കോഴിക്കോട്∙ ഹോട്ടലുകളിലെയും കേറ്ററിങ് യൂണിറ്റുകളിലെയും വാണിജ്യ പാചക വാതക ക്ഷാമം പരിഹരിക്കാനായി 65 ശതമാനം വിതരണം ചെയ്യുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനം ഇനിയും നടപ്പിലായില്ല. ഹോട്ടലുകൾക്കും കേറ്ററിങ് യൂണിറ്റുകൾക്കും ഇപ്പോഴും 10 മുതൽ 20 ശതമാനം വരെ ഗ്യാസ് സിലിണ്ടറുകൾ മാത്രമേ ലഭിക്കുന്നുള്ളൂ.
ഇതുകാരണം പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ജില്ലയിൽ പകുതിയിലേറെ ഹോട്ടലുകൾ അടഞ്ഞുകിടക്കുകയാണ്.
നേരത്തേ സിവിൽ സപ്ലൈസ് അധികൃതരും എണ്ണ കമ്പനികളുടെ പ്രതിനിധികളുമായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിനിധികൾ നടത്തിയ ചർച്ചയിൽ വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വിതരണം 10 ശതമാനത്തിൽ നിന്ന് ഉടൻ 20 ശതമാനം ആക്കുമെന്നും തുടർന്ന് അത് 40 ശതമാനവും 50 ശതമാനവും ആക്കി വർധിക്കുമെന്നും ഉറപ്പു നൽകിയിരുന്നു.
എന്നാൽ ചർച്ച കഴിഞ്ഞ് ഏതാണ്ട് 10 ദിവസം പിന്നിട്ടിട്ടും ജില്ലയിൽ മിക്കയിടത്തും 10 ശതമാനം ഗ്യാസ് സിലിണ്ടറുകൾ മാത്രമാണ് വിതരണം ചെയ്യുന്നതെന്ന് ഓൾ കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് യു.വി.സന്തോഷ് കുമാർ പറഞ്ഞു.
ഹോട്ടലുകളിൽ മെനുവിൽ കുറവ് വരുത്തിയും കൂടുതൽ വിഭവങ്ങൾ ഉണ്ടാക്കേണ്ട ഊൺ നിർത്തിയും മറ്റുമാണ് പല ഹോട്ടലുകളും പിടിച്ചുനിൽക്കുന്നത്.
മിക്ക ഹോട്ടലുകളിലും ഉച്ചയ്ക്ക് ബിരിയാണി മാത്രം കിട്ടുന്ന അവസ്ഥയാണ്. വിറക് അടുപ്പിൽ പാചകം ചെയ്യാൻ സൗകര്യമുള്ള ഹോട്ടലുകാർ ബിരിയാണി ഉൾപ്പെടെയുള്ള വിഭവങ്ങൾ വിറക് അടുപ്പിലാണ് ഇപ്പോൾ ഉണ്ടാക്കുന്നത്.
ഇതിന്റെ ഭാഗമായി ചിരട്ടയ്ക്ക് ആവശ്യക്കാർ കൂടിയിട്ടുണ്ട്. പുതിയ ഹോട്ടൽ തൊഴിലാളികളിൽ ഭൂരിപക്ഷം പേർക്കും വിറക് അടുപ്പിൽ പാചകം ചെയ്തു ശീലമില്ലാത്തതു തിരിച്ചടിയാകുന്നുണ്ട്.
ജില്ലയിലെ കേറ്ററിങ് മേഖലയെ സംബന്ധിച്ചിടത്തോളം മാർച്ച് പൊതുവേ പരിപാടികൾ കുറഞ്ഞ മാസമാണ്.
പരീക്ഷാകാലമായതിനാൽ പൊതുവേ ആഘോഷ പരിപാടികൾ കുറവാണ്. എന്നാൽ വരാനിരിക്കുന്ന ഏപ്രിൽ, മേയ് മാസങ്ങളിലെങ്കിലും ആവശ്യത്തിനു പാചക വാതക സിലിണ്ടറുകൾ ലഭിച്ചില്ലെങ്കിൽ കാര്യം അവതാളത്തിലാകുമെന്നാണ് കേറ്ററിങ് മേഖലയിൽ നിന്നുള്ളവർ പറയുന്നത്.
വിവാഹ സീസൺ ആയ ഏപ്രിൽ, മേയ് മാസങ്ങളിലേക്ക് വലിയ തോതിൽ ഇവന്റുകൾ കേറ്ററിങ് യൂണിറ്റുകൾ ഏറ്റെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ വാണിജ്യ പാചക വാതക സിലിണ്ടറുകൾ വിതരണം ചെയ്യുമ്പോൾ കേറ്ററിങ് യൂണിറ്റുകൾക്ക് മുൻഗണന നൽകണമെന്ന് ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ നേതാവ് കെ.ബേബി ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

