരാഗാന്ധി വളരെ ആദരവോടെയാണ് അന്നത്തെ പലസ്തീൻ പോരാളിയായിരുന്ന യാസർ അറാഫത്തിനെ സ്വീകരിച്ചത്.
എന്നാൽ, സാമ്രാജ്യത്വ ശക്തികൾക്കു കീഴടങ്ങുന്ന നിലപാടാണ് ഇന്ത്യ ഇപ്പോൾ സ്വീകരിക്കുന്നത്. സോവിയറ്റ് യൂണിയനെ പോലെ സാമ്രാജ്യത്വത്തോടു നേരിട്ട് ഏറ്റുമുട്ടാൻ ഒരു രാജ്യമില്ലാതെ പോയതു കൊണ്ടാണ് മൂന്നാം ലോക രാജ്യങ്ങൾക്കും വികസ്വര രാജ്യങ്ങൾക്കും ഇത്തരമൊരു ഭീഷണി നേരിട്ടത്.
കമ്യൂണിസത്തിന് ഇപ്പോൾ സാമ്രാജ്യത്തെ നേരിട്ട് എതിർത്തു തോൽപിക്കാനുള്ള ശക്തിയില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ് അധ്യക്ഷത വഹിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, എൽഡിഎഫ് ഘടകകക്ഷി നേതാക്കളായ മന്ത്രി എ.കെ.ശശീന്ദ്രൻ, സിപിഐ ദേശീയ സമിതി അംഗം പി.സന്തോഷ് കുമാർ എംപി, ആർജെഡി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ്കുമാർ, ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എംഎൽഎ, നാഷനൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രഫ.എ.പി.അബ്ദുൽ വഹാബ് എന്നിവർ പ്രസംഗിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]