
കോഴിക്കോട്∙ പുതിയപാലത്ത് മഴയിൽ വെള്ളംനിറഞ്ഞു കിടന്ന കുഴിയിൽ വീണ് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവറുടെ കാലൊടിഞ്ഞു. ജീവിക്കാനുള്ള വരുമാനം മുടങ്ങിയ ഡ്രൈവർ നീതി തേടി നിയമവഴി തേടുന്നു.
വർഷങ്ങളായി നഗരത്തിൽ ഓട്ടോ ഓടിക്കുന്ന മുക്കം ചേന്ദമംഗലൂർ ഇമ്പിച്ചിത്തൊടിക വീട്ടിൽ കെ.സുഭിരാജിന്റെ കാലാണ് അപകടത്തിൽപെട്ട് ഒടിഞ്ഞത്.കഴിഞ്ഞ ദിവസം പകൽ പതിനൊന്നരയോടെയാണ് സുഭിരാജ് ഓട്ടോറിക്ഷയുമായി കല്ലുത്താൻകടവ് ഭാഗത്തുനിന്നു പുതിയപാലം ഭാഗത്തേക്കുള്ള റോഡിലൂടെ വന്നത്.
മഴയത്ത് വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ കുഴിയുണ്ടെന്നു തിരിച്ചറിഞ്ഞില്ല. ഓട്ടോറിക്ഷയുടെ മുൻ ചക്രം കുഴിയിൽവീണു.
വലത്തേക്ക് തിരിച്ചതോടെ ഓട്ടോറിക്ഷ ഇടത്തോട്ടു മറിഞ്ഞു. അടിയിൽ കാലു പെട്ടുപോയ സുഭിരാജിനെ നാട്ടുകാർ ഓടിയെത്തിയാണ് പുറത്തെടുത്തത്.
തുടർന്ന് ബീച്ച് ജില്ലാ ജനറൽ ആശുപത്രിയിലെത്തിച്ചു. കാലിന് പൊട്ടലുണ്ടെന്നു കണ്ടതോടെ ശസ്ത്രക്രിയ നടത്താൻ നിർദേശിച്ചു.
തുടർന്ന് വീടിനു സമീപത്ത് മുക്കം ഇഎംഎസ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി.
വലതു കാൽത്തണ്ടയിൽ മടമ്പിനു മുകളിലായി എല്ലിന്റെ ഇരുവശത്തും പൊട്ടലുണ്ടെന്നാണ് കണ്ടെത്തിയത്. ഇരുവശത്തും എല്ല് സ്ക്രൂ ചെയ്ത് ഉറപ്പിച്ചു.കേസെടുക്കണമെന്നാവശ്യപ്പെട്ട് സുഭിരാജ് കസബ പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പരാതി സ്വീകരിച്ചില്ല.
പൊതുമരാമത്തു വകുപ്പിനെതിരെയുള്ള പരാതിയായതിനാൽ കോടതിയെ സമീപിക്കാനാണ് പൊലീസ് അറിയിച്ചതെന്നും സുഭിരാജ് പറഞ്ഞു. നടപടിയാവശ്യപ്പെട്ട് സുഭിരാജ് ഇന്നു കോടതിയെ സമീപിക്കും.
സ്വന്തമായി ഓട്ടോറിക്ഷയില്ലാത്ത സുഭിരാജ് ദിവസ വാടകയ്ക്ക് ഓട്ടോറിക്ഷയെടുത്ത് ഓടിച്ചാണ് ജീവിക്കുന്നത്.
ദിവസവും 400 രൂപയോളം വാടകയുണ്ട്. 400 രൂപയോളം ഇന്ധനച്ചെലവുണ്ട്.
രാവും പകലും തുടർച്ചയായി ഓടിയാൽപോലും പരമാവധി 1500 രൂപ കിട്ടില്ല. ഭാര്യയും മകനും അടങ്ങുന്ന കുടുംബത്തിന് ജീവിക്കാനുള്ള വരുമാനം കിട്ടാത്ത അവസ്ഥയാണ്.
ഇതിനിടെയാണ് അപകടമെന്നും സുഭിരാജ് പറഞ്ഞു.
പുതിയപാലത്ത് പഴയ കുഴികൾ;അപകടം പതിവ്
പുതിയപാലത്തെ റോഡുകൾ വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ചെറിയ മഴയ്ക്കു പോലും ഇവിടെ വെള്ളക്കെട്ടും രൂക്ഷമാണ്.അടുത്തകാലത്ത് പുതിയപാലത്ത് പുതിയ പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ റോഡിലെ അറ്റകുറ്റപ്പണികൾ നടക്കുന്നില്ലെന്നു പരാതിയുണ്ട്.
പുതിയപാലം ജംക്ഷനിലും തളി റോഡിലും മൂരിയാട് റോഡിലും കുഴികളുണ്ട്. പുതിയ പാലം പണി വൈകുന്നതിനെതിരെ കൗൺസിലറുടെ നേതൃത്വത്തിൽ ഏതാനും ആഴ്ചകൾക്കു മുൻപ് സമരം നടന്നിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]