
45 വിഷപ്പാമ്പുകളോടൊത്ത് 681 മണിക്കൂർ കണ്ണാടിക്കൂട്ടിൽ; സർപ്പയജ്ഞത്തിലൂടെ പ്രശസ്തനായ പാമ്പു വേലായുധൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ സർപ്പയജ്ഞത്തിലൂടെ പ്രശസ്തനായ പാമ്പു വേലായുധന്റെ വേർപാടിനു ഇന്ന് കാൽനൂറ്റാണ്ടു പൂർത്തിയാകുന്നു. വൈദ്യുതി ബോർഡിൽ ലൈൻമാനായിരുന്ന ബേപ്പൂർ തമളിപ്പറമ്പ് വേലായുധൻ സർപ്പയജ്ഞങ്ങളുടെ തിരക്കു കാരണം 1980ൽ ജോലി രാജിവച്ച് മുഴുവൻ സമയവും പാമ്പുകൾക്കൊപ്പം കഴിയാൻ തീരുമാനിക്കുകയായിരുന്നു. ഡൽഹി, മുംബൈ, ചെന്നൈ, പട്ന, ബെംഗളൂരു തുടങ്ങിയ വൻ നഗരങ്ങളിലെല്ലാം സർപ്പയജ്ഞം നടത്തിയ വേലായുധന് എൺപതിലേറെ തവണ പാമ്പു കടിയേറ്റിട്ടുമുണ്ട്. മിക്കവാറും സ്വയം ചികിത്സയിലൂടെയാണു രക്ഷപ്പെട്ടതും.
കേരളത്തിനകത്തും പുറത്തും നൂറിലേറെ സർപ്പയജ്ഞങ്ങൾ നടത്തിയ വേലായുധന്റെ തുടക്കം കോഴിക്കോട്ടായിരുന്നു. കണ്ണാടിക്കൂട്ടിൽ കൂടുതൽ കാലം ചെലവഴിച്ച് ലോക റെക്കോർഡ് നേടാൻ 1980 ഓഗസ്റ്റ് 17ന് കോർപറേഷൻ സ്റ്റേഡിയത്തിൽ ആരംഭിച്ച സർപ്പയജ്ഞം ലക്ഷ്യം കൈവരിച്ചില്ലെങ്കിലും വേലായുധനു ലോകമെങ്ങും പ്രശസ്തി നൽകി. 45 വിഷപ്പാമ്പുകളോടൊത്ത് അന്ന് 681 മണിക്കൂർ കണ്ണാടിക്കൂട്ടിൽ ചെലവഴിച്ച വേലായുധന് 5 തവണ സർപ്പദംശനമേറ്റു. ആശുപത്രിയിൽനിന്നിറങ്ങി വീണ്ടും യജ്ഞത്തിനെത്തിയെങ്കിലും ലോക റെക്കോർഡു നേടാനാവാതെ അവസാനിപ്പിക്കേണ്ടിവന്നു. സർപ്പയജ്ഞങ്ങളിലെ മികവിന് 1981ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയിൽനിന്ന് പ്രത്യേക പുരസ്കാരവും ലഭിച്ചിരുന്നു.
മുഖദാറിലെ വീട്ടിൽനിന്നു പിടികൂടി കൊണ്ടുവന്നു സ്വന്തം വീട്ടിൽ വളർത്തുകയായിരുന്ന പാമ്പിന്റെ കടിയേറ്റു ചികിത്സയിൽ കഴിയുന്നതിനിടയിലാണ് അദ്ദേഹം മരിച്ചത്. വെള്ള വെമ്പാല ഇനത്തിൽപെട്ട മൂർഖൻ പാമ്പിനു ഭക്ഷണം നൽകുന്നതിനിടയിലാണു വലതുകാലിന്റെ നെരിയാണിക്കു കടിയേറ്റത്. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2000 മേയ് 2ന് മരിച്ചു.