കൂരാച്ചുണ്ട് ∙ പഞ്ചായത്ത് പരിധിയിൽ പൊതുശ്മശാനമില്ല, വീട്ടുമുറ്റത്ത് ചിതയൊരുക്കി കുടുംബം. ഇന്നലെ കല്ലാനോട് 28 ാം മൈലിൽ മരിച്ച വീട്ടമ്മയ്ക്ക് വീട്ടുമുറ്റത്താണ് ചിതയൊരുക്കിയത്.
4 സെന്റ് ഭൂമി മാത്രമുള്ള ഈ കുടുംബത്തിന് മൃതദേഹം സംസ്കരിക്കാൻ മറ്റു മാർഗമില്ല. 2017ൽ ഡെങ്കിപ്പനി സമയത്ത് വിവിധ ഉന്നതികളിൽ മരിച്ചവരുടെ മൃതദേഹം വീട് പൊളിച്ചു സംസ്കരിച്ച സംഭവങ്ങളുമുണ്ടായിരുന്നു.
ഒട്ടേറെ പേരെ മുൻപും വീട്ടുമുറ്റത്ത് സംസ്കരിച്ചിട്ടുണ്ട്. 41 വർഷം മുൻപ് പൊതുശ്മശാനത്തിനു പൊന്നുണ്ടമലയിൽ സർക്കാർ ഭൂമി അനുവദിച്ചെങ്കിലും സർക്കാരിന്റെയും പഞ്ചായത്തിന്റെയും അവഗണന കാരണം ജനങ്ങളുടെ ദുരിതം തുടരുകയാണ്.
2013ൽ സർക്കാർ ശ്മശാനത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിരുന്നു.
2 വർഷം മുൻപ് ശ്മശാന ഭൂമിക്കു വേലി നിർമിച്ച് ബോർഡ് സ്ഥാപിക്കുകയും ചെയ്തു. 2024 നവംബർ 28ന് സർക്കാർ കിഫ്ബി മുഖേന 2.32 കോടി രൂപ ആധുനിക വാതക ശ്മശാനം നിർമിക്കാൻ അനുവദിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഡിപിആർ തയാറാക്കി സമർപ്പിച്ചു.
പൊതുമരാമത്ത് നിരക്കിൽ മാറ്റം വന്നതിനാൽ പുതിയ നിരക്കിലേക്ക് എസ്റ്റിമേറ്റ് മാറ്റി പ്രവൃത്തിയിൽ ചെറിയ മാറ്റങ്ങൾ വരുത്തി ഒരാഴ്ച മുൻപ് സമർപ്പിച്ചെന്നാണു പഞ്ചായത്ത് അധികൃതർ പറയുന്നത്. എസ്റ്റിമേറ്റ് സൂക്ഷ്മപരിശോധന നടത്തി സാങ്കേതികാനുമതി ലഭിച്ചാൽ മാത്രമേ ടെൻഡർ നടപടികൾ ആരംഭിക്കാൻ കഴിയൂ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]