താമരശ്ശേരി∙ വയനാടൻ ചുരത്തിലെ അഴിയാക്കുരുക്ക് തുടരുന്നു. ക്രിസ്മസ് അവധിക്കാലമായതിനാൽ വാഹനങ്ങളുടെ എണ്ണം കൂടിയത് വൻ കെണിയായി.
കൂടാതെ പലസ്ഥലത്തും വാഹനങ്ങൾ കേടായി വഴിയടഞ്ഞതും പ്രശ്നമായി. വലിയ ചരക്ക് ലോറികളും മറ്റും സമയക്രമം പാലിക്കാതെ എത്തിയതും വാഹനങ്ങൾ ലൈൻ മറികടന്ന് തിരുകി കയറ്റി പോവുന്നതും ചുരത്തിലെ കുരുക്ക് കൂടുതൽ സങ്കീർണമാക്കുന്നു.
ഇന്നലെ രാവിലെ മുതൽ രാത്രി വൈകി വരെയും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.
പലപ്പോഴും അടിവാരം മുതൽ പഴയ വൈത്തിരി വരെ വാഹനനിര നീണ്ടു.
യാത്രക്കാർ രണ്ടര, മൂന്ന് മണിക്കൂർ എടുത്താണ് ചുരം കയറിയിറങ്ങിയത്. വയനാട്ടിലേക്കുള്ള ടൂറിസ്റ്റുകളുടെ പ്രവാഹവും തുടരുകയാണ്.
വയനാടിന്റെ ഉത്സവമായ രാജ്യാന്തര പുഷ്പമേള (പൂപ്പൊലി) അമ്പലവയലിൽ ആരംഭിച്ചതും സന്ദർശക പ്രവാഹം പതിൻമടങ്ങ് വർധിക്കാൻ കാരണമായി. പുഷ്പമേള 15 വരെ നീണ്ട് നിൽക്കും.
വ്യാഴാഴ്ച രാത്രിയിൽ രണ്ട് ബസുകളും ഒരു ലോറിയും ചുരത്തിൽ കേടായത് വൻ ഗതാഗത കുരുക്കാണ് സൃഷ്ടിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ആറാം വളവിൽ ലോറി കേടായത് ഗതാഗത തടസ്സം രൂക്ഷമാക്കി. പകൽ സമയങ്ങളിൽ വലിയ ചരക്ക് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പലരും പാലിക്കുന്നില്ല. പൊലീസും ചുരം സംരക്ഷണ സമിതിയും ചുരം ഗ്രീൻ ബ്രിഗേഡ് സന്നദ്ധ പ്രവർത്തകരും ഏറെ പണിപ്പെട്ടാണ് ഗതാഗത നിയന്ത്രണം നടത്തിയത്.
ക്രിസ്മസ് അവധി കഴിയുന്ന മുറയ്ക്ക് ചുരത്തിലെ 6,7,8 വളവുകളുടെ നവീകരണ പ്രവൃത്തിയും തുടങ്ങും.
ഇതിനായി വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇതുവരെ നടത്തിയിട്ടില്ല. വയനാട് ബൈപാസ് (ചിപ്പിലിത്തോട്–മരുതിലാവ്–തളിപ്പുഴ) എത്രയും വേഗം യാഥാർഥ്യമാക്കാൻ നടപടി സ്വീകരിക്കുന്നതോടൊപ്പം കോഴിക്കോട് വയനാട് ജില്ലാ ഭരണ കൂടം സംയുക്തമായി ചുരത്തിലെ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് നോഡൽ ഓഫിസറുടെ നേതൃത്തിൽ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
ചുരത്തിലെ പ്രധാന വളവുകളിൽ രാത്രിയും പകലും പൊലീസ് സാന്നിധ്യം ഉറപ്പാക്കണം.
ചുരത്തിൽ നൈറ്റ് പട്രോളിങ് ശക്തമാക്കുകയും വേണം. ആവശ്യമായ ഇന്ധനവും മറ്റും കരുതാതെ ചുരത്തിൽ കുടുങ്ങി ഗതാഗത തടസ്സം ക്ഷണിച്ച് വരുത്തുന്നതിനെതിരെയും കർശന നടപടി സ്വീകരിക്കണം.
ഗതാഗത തടസ്സം നേരിടുമ്പോൾ വാഹനങ്ങൾ നിയന്ത്രണം ലംഘിച്ച് മറി കടക്കുന്നതിനെതിരെ കനത്ത ഫൈൻ ചുമത്തുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

