കോഴിക്കോട് ∙ പുതുവത്സരാഘോഷത്തിന് സുരക്ഷയ്ക്കെത്തിയ പൊലീസ് സംഘത്തിന് ദാഹം തീർക്കാൻ വെള്ളം നൽകിയ യുവാവ് പിടികിട്ടാപ്പുള്ളിയാണെന്നു തിരിച്ചറിഞ്ഞു അറസ്റ്റ് ചെയ്തു. പ്രതിയുമായി മൽപിടിത്തത്തിൽ ഇൻസ്പെക്ടർ ഉൾപ്പെടെ 4 പൊലീസുകാർക്ക് മർദനമേറ്റു. ഒട്ടേറെ കേസുകളിൽ പിടികിട്ടാപ്പുള്ളിയായ ബേപ്പൂർ സ്വദേശി അയനിക്കൽ ശ്രീസരോജം വീട്ടിൽ അഭിരാമിനെ (ലൂക്ക – 23) നെ ആണ് നടക്കാവ് ഇൻസ്പെക്ടർ എൻ.പ്രജീഷും സംഘവും നാടകീയമായി പിടികൂടിയത്.
പുതുവത്സര തലേന്നു രാത്രി സരോവരത്തു നടന്ന പരിപാടിക്കിടയിലാണു സംഭവം.
രണ്ടു മാസം മുൻപ് തൊണ്ടയാട് ബൈപാസിൽ 3 പൊലീസുകാരെ മർദിച്ചു കടന്ന സംഭവത്തിനു ശേഷം രൂപം മാറിയ ഇയാളെ പൊലീസ് തിരയുന്നതിനിടയിലാണു പിടിയിലായത്.സരോവരത്ത് പരിപാടിക്ക് എത്തിയവർക്ക് ദാഹജലം വിതരണം ചെയ്യുന്നതിനിടെ അഭിരാം പൊലീസുകാർക്കും വെള്ളം നൽകി.
ഡ്യൂട്ടിയിലുള്ള പൊലീസുകാരിൽ ഒരാൾ അന്ന് ബൈപാസിൽ മർദനമേറ്റ പൊലീസുകാരനായിരുന്നു. സംശയം തോന്നി ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു.
ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി. യുവാവിനെ ചോദ്യം ചെയ്തപ്പോൾ താൻ അഭിരാമല്ലെന്നും സഹോദരനാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
തുടർന്ന് യുവാവിന്റെ ഫോട്ടോ പകർത്തി പൊലീസ് ക്രൈം ഫയൽ സംഘത്തിനു നൽകി അഭിരാം തന്നെയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഇൻസ്പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോഴാണ് പൊലീസുകാരെ ആക്രമിച്ചത്.
ഇൻസ്പെക്ടറുടെ കൈക്കും ചുമലിലും പരുക്കേറ്റു. പ്രതിയെ കീഴ്പ്പെടുത്തി സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാൾക്കെതിരെ നടക്കാവ് പൊലീസ് പോക്സോ കേസെടുത്തിരുന്നു.
ഈ സംഭവത്തിൽ കഴിഞ്ഞ ഒക്ടോബറിൽ അറസ്റ്റ് ചെയ്യാൻ തൊണ്ടയാട് ബൈപാസിലെ ഫ്ലാറ്റിൽ എത്തിയപ്പോഴാണ് 3 പൊലീസുകാരെ മർദിച്ച് ഓടിയത്. ബൈപാസ് 6 വരി മറികടന്ന് 4 മീറ്റർ താഴ്ചയിലുള്ള സർവീസ് റോഡിൽ ചാടിയാണ് കടന്നുകളഞ്ഞത്. ഇയാൾക്കെതിരെ പന്തീരാങ്കാവ്, ടൗൺ പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

