കേരളത്തിലെ മത്സ്യത്തൊഴിലാളി വനിതകളുടെ ആദ്യ പെഡൽ ബോട്ട് സംരംഭത്തിന് ഈ മാസം മൂന്നാം പിറന്നാൾ. തലക്കുളത്തൂർ പാവയിൽ ചീർപ്പിനു സമീപം പൊങ്ങിലോടിപ്പാറ ബണ്ടിനു സമീപം അകലാപ്പുഴയുടെ തീരത്ത് 2022 സെപ്റ്റംബറിലാണ് അകലാപ്പുഴ ആക്ടിവിറ്റി ഗ്രൂപ്പിന്റെ പെഡൽ ബോട്ട് സർവീസ് തുടങ്ങിയത്.
4 പേർക്കു യാത്ര ചെയ്യാവുന്ന 3 പെഡൽ ബോട്ടും 2 പേർക്കു യാത്ര ചെയ്യാവുന്ന ഒരെണ്ണവും ഒരാൾക്കു മാത്രം യാത്ര ചെയ്യാവുന്ന ഒരു പെഡൽ ബോട്ടുമാണ് ഇവർക്കുള്ളത്. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വനിതകൾക്കും കുട്ടികൾക്കും പ്രശ്നങ്ങളില്ലാതെ യാത്ര ചെയ്യാമെന്നതും സുരക്ഷാ മുൻകരുതലുമാണ് ഈ സംരംഭത്തിനു കുതിപ്പേകുന്നത്.
കണ്ണങ്കര മക്കട
ഉൾനാടൻ മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിലെ അംഗങ്ങളുടെ ഭാര്യമാരായ 5 പേരാണ് ഈ സംരംഭത്തിനു തുടക്കം കുറിച്ചത്. (വ്യക്തിപരമായ അസൗകര്യം കാരണം 2 പേർ പിന്നീട് പിന്മാറി).
സംരംഭം വിജയിക്കുമോയെന്നതിൽ ആശങ്കയുണ്ടായിരുന്നതായി ഇതിനെ നയിക്കുന്ന എം.പി.ലിജയയും പി.യു.നജ്നയും ടി.ഫാസിലയും ഓർമിക്കുന്നു. ‘നിങ്ങളിതെന്തു കാട്ടിക്കൂട്ടാനാണ് ഇറങ്ങിത്തിരിച്ചത്’ എന്നു ചോദിച്ചവരിൽ പരിചയക്കാരും സുഹൃത്തുക്കളും ഉണ്ടായിരുന്നു. പക്ഷേ, ഭർത്താക്കൻമാരുടെ പിന്തുണയും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമന്റെ (സാഫ്) സഹായവും തുണയായി.
6.67 ലക്ഷം രൂപയുടെ പ്രോജക്ടിൽ സാഫ് മുഖേന 5 ലക്ഷം രൂപ സബ്സിഡി ലഭിച്ചു.
ശേഷിക്കുന്ന തുക ബാങ്ക് വായ്പയും ഗുണഭോക്തൃ വിഹിതവും. ബോട്ടിന്റെ പ്രവർത്തനം, മാർക്കറ്റിങ്, ഇടപാടുകാരോടുള്ള പെരുമാറ്റം തുടങ്ങി വിവിധ മേഖലകളിൽ 5 ദിവസത്തെ പരിശീലനത്തിനു ശേഷമാണു സംരംഭം തുടങ്ങിയത്.
പ്രവർത്തനം 3 വർഷം പിന്നിട്ടപ്പോഴേക്കും ബാങ്ക് വായ്പ തിരിച്ചടച്ചു കഴിഞ്ഞു. മഴയും പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയാണ്. ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പു പാലിച്ചാണു പെഡൽ ബോട്ട് സർവീസ്.
തെളിഞ്ഞ കാലാവസ്ഥയും അവധിക്കാലവും ആഘോഷ വേളകളുമാണ് ഈ സംരംഭത്തെ മുന്നോട്ടു നയിക്കുന്നത്.
പിന്നെ, പാവയിൽ ഫെസ്റ്റ് പോലുള്ള പരിപാടികളും. അവധിക്കാലത്തു 35,000 രൂപ വരെ വരുമാനം കിട്ടിയ മാസങ്ങളുണ്ട്.
കാലാവസ്ഥ പ്രതികൂലമാകുമ്പോൾ 5,000 രൂപ പോലും കിട്ടാത്ത മാസങ്ങളുമുണ്ട്. വൈകിട്ട് 3 മുതൽ 6 വരെയാണു ബോട്ട് യാത്ര.
മുൻകൂട്ടി വിളിച്ചുപറഞ്ഞ് എത്തുന്ന കുടുംബങ്ങൾ ഒട്ടേറെ. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതൽ ഉറപ്പാക്കിയാണു സർവീസ്. പെഡൽ ബോട്ട് പുഴയിൽ കുടുങ്ങിയാലും യന്ത്രത്തകരാർ നേരിട്ടാലും യാത്രക്കാർക്കു ചവിട്ടാൻ പറ്റാതായാലും വനിതാ ടീം മറ്റൊരു ബോട്ടിലെത്തി രക്ഷാപ്രവർത്തനം നടത്തും.
ഒരു വിളിപ്പാടകലെ, സംരംഭകരുടെ ഭർത്താക്കന്മാർ ഉൾപ്പെട്ട റെസ്ക്യു ടീം ഏത് അടിയന്തര ഘട്ടത്തിലും സഹായത്തിനുണ്ട്.
മഴക്കാലത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാൻ, പെഡൽ ബോട്ട് സർവീസിനൊപ്പം സ്നാക്ക് – ജ്യൂസ് കൗണ്ടർ കൂടി ഉടനെ തുടങ്ങാനാണ് ഇവരുടെ പുതിയ തീരുമാനം.
ഇതുവഴി, മഴക്കാലത്തു ചെറുകടികൾ ഉൾപ്പെടെ തയാറാക്കി നൽകി വരുമാനം കണ്ടെത്താകുമെന്നാണു പ്രതീക്ഷ. പുറത്തിറങ്ങി ആത്മവിശ്വാസത്തോടെ സംസാരിക്കാൻ കഴിയുന്നത്, സ്വയം വരുമാനം നേടുന്നത്, ഏത് പ്രതിസന്ധിയെയും നേരിടാൻ കഴിയുമെന്ന ധൈര്യം – 3 വർഷം കൊണ്ട് ഇവർ കൈവരിച്ച നേട്ടങ്ങൾ. യാത്രയ്ക്കു മുൻപു വിളിക്കാം: 7034932013 (പകൽ 9–3) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]