
പേര് നൽകിയ തീപ്പെട്ടിക്കമ്പനി; വിജയത്തിന്റെ കാൽപാടുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെരിപ്പിലെ പൊട്ടാത്ത വള്ളികളുടെ ബലത്തിൽ ചവിട്ടിക്കയറിയ വ്യവസായ സാമ്രാജ്യത്തിന്റെ കഥ പറയുകയാണ് വികെസി ഗ്രൂപ്പ് ചെയർമാൻ വി.കെ.സി.മമ്മത് കോയ. 1984 കാലം. തീപ്പെട്ടിക്കമ്പനി നഷ്ടത്തിലായപ്പോൾ മറ്റ് ബിസിനസ് ആലോചിക്കുന്നതിനിടെയാണ് ചെരിപ്പ് എല്ലാവർക്കും വേണമല്ലോയെന്ന ചിന്ത വന്നത്. അന്നു മാർക്കറ്റിലുണ്ടായിരുന്ന വമ്പൻമാരോട് മുട്ടാനൊന്നും ത്രാണിയില്ല, എന്നാൽ അവർക്കില്ലാത്ത എന്തെങ്കിലും കൊടുക്കുകയും വേണം– ഇതായി ലക്ഷ്യം.
അക്കാലത്ത് ഹവായ് ചെരിപ്പുകൾ വാങ്ങുമ്പോൾ തന്നെ എക്സ്ട്ര വള്ളികളും വാങ്ങുന്ന ശീലമുണ്ടായിരുന്നു. കാരണം വളരെ പെട്ടെന്നു തന്നെ ഈ വള്ളികൾ പൊട്ടുകയോ, അയഞ്ഞ് ഊരിപ്പോവുകയോ ചെയ്യുമായിരുന്നു. മറ്റൊരു പ്രശ്നമായിരുന്നു വെള്ള നിറത്തിലുള്ള മുകൾ ഭാഗം പെട്ടെന്നു തേഞ്ഞ് പുറത്ത് കാണിക്കാൻ പറ്റാത്ത വിധത്തിൽ ആകുന്നത്. റബർ ബോർഡിന്റെ സഹായത്തോടെ വികെസി ഇതിനെല്ലാം പരിഹാരം കണ്ടെത്തി. വികെസി ചെരിപ്പുകളുടെ വള്ളികൾ പൊട്ടുകയോ ഊരിപ്പോവുകയോ ഇല്ല.
ഒറ്റ ലെയർ ആയത് കാരണം എത്ര തേഞ്ഞാലും നിറവും മാറില്ല. ഇത് തൊഴിലാളികൾക്കിടയിൽ ഹിറ്റായി. ആദ്യം ഷീറ്റും സ്ട്രാപ്പും ഉണ്ടാക്കി കൊടുക്കുന്ന ബിസിനസായിരുന്നു. രണ്ടു വർഷംകൊണ്ടാണ് സ്വന്തമായി നിർമിക്കാൻ തുടങ്ങിയത്. അവിടെ തുടങ്ങിയതാണ് പാദരക്ഷകളോടൊത്തുള്ള ജൈത്രയാത്ര.
പേര് നൽകിയ തീപ്പെട്ടിക്കമ്പനി
അറുപതുകളുടെ അവസാനത്തിൽ വെളുത്തേടത്ത് മമ്മത് കോയയും 2 പാർട്നർമാരും കൂടി തീപ്പെട്ടിക്കമ്പനി തുടങ്ങുമ്പോൾ മത്സരിക്കാൻ 5 കമ്പനികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ എൺപതുകളിലെത്തിയപ്പോൾ അത് 140ൽ എത്തി. സോഫ്റ്റ് വുഡിന്റെ ക്ഷാമം കൂടി മനസ്സിലാക്കിയപ്പോൾ ഈ പരിപാടി നിർത്താമെന്ന് തീരുമാനിച്ചു. കെ.സെയ്തലവി, സി.സെയ്താലിക്കുട്ടി എന്നിവരായിരുന്നു വി.മമ്മത് കോയയുടെ പാർട്നർമാർ.
3 ഇനിഷ്യലും ചേർത്ത് വികെസി. ഒരു വർഷത്തിന് ശേഷം കമ്പനി പിരിഞ്ഞപ്പോൾ വികെസിയെന്ന പേര് മമ്മത് കോയ വിലകൊടുത്ത് സ്വന്തമാക്കുകയായിരുന്നു. കാലക്രമേണ മമ്മത് കോയയെന്ന പേര് മറക്കും വിധം വികെസി കളംപിടിച്ചതോടെ, അദ്ദേഹം ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പേര് വി.കെ.സി.മമ്മത് കോയ എന്നാക്കി മാറ്റി. പിന്നീട് ഗസറ്റിലും നൽകി അംഗീകാരം നേടി.
15 തൊഴിലാളികൾ
ഇപ്പോൾ വികെസി ടവർ നിൽക്കുന്ന ഞെളിയൻപറമ്പിലെ 45 സെന്റിൽ തന്നെയാണ് 84ലെ എളിയ തുടക്കം. അന്ന് 10 ലക്ഷം ലോണും പിന്നെ നാടൻ കടങ്ങളുമെല്ലാം ചേർത്താണ് കമ്പനി തുടങ്ങിയത്. സെന്റിന് 300 രൂപ തോതിലാണ് സ്ഥലം വാങ്ങിയത്. 15 തൊഴിലാളികളും ഒരു മെഷീനുമായിരുന്നു തുടക്കത്തിൽ. കൊടുക്കുന്ന പണത്തിനൊത്ത മൂല്യവുമായി ഇറങ്ങിയ വികെസി ചെരിപ്പുകൾ പെട്ടെന്നു തന്നെ വിപണി പിടിച്ചു.
പിന്നീട് പടിപടിയായി ചെരിപ്പിൽ പിവിസി, പിയു, ഇവിഎ തുടങ്ങിയ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്നതിലുള്ള ധൈര്യം നൽകി. ‘ചെരിപ്പ് വാങ്ങുന്നവർക്ക് നഷ്ടം പറ്റിയല്ലോ എന്നു തോന്നാത്തവിധം ചെറിയ വിലയ്ക്ക് ഗുണമേൻമയുള്ള ചെരിപ്പുകൾ നൽകാനാണ് തുടക്കം മുതലേയുള്ള ശ്രമം. ഇപ്പോഴും വികെസിയുടെ വിലയോടു മത്സരിക്കാൻ ആർക്കും കഴിയുന്നില്ല’ മമ്മത് കോയ പറയുന്നു. എന്നാൽ ഇപ്പോൾ ആളുകളുടെ ആവശ്യത്തിനനുസരിച്ച് വില കൂടിയ ചെരിപ്പുകളും വികെസി പുറത്തിറക്കുന്നു.
മക്കളുടെ ചിറകിൽ
വികെസി ചെരിപ്പ് കമ്പനി തുടങ്ങുമ്പോൾ അത് വലിയൊരു വ്യവസായ സാമ്രാജ്യത്തിന്റെ തുടക്കമാകുമെന്നൊന്നും കരുതിയിരുന്നില്ല. തുടങ്ങി വിജയമായപ്പോഴേക്കും രണ്ടാൺമക്കളും വിദ്യാഭ്യാസം കഴിഞ്ഞ് കൂടെ വന്നു. അവരുടെ കാഴ്ചപ്പാടാണ് മുന്നേറ്റത്തിനു പിന്നിലെ ശക്തിയെന്ന് അദ്ദേഹം പറയുന്നു. മൂത്തയാൾ റസാക്ക് എംബിഎ കഴിഞ്ഞതാണ്. കെമിക്കൽ എൻജിനീയറിങ്ങിൽ എംടെക് കഴിഞ്ഞ് വൈകാതെ നൗഷാദും എത്തി.
ഇന്ന് സ്ഥാപനത്തിനു കീഴിൽ പതിനായിരത്തോളം തൊഴിലാളികൾ നേരിട്ടു ജോലി ചെയ്യുന്നു. മുപ്പതോളം ഡയറക്ടർമാരുണ്ട്. ആയിരത്തിൽ ഏറെയുള്ള വികെസി ഉൽപന്നങ്ങൾ ഇന്ത്യ മുഴുവനും ലഭിക്കും. കൂടാതെ ശ്രീലങ്ക, ആഫ്രിക്കൻ രാജ്യങ്ങൾ, ഗൾഫ്, മലേഷ്യ എന്നിവിടങ്ങളിലും സാന്നിധ്യമുണ്ട്. ഫാത്തിമാബിയാണ് വികെസിയുടെ സഹധർമിണി. മുംതാസ്, സൽമാബി എന്ന രണ്ടു മക്കൾകൂടിയുണ്ട്.