താമരശ്ശേരി∙ എലോക്കരയിൽ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിന്റെ പ്ലാന്റിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 75 ലക്ഷം രൂപയുടെ നാശനഷ്ടം. എംആർഎം ഇക്കോ സൊലൂഷൻസ് പ്രൈവറ്റ് കമ്പനി പ്ലാന്റിൽ വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയാണു തീ പടർന്നത്.
മുക്കം, നരിക്കുനി, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാ സേന എത്തി 6 മണിക്കൂർ പരിശ്രമിച്ചാണ് അണച്ചത്. ഇതോടെ, ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
പ്ലാസ്റ്റിക് കൂനയിൽ തീപിടിച്ച് മുന്നിലെ മൂന്നുനില ഓഫിസ് കെട്ടിടത്തിലേക്ക് പടരുകയായിരുന്നു.
കെട്ടിടത്തിലെ വാതിൽ, ജനൽ, ഫർണിച്ചർ, റഫ്രിജറേറ്റർ, ഇന്റീരിയർ, വിലപ്പെട്ട രേഖകൾ ഉൾപ്പടെ മുഴുവൻ സാധനങ്ങളും കത്തിനശിച്ചു.
യന്ത്രസാമഗ്രികൾ, നിർത്തിയിട്ടിരുന്ന പിക്കപ്പ് വാഹനം എന്നിവയും കത്തിനശിച്ചു. കെട്ടിടം പുനരുദ്ധരിക്കാൻ കഴിയാതെ വന്നാൽ നഷ്ടം ഒരു കോടി കവിയും.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പൊട്ടിച്ച പടക്കത്തിൽ നിന്നു തീ പടർന്നതാണന്നാണ് പ്രാഥമിക നിഗമനം.
ഓഫിസിന് പിൻവശത്തെ ഷെഡിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചു പടരുകയായിരുന്നു. പ്ലാന്റിന് തൊട്ടടുത്തായി താമസിച്ചിരുന്ന അതിഥിത്തൊഴിലാളികളും മറ്റും ഓടിയെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. പ്ലാന്റിലും ഓഫിസിലും രാത്രി ജീവനക്കാർ ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.
അപകട
സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേന ഈങ്ങാപ്പുഴയിലെ മാൾ, കണ്ണാശുപത്രി എന്നിവിടങ്ങളിലെ ജല സംഭരണികളിൽ നിന്നും ഈങ്ങപ്പുഴ തോട്ടിൽ നിന്നും വെള്ളം ശേഖരിച്ചാണ് തീ അണച്ചത്. രാവിലെ 9.30ന് ആണു തീ പൂർണമായും അണച്ചത്.
മുക്കം ഫയർ സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽ ഗഫൂർ, സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫിസർ എൻ.രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റും വെള്ളിമാടുകുന്നിലെ സീനിയർ ഫയർ ഓഫിസർ നൗഷാദിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റും നരിക്കുനിയിൽ നിന്ന് സീനിയർ ഫയർ ഓഫിസർ രാഗിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റും ഉൾപ്പെടെ നാൽപതോളം സേനാംഗങ്ങൾ 6 മണിക്കൂർ പരിശ്രമിച്ചാണ് തീ അണച്ചത്.
താമരശ്ശേരി പൊലീസും സ്ഥലത്തെത്തി.
മുക്കം വാലില്ലാപ്പുഴ സ്വദേശി മുഹമ്മദ് താഹയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം ഷാഹിദ് കുട്ടമ്പൂർ, പി.എം.നസ്റുദ്ദീൻ, സുനിൽ പുത്തൻ വീട്ടിൽ എന്നിവർ പാട്ടത്തിനെടുത്ത് പ്ലാസ്റ്റിക് സംഭരണ യൂണിറ്റ് നടത്തി വരികയായിരുന്നു. പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രം കോയമ്പത്തൂരിലാണ് പ്രവർത്തിക്കുന്നത്.
ഈ സ്ഥാപനത്തിൽ 45 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

