കോഴിക്കോട് ∙ കർണാടകയിൽ നിന്നുള്ള ചരക്കു വാഹനങ്ങൾക്ക് കേരളത്തിലേക്ക് ഇടതടവില്ലാതെ കടന്നുവരാൻ ഉദ്ദേശിച്ച് നേരത്തെ പ്രഖ്യാപിച്ചിരുന്ന മൈസൂരു– കുട്ട– മാനന്തവാടി– പുറക്കാട്ടിരി ഗ്രീൻഫീൽഡ് ഹൈവേ നടപടികൾ പുനരാരംഭിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. ബന്ദിപ്പൂർ വനമേഖലയിലൂടെ കടന്നു പോകുന്ന ദേശീയപാത 766 ലെ രാത്രിയാത്ര നിരോധനവും താമരശ്ശേരി ചുരത്തിലെ പതിവായുള്ള ഗതാഗത കുരുക്കും കാരണം ചരക്കുവാഹനങ്ങളുടെ നീക്കത്തിനു വലിയ കാലതാമസം നേരിടുന്നുണ്ട്.
ഇതിനൊരു ശാശ്വത പരിഹാരം എന്ന നിലയിലാണ് കർണാടകയിലെ കുട്ടയിൽ നിന്നു പുറപ്പെട്ട് മാനന്തവാടി കുറ്റ്യാടി ചുരം വഴി കോഴിക്കോട്ടെ പുറക്കാട്ടിരി വരെ നീളുന്ന ഗ്രീൻഫീൽഡ് ഹൈവേ വിഭാവനം ചെയ്തത്. 2024 ജനുവരി 5 ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ഈ പാത പ്രഖ്യാപിച്ചത്.
ഡിപിആർ തയാറാക്കാൻ ഒരു കൺസൽറ്റൻസിയെ നിയോഗിച്ചതായും 2025 ജനുവരിയിൽ അന്തിമരൂപം പുറത്തുവരുമെന്നും സൂചിപ്പിച്ചിരുന്നു. ബെംഗളൂരുവും കേരളവുമായി രാത്രിയാത്രാ നിരോധനം ഇല്ലാതെ വനമേഖല ഒഴിവാക്കി, 24 മണിക്കൂറും തടസമില്ലാതെ ചരക്ക് ഗതാഗതം സാധ്യമാക്കുന്ന പാതയായിരിക്കും ഇതെന്നും പ്രഖ്യാപന വേളയിൽ കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.
എന്നാൽ പിന്നീട് ഭാരത്മാല പദ്ധതിയിൽ ഉൾപ്പെട്ട ഒട്ടേറെ പ്രോജക്ടുകൾ താൽക്കാലികമായി മാറ്റിവച്ചതായി വാർത്ത വന്നു.
2024 ഡിസംബറിൽ എംപിമാരായ എം.കെ.രാഘവനും ഷാഫി പറമ്പിലും ഈ വിഷയം ലോക്സഭയിൽ ഉന്നയിച്ചപ്പോൾ നിലവിൽ ഈ പാത പരിഗണനയിൽ ഇല്ലെന്ന ഉത്തരമാണ് ലഭിച്ചത്.
നിലവിൽ ബെംഗളൂരു– മൈസൂർ– കോഴിക്കോട് നഗരങ്ങളെ ബന്ധപ്പെടുത്തി പൂർണമായും വനമേഖല ഒഴിവാക്കി നിർമിക്കാൻ സാധിക്കുന്ന ഏറ്റവും ചെലവ് കുറഞ്ഞതും ദൂരം കുറഞ്ഞതുമായ കുട്ട–പുറക്കാട്ടിരി ഗ്രീൻഫീൽഡ് ഹൈവേ എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ എൻ.യു.പ്രവീണും കെ.പി.കുഞ്ഞികൃഷ്ണനും ടി.പി.അബ്ദുൽ ലത്തീഫും ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]