ആനക്കാംപൊയിൽ∙ കോരിച്ചൊരിയുന്ന മഴയിലും തടിച്ചുകൂടിയ ആയിരക്കണക്കിനു ജനങ്ങൾ സാക്ഷി; ആനക്കാംപൊയിൽ–കള്ളാടി ബദൽ പാതയുടെ നിർമാണത്തിനു തുടക്കമായി. സെന്റ് മേരീസ് യുപി സ്കൂൾ മൈതാനത്തെ പന്തലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നിർവഹിക്കുന്നതു കാണാൻ മലയോരമേഖലയിലെ പഞ്ചായത്തുകളിൽനിന്നും വയനാട്ടിലെ മേപ്പാടി പ്രദേശത്തുനിന്നുമാണ് ജനാവലി ഒഴുകിയെത്തിയത്. ബദൽ റോഡ് എന്ന സ്വപ്നത്തിനു പകരം ഇരട്ട
തുരങ്കപ്പാതയെന്ന അത്യപൂർവതയാണ് നിർമിക്കാൻ പോകുന്നതെന്ന ആവേശവും അലയടിക്കുകയാണ്.
കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ മുത്തപ്പൻ പുഴയ്ക്കു സമീപം മറിപ്പുഴയിൽനിന്നു തുടങ്ങുന്ന തുരങ്കപ്പാത വയനാട് ജില്ലയിൽ മേപ്പാടി–ചൂരൽമല റോഡിൽ കള്ളാടി മീനാക്ഷിപാലത്തിനു സമീപത്താണ് എത്തിച്ചേരുക. നിർമാണം പൂർത്തിയാകുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ തുരങ്കപ്പാതയും രാജ്യത്തെ ഏറ്റവും വലിയ ഇരട്ട തുരങ്കപ്പാതയുമായി ഇതു മാറും.
രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്കപ്പാതയും ഇതാവും.
നിർമാണോദ്ഘാടന ചടങ്ങിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷനായിരുന്നു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, എ.കെ.ശശീന്ദ്രൻ, ഒ.ആർ.കേളു, ലിന്റോ ജോസഫ് എംഎൽഎ, ടി.സിദ്ദീഖ് എംഎൽഎ, പി.ടി.എ.റഹീം എംഎൽഎ, മുൻ എംഎൽഎമാരായ ജോർജ് എം.തോമസ്, സി.കെ.ശശീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കലക്ടർ സ്നേഹിൽ കുമാർ സിങ്, താമരശ്ശേരി രൂപത ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, കെആർസിഎൽ ഡപ്യൂട്ടി സിഇഒ ബിരേന്ദ്രകുമാർ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അഷ്റഫ്, മുക്കം നഗരസഭാധ്യക്ഷൻ പി.ടി.ബാബു, പാത കടന്നുപോകുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റുമാരായ ബിന്ദു ജോൺസൺ (തിരുവമ്പാടി), കെ.ബാബു (മേപ്പാടി) അലക്സ് തോമസ് ചെമ്പകശ്ശേരി (കോടഞ്ചേരി), ആദർശ് ജോസഫ് (കൂടരഞ്ഞി), നജ്മുന്നീസ ഷെരീഫ് (പുതുപ്പാടി), സുനിത രാജൻ (കാരശ്ശേരി), ദിവ്യ ഷിബു (കൊടിയത്തൂർ), ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ.ഹാഷിം തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതീക്ഷകൾ ഒരു കുടക്കീഴിൽ
കോരിച്ചൊരിയുന്ന മഴയത്ത് തുറന്ന ജീപ്പിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസും ടി.സിദ്ദീഖ് എംഎൽഎയും ലിന്റോ ജോസഫ് എംഎൽഎയും ഒരു കുടക്കീഴിൽനിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. തുരങ്കപ്പാതയുടെ പ്രവൃത്തി ഉദ്ഘാടനത്തിനു മുന്നോടിയായി പെരുമഴയത്ത് നടന്ന ഘോഷയാത്ര പോലും ജനങ്ങൾ പദ്ധതിയെ എത്ര ആവേശത്തോടെയാണ് വരവേൽക്കുന്നതെന്നതിനു തെളിവായിരുന്നു. സ്വപ്നപദ്ധതിയായ തുരങ്കപ്പാത 4 വർഷം കൊണ്ടു നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
കോഴിക്കോട്–വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8.73 കിലോമീറ്റർ തുരങ്കപ്പാത കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഒന്നാണ്.
പൊതുമരാമത്ത് വകുപ്പിനാണ് മേൽനോട്ട ചുമതല.
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽനിന്ന് (കിഫ്ബി) ലഭ്യമാക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. പദ്ധതിയുടെ നടത്തിപ്പിനും നിർവഹണത്തിനുമുള്ള സ്പെഷൽ പർപ്പസ് വെഹിക്കിൾ (എസ്പിവി) കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡാണ്. 4 വർഷം കൊണ്ട് പദ്ധതി പൂർത്തിയാകും.
ഭോപാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിലിപ് ബിൽഡ്കോൺ, കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ സ്ഥാപനങ്ങളാണ് കരാർ ഏറ്റെടുത്തത്.
2134. 5 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. പദ്ധതിയുമായി ബന്ധപ്പെട്ട് 2020 ഒക്ടോബർ അഞ്ചിനാണ് ആദ്യ ഉദ്ഘാടനച്ചടങ്ങ് തിരുവമ്പാടിയിൽ നടന്നത്. പദ്ധതി ലോഞ്ചിങ്ങാണ് അന്നു നടന്നത്. പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച ശേഷമാണ് നിർമാണ ഉദ്ഘാടനച്ചടങ്ങ് ഇന്നലെ നടന്നത്.
ഉദ്ഘാടനം അതീവ സുരക്ഷയിൽ
മാവോയിസ്റ്റ് സാന്നിധ്യമുള്ള ആനക്കാംപൊയിൽ മേഖലയിൽ നിർമിക്കുന്ന തുരങ്കപാതയ്ക്കെതിരെ മാവോയിസ്റ്റ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട
സാഹചര്യത്തിൽ ഉദ്ഘാടനച്ചടങ്ങ് നടത്തിയത് അതീവസുരക്ഷ ഒരുക്കിയാണ്. പുല്ലൂരാംപാറയിലാണ് കഴിഞ്ഞദിവസം മാവോയിസ്റ്റ് കബനീദളത്തിന്റെ പേരിലുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
പശ്ചിമഘട്ട പ്രദേശങ്ങളെ തകർക്കുന്ന പാത നിർമാണം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്റർ പതിച്ചത്.
സംഭവത്തിൽ യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്.
നികുതി ഇളവുകൾ സംസ്ഥാനങ്ങൾക്ക് നഷ്ടമുണ്ടാക്കും: മന്ത്രി ബാലഗോപാൽ
പ്രധാനമന്ത്രി മുൻകൂട്ടി പ്രഖ്യാപിച്ച നികുതി ഇളവുകൾ സെപ്റ്റംബർ മൂന്നിനും നാലിനും ഡൽഹിയിൽ നടക്കുന്ന ജിഎസ്ടി കൗൺസിലിൽ അംഗീകരിക്കപ്പെടുന്നതോടെ സംസ്ഥാനങ്ങൾക്ക് വരുമാനത്തിൽ വൻ നഷ്ടമുണ്ടാകുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ.
കോഴിക്കോട്– വയനാട് തുരങ്കപ്പാതയുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി വഴി വിവിധ പദ്ധതികൾക്കായി ചെലവാക്കിയ തുക വായ്പാപരിധിയിൽ പെടുത്തുമെന്ന കേന്ദ്ര നിലപാട് സംസ്ഥാനത്തിന്റെ വായ്പാപരിധി വെട്ടിക്കുറയ്ക്കുകയാണ്.
ഓണം കഴിയുന്നതോടെ വീണ്ടും വെട്ടിക്കുറയ്ക്കൽ വരാനിരിക്കുകയാണ്.
കേരളവും കർണാടകയും തെലങ്കാനയും അടക്കമുള്ള 8 സംസ്ഥാനങ്ങൾ ഇതിനെതിരെ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. 15 വർഷം മുൻപ് പാരസെറ്റമോൾ പോലുള്ള മരുന്നുകൾ ഫണ്ട് ഇല്ലാത്തതുമൂലം നിലച്ചുവെന്നാണ് പരാതി കേൾക്കാറുള്ളത്.
എന്നാൽ ഒന്നരലക്ഷം രൂപ ചെലവുവരുന്ന ഹൃദയശസ്ത്രക്രിയയ്ക്കുള്ള സ്റ്റെന്റ് പോലും കേരളത്തിൽ ജനങ്ങളുടെ അവകാശമായി മാറിയത് ആരോഗ്യരംഗത്തിന്റെ വളർച്ചയാണ്. ഇപ്പോൾ സ്റ്റെന്റിനുള്ള ഫണ്ട് കിട്ടുന്നില്ലെന്ന പരാതിയാണ് കേൾക്കുന്നത്. സംസ്ഥാനത്തിന്റെ വരുമാനം കുറയുമ്പോൾ ബദൽ മാർഗങ്ങളൊന്നും കേന്ദ്രം നിർദേശിക്കുന്നില്ല.
ഇത്തരം വെല്ലുവിളികളെ അതിജീവിച്ച് സാധാരണക്കാർക്കൊപ്പം സർക്കാർ നിൽക്കുമെന്നും ബാലഗോപാൽ പറഞ്ഞു.
മറക്കാനാവുമോ ആ കുട്ടികളെ?
തുരങ്കപ്പാതയുടെ നിർമാണോദ്ഘാടനം ഇന്നലെ നടന്നപ്പോൾ വാട്സാപ് ഗ്രൂപ്പുകളിലൂടെ നാട്ടുകാർ ചർച്ച ചെയ്തത് തിരുവനന്തപുരത്തെ ഒരു കോളജിലെ വിദ്യാർഥികളുടെ ദീർഘവീക്ഷണത്തെക്കുറിച്ചാണ്. ആനക്കാംപൊയിൽ–മേപ്പാടി തുരങ്കപാതയുടെ പ്രോട്ടോടൈപ്പ് മാതൃക തയാറാക്കി നൽകിയത് തിരുവനന്തപുരം മാർ ബസേലിയസ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ വിദ്യാർഥികളാണ്.
പദ്ധതിയുടെ നിർമാണത്തിനുള്ള പഠനങ്ങൾ തുടങ്ങിയ ശേഷം നിർമാണച്ചുമതലയുള്ള കൊങ്കൺ റെയിൽവേ കമ്പനിയാണ് പ്രോട്ടോടൈപ്പ് മാതൃക നിർമിക്കാൻ സഹായം തേടിയത്. കോഴിക്കോട് എൻഐടിയിൽ നിന്നെത്തിയ ഏബ്രഹാം ടി.മാത്യുവായിരുന്നു അക്കാലത്ത് കോളജ് പ്രിൻസിപ്പൽ.
കമ്പനിയുടെ എൻജിനീയർമാരുമായി അധ്യാപകരും വിദ്യാർഥികളും ചർച്ച നടത്തി.
തുടർന്ന് 2022ൽ മാതൃകയുടെ നിർമാണം തുടങ്ങി.കോളജിലെ സിവിൽ എൻജിനിയറിങ് വിഭാഗത്തിലെ 8 കുട്ടികൾ നിർമാണച്ചുമതല നിർവഹിച്ചു. വകുപ്പ് മേധാവി ഡോ.എസ്.
ജയശ്രീ, അധ്യാപിക അനുപമ കൃഷ്ണൻ എന്നിവരുടെ മേൽനോട്ടത്തിൽ മറ്റ് അധ്യാപകരുടെ സഹകരണത്തോടെയാണ് നിർമാണം പൂർത്തിയാക്കിയത്. കോളജ് പ്രിൻസിപ്പൽ വിശ്വനാഥ റാവുവിന്റെ നേതൃത്വത്തിൽ പ്രോട്ടോടൈപ്പ് മാതൃക പൊതുമരാമത്തു വകുപ്പിനു കൈമാറിയത്തുരങ്കം നിർമിക്കുന്ന തിരുവമ്പാടി മണ്ഡലത്തിന്റെ എംഎൽഎ ലിന്റോ ജോസഫ് അന്ന് തിരുവനന്തപുരത്തെ കോളജിലെത്തിയാണ് മാതൃക ആഘോഷപൂർവം ഏറ്റുവാങ്ങിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]