കോഴിക്കോട് ∙ കാറ്റുവിതച്ചു കൊടുങ്കാറ്റാക്കിയ പോലുള്ളൊരു വരവായിരുന്നു അത്. ജില്ലയെ ഇളക്കിമറിച്ചുള്ള സന്ദർശനം.
ഓരോ വേദിയിലും തിക്കിത്തിരക്കി കാത്തുനിൽക്കുന്ന ആയിരക്കണക്കിന് പ്രവർത്തകർ. വെയിലിലും ചൂടിലും വെന്തുരുകുന്നത് അവർക്കൊരു പ്രശ്നമായിരുന്നില്ല.
വാക്കിലും ചിന്തയിലും ഒരൊറ്റ പേര്..രാഹുൽ ഗാന്ധി. നാലിടങ്ങൾ, ഒരേ പോരാളി
നാദാപുരത്ത് കല്ലാച്ചിയിൽ കാറിനു മുന്നോട്ടുനീങ്ങാൻ സ്ഥലമില്ലാതെ തിക്കിത്തിരക്കിയ പ്രവർത്തകർക്കിടയിലൂടെയാണ് രാഹുൽ ഗാന്ധി വന്നിറങ്ങിയത്.
ആ വരവിന് കരുത്ത് ഏറെയായിരുന്നു. കെ.എം.അഭിജിത്തിനും പാറക്കൽ അബ്ദുല്ലയ്ക്കും വേണ്ടിയാണ് രാഹുൽ വോട്ടുചോദിച്ചത്.
പേരാമ്പ്രയിൽ നട്ടുച്ചവെയിലത്ത് രാവിലെ പതിനൊന്നുമുതൽ കെട്ടിടങ്ങൾക്കുമുകളിൽപ്പോലും തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിന്റെ ആരവങ്ങളാണ് രാഹുലിനെ വരവേറ്റത്.
ഫാത്തിമ തഹ്ലിയയെ ചേർത്തുനിർത്തി ‘ സ്ത്രീകളാണ് കേരളത്തിന്റെ നട്ടെല്ല്’ എന്ന് രാഹുൽ ഉറക്കെപ്രഖ്യാപിച്ചു.
ബാലുശ്ശേരിയിൽനിന്ന് നന്മണ്ടയിലേക്ക് സ്ഥാനാർഥി വി.ടി.സൂരജിനൊപ്പം കോൺഗ്രസ് ഗ്യാരണ്ടി ബസ് യാത്ര നടത്തി. തുടർന്ന് വൈകിട്ട് കൊയിലാണ്ടി ചിത്ര ടാക്കീസ് മുതൽ സ്റ്റേഡിയം വരെ റോഡ് ഷോയും നടത്തി.
സ്ഥാനാർഥിയും ഡിസിസി പ്രസിഡന്റുമായ കെ.പ്രവീൺകുമാറിനൊപ്പം തുറന്ന വാഹനത്തിൽ യാത്ര ചെയ്ത രാഹുൽ ആൾക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കിയാണ് വേദിയിലെത്തിയത്. വൈകിട്ട് 5.30നാണ് രാഹുൽ കൊയിലാണ്ടി സ്റ്റേഡിയത്തിൽനിന്ന് ഹെലികോപ്റ്ററിൽ തിരികെപ്പോയത്.
വേദികളിൽനിന്ന് വേദികളിലേക്ക് എഐസിസി സംഘടനാ ജന.സെക്രട്ടറി കെ.സി.വേണുഗോപാലും ഷാഫി പറമ്പിൽ എംപിയും കൂടെ യാത്ര ചെയ്തു. പാണക്കാട് സാദിഖലി തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും പല വേദികളിലും ഒപ്പമെത്തി.
തുറന്നിട്ട വാക്പ്പോര്
രാഷ്ട്രീയ എതിരാളികളായ നരേന്ദ്രമോദിയെയും പിണറായി വിജയനെയും അളന്നുതൂക്കി ആക്രമിച്ചുകൊണ്ടായിരുന്നു എല്ലായിടത്തും പ്രസംഗം.
ട്രംപ് റിമോട്ട് കൺട്രോൾ പോലെ മോദിയെ നിലയ്ക്കു നിർത്തുമ്പോൾ മോദി അതേപോലെ പിണറായിയെയും നിർത്തുന്നുവെന്നായിരുന്നു ആരോപണം. ഇഡി എന്തുകൊണ്ട് പിണറായിയെ ചോദ്യം ചെയ്യുന്നില്ല, എന്തുകൊണ്ട് ശബരിമലയിലെ സ്വർണക്കൊള്ളയെക്കുറിച്ച് മോദി മിണ്ടുന്നില്ല എന്ന ചോദ്യം കയ്യടികളോടെയാണ് എല്ലാ വേദികളിലും ജനം ഏറ്റെടുത്തത്.
രാഹുലിന്റെ ഇംഗ്ലിഷ് പ്രസംഗം അതേ ഊർജത്തോടെ ജ്യോതി വിജയകുമാർ മലയാളീകരിച്ചത് സാധാരണക്കാർക്കുപോലും ആവേശം പകർന്നു.
ഞാനൊരു മലയാളി
‘അഞ്ചുവർഷം കേരളത്തിന്റെ എംപിയായിരുന്ന ഞാൻ മലയാളിയാണ്’ എന്ന് അഭിമാനത്തോടെയാണ് രാഹുൽ പറഞ്ഞത്. ‘‘അസുഖബാധിതയായ എന്റെ അമ്മയുടെ അടുത്തുനിന്നാണ് ഞാൻ വരുന്നത്.
ഇവിടെ നിങ്ങളോട് ഞാൻ ആശങ്കയില്ലാതെ സംസാരിക്കുന്നതിനു കാരണം, അവിടെ എന്റെ അമ്മയെനോക്കുന്നത് മലയാളി നഴ്സുമാരാണ് എന്നതുകൊണ്ടാണ്. അത്രയേറെ സ്നേഹവും ആത്മാർഥതയും മറ്റാർക്കുമില്ല…’’
മധ്യപൂർവേഷ്യയിൽ ദുരിതത്തിലായ പ്രവാസികൾക്കുവേണ്ടി എന്തുചെയ്യാൻ കഴിയുമെന്ന ചോദ്യമാണ് രാഹുൽ ഉയർത്തിയത്.
കൊയിലാണ്ടിയിലെ വേദിയിൽ വികാരാധീനനായി രാഹുൽ പറഞ്ഞു നിർത്തിയത് ഇങ്ങനെയാണ്: ‘‘ എന്റെ പ്രതിസന്ധികളിൽ, ഞാൻ വീണുപോകുമെന്ന് തോന്നിയ നിമിഷങ്ങളിൽ എന്റെ കൂടെ നിന്ന് പിന്തുണച്ച് എന്നെ കരകയറ്റിയത് മലയാളികളാണ്…നന്ദിയുണ്ട്. അത് പറഞ്ഞാൽ തീരില്ല…’’ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

