കുറ്റ്യാടി (കോഴിക്കോട്) ∙ കേരളത്തിലെ എംപിമാർ ഇല്ലാത്ത സമയം നോക്കിയാണ് കേന്ദ്രസർക്കാർ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി (എഫ്സിആർഎ) കൊണ്ടുവരാൻ ശ്രമിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. ബിൽ പാർലമെന്റിൽ പാസാകാതിരിക്കാൻ പ്രതിപക്ഷം എന്തു വില കൊടുത്തും ശ്രമിക്കുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുറ്റ്യാടിയിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയും മതങ്ങളുമെല്ലാം ബിജെപിക്ക് വോട്ട് തട്ടാനുള്ള ഉപകരണങ്ങൾ മാത്രമാണ്. ഹിന്ദുക്കളും ക്രൈസ്തവരുമെല്ലാം അവർക്ക് തിരഞ്ഞെടുപ്പ് വേളയിൽ മാത്രം ആവശ്യമുള്ള ഉപകരണങ്ങളാണ്.
ക്രിസ്മസ് സമയത്ത് കേക്കുമായി വരുന്ന ബിജെപി നേതാക്കളാണ് ഇപ്പോൾ നിർണായക സമയത്ത് ന്യൂനപക്ഷ സമുദായങ്ങളെ വേട്ടയാടാനുള്ള നിയമവുമായി വന്നിരിക്കുന്നത്. വടക്കേ ഇന്ത്യയിൽ വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ നടത്തുന്ന അക്രമങ്ങളുടെ തുടർച്ചയാണിത്.
പ്രതിപക്ഷ കക്ഷികൾക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് കേന്ദ്രം തിരക്കിട്ട് പാർലമെന്റിൽ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുന്നതിനു പിന്നിൽ ഗൂഢ ലക്ഷ്യമുണ്ട്.
ബംഗാൾ, കേരളം, തമിഴ്നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രതിപക്ഷത്തെ കുറെയേറെ എംപിമാർ പ്രചാരണ തിരക്കിലാണ്. ഈ സമയത്ത് പാർലമെന്റ് സമ്മേളനം തന്നെ നടത്താൻ പാടില്ലാത്തതാണ്.
എന്നിട്ടും സമ്മേളനം നടത്തിയെന്നു മാത്രമല്ല, സമ്മേളനത്തിന്റെ അവസാന ദിവസങ്ങളിലാണ് തിരക്കിട്ട് ഈ ബിൽ അവതരിപ്പിച്ചത്.
ന്യൂനപക്ഷ സമുദായ സംഘടനകളിലെ ഉൾപ്പെടെ മനുഷ്യസ്നേഹികൾ നടത്തുന്ന ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങളെ തടയാൻ ഉദ്ദേശിക്കുന്ന ബിൽ പാർലമെന്റിൽ പാസാകാതിരിക്കാൻ പ്രതിപക്ഷം എന്തു വില കൊടുത്തും ശ്രമിക്കും. അതത് സംസ്ഥാനങ്ങളിൽ അത്യാവശ്യമായി പ്രചാരണത്തിന് ഉണ്ടാകേണ്ട
എംപിമാർ ഒഴികെയുള്ളവരെയെല്ലാം കോൺഗ്രസ് നേതൃത്വം ഡൽഹിയിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്. ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തുന്നത്.
നേരത്തേ വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ഇത്തരം നീക്കങ്ങളുടെ പിന്നിലെ ഗൂഢലക്ഷ്യത്തെപ്പറ്റി താൻ പാർലമെന്റിൽ പ്രസംഗിച്ചിരുന്നു. വഖഫ് നിയമത്തിന്റെ പേരിൽ ഇന്ന് മുസ്ലിംകളുടെ സ്വത്ത് പിടിച്ചെടുക്കാൻ ശ്രമിക്കൂന്നവർ നാളെ ക്രൈസ്തവർ അടക്കമുള്ള മറ്റു വിഭാഗങ്ങളുടെ സ്വത്തുക്കളെയും ആക്രമിക്കുമെന്നാണ് അന്ന് താൻ പാർലമെന്റിൽ പ്രസംഗിച്ചത്.
ഇപ്പോൾ അത് അത് അക്ഷരംപ്രതി ശരിയായി.
നമ്മുടെ നാട്ടിൽ ആത്മാർഥമായി മനുഷ്യ സ്നേഹത്തിലൂന്നി സന്നദ്ധ സേവനം നടത്തുന്ന ഒട്ടേറെ സംഘടനകളുണ്ട്. ക്രൈസ്തവ സഭകൾ അതിൽ വലിയ പങ്കാണ് വഹിക്കുന്നത്.
വിദേശ സംഭാവന ഉൾപ്പെടെ ഉപയോഗിച്ചു നടത്തുന്ന വലിയ വലിയ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നാട്ടിലെ പാവപ്പെട്ടവർക്കു വേണ്ടി തുറന്നു കൊടുക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. അത്തരം പ്രവർത്തനങ്ങൾക്കെല്ലാം കടിഞ്ഞാണിടാൻ ഉദ്ദേശിച്ചാണ് കേന്ദ്ര സർക്കാർ ഇപ്പോൾ വിദേശ സംഭാവന നിയന്ത്രണ നിയമം ഭേദഗതി ചെയ്യുന്നത്.
പാർലമെന്റിന്റെ ബിസിനസ് അഡ്വൈസറി കമ്മിറ്റിയിൽ ചർച്ച ചെയ്യുകയോ മറ്റു രാഷ്ട്രീയ കക്ഷികളുമായി ആലോചിക്കുകയോ ചെയ്യാതെയാണ് ബിൽ അവതരിപ്പിച്ചതെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

