കോഴിക്കോട്∙ പ്രതിഷേധവുമായി തെരുവിലിറങ്ങാനിരുന്നവർ പാട്ടുപാടി ആഹ്ലാദിച്ചു തിരിച്ചുപോയി. കോഴിക്കോട്ടെ കലാകാരൻമാരുടെ ആവശ്യങ്ങൾ സർക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ സംഘാടകർ അംഗീകരിച്ചതോടെയാണ് പ്രതിഷേധം ആഹ്ലാദത്തിനു വഴി മാറിയത്.
സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടികളിൽ നിന്നു പ്രാദേശിക കലാകാരന്മാരെയും കലാ സംഘടനകളെയും ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് കലാകാരൻമാർ കറുത്ത തുണി കൊണ്ടു വായ മൂടിക്കെട്ടി ഉദ്ഘാടന വേദിയിലേക്ക് നടത്താനിരുന്ന പ്രകടനമാണ് ഒഴിവാക്കിയത്.
ബീച്ചിനടുത്ത കലാ സ്ക്വയറിൽ കലാകാരന്മാർ ഒരുമിച്ചു കൂടി പ്ലക്കാർഡ് പിടിച്ച് പ്രതിഷേധ ജാഥയായി വേദിക്കരികിലേക്ക് നീങ്ങാനായിരുന്നു തീരുമാനം. പ്ലക്കാർഡുകളും കറുത്ത തുണിയും ബാനറുമായി കലാ സാംസ്കാരിക സംയുക്ത വേദിയുടെ നേതൃത്വത്തിൽ കലാകാരൻമാർ എത്തിയെങ്കിലും പ്രതിഷേധ പരിപാടി തുടങ്ങുന്നതിനു തൊട്ടു മുൻപായി, പ്രാദേശിക കലാകാരൻമാരെ ഓണാഘോഷ പരിപാടികളിൽ ഉൾക്കൊള്ളിച്ചതായ രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചു.
കിഷോർ കുമാർ ആലപിച്ച സിന്തകി ഏക് സഫർ ഹെ സുഹാൻ…….
എന്നു തുടങ്ങുന്ന ഗാനം സംഘം ചേർന്ന് ആലപിച്ച് കലാകാരൻമാർ സന്തോഷത്തോടെ പിരിഞ്ഞു. പ്രതിഷേധത്തെ കുറിച്ച് അറിഞ്ഞ സർക്കാർ തിരുവനന്തപുരത്ത് നിന്ന് ഓണാഘോഷ പരിപാടിയുടെ മുഖ്യ സംഘാടകരിൽ ഒരാളെ, കലാ സാംസ്കാരിക സംയുക്ത വേദിയുടെ പ്രതിനിധികളുമായി ചർച്ച നടത്താൻ കോഴിക്കോട്ടേക്ക് അയക്കുകയായിരുന്നു.
വേദിയുടെ പ്രതിനിധികളായ വിൽസൺ സാമുവൽ, കെ.സലാം എന്നിവരുമായി നടത്തിയ ചർച്ചയിൽ കോഴിക്കോട്ടെ കലാകാരൻമാർക്ക് ചുരുങ്ങിയത് 5 പരിപാടികൾ നൽകണമെന്ന ആവശ്യം ഇവർ മുന്നോട്ട് വച്ചു.
മന്ത്രി പി.എ.മുഹമ്മദ് റിയാസും കോഴിക്കോട്ടെ കലാകാരൻമാരുടെ ആവശ്യം ന്യായമാണെന്ന നിലപാട് സ്വീകരിച്ചതോടെയാണ് 4 പരിപാടികൾ കോഴിക്കോട്ടെ കലാകാരൻമാർക്ക് അനുവദിക്കാൻ തീരുമാനമായത്. ഓണാഘോഷ പരിപാടിയുടെ പ്രധാന വേദിയിൽ 250 രൂപ ടിക്കറ്റ് വയ്ക്കാനുള്ള നീക്കം കലാ സാംസ്കാരിക സംയുക്ത വേദിയുടെ പ്രതിഷേധത്തെ തുടർന്ന് ഒഴിവാക്കിയതായും വേദിയുടെ നേതാക്കൾ പറഞ്ഞു.
കെ.സലാം, വിൽസൺ സാമുവൽ, നൗഷാദ് അരീക്കോട്, നിധീഷ് കാർത്തിക്, സുധീഷ് നാട്ടുവെളിച്ചം, ആർ.ജയന്ത്കുമാർ, സലാം വെള്ളയിൽ, സലീഷ് ശ്യാം വിശ്വനാഥൻ, മെഹബൂബ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]