
പരുക്കേറ്റ യുവാവിനെ കൊണ്ടുവന്ന സംഘം ആശുപത്രിയിൽ അതിക്രമം നടത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കടലുണ്ടി∙ ബൈക്ക് അപകടത്തിൽ പരുക്കേറ്റ യുവാവിനെയുമായി എത്തിയ സംഘം കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രി റിസപ്ഷനിലെ ചില്ലുകൾ അടിച്ചു തകർത്ത് ജീവനക്കാരെ കയ്യേറ്റം ചെയ്തു. ഒരാളെ ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് 6.10ന് ആണ് ലഹരിക്ക് അടിമപ്പെട്ട സംഘം ആശുപത്രിയിൽ അതിക്രമം നടത്തിയത്. അത്താണിക്കൽ ഉണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് എത്തിച്ച താനൂർ അൽബസാർ സ്വദേശി അൻസിലിന്റെ(32) ഒപ്പമുണ്ടായവരാണ് ആശുപത്രി ജീവനക്കാരുമായി വഴക്കിട്ട് അക്രമം നടത്തിയത്.
തലയ്ക്ക് ഗുരുതര പരുക്കേറ്റ് ഓട്ടോയിൽ നിലത്തു കിടത്തിയായിരുന്നു അൻസലിനെ ആശുപത്രിയിൽ എത്തിച്ചത്. ഡ്യൂട്ടി ഡോക്ടർ പരിശോധിച്ച് വിദഗ്ധ ചികിത്സയ്ക്ക് റഫർ ചെയ്തു. എന്നാൽ രോഗിയെ കൊണ്ടുപോകാൻ വിസമ്മതിച്ച സംഘം അത്യാഹിത വിഭാഗത്തിൽ ബഹളമുണ്ടാക്കി. തൊട്ടടുത്ത റിസപ്ഷനിലെ ഗ്ലാസ് കൗണ്ടർ അടിച്ചു പൊട്ടിച്ച സംഘം വീൽ ചെയറുകൾ മറിച്ചിട്ടു. ശുചീകരണ തൊഴിലാളിയെ മർദിക്കുകയും ചെയ്തു. പരുക്കേറ്റ ആളെ എത്തിച്ച ഓട്ടോയുടെ ചില്ല് പൊട്ടിച്ചും സംഘം നാശം വരുത്തി.
ആശുപത്രി അധികൃതർ അറിയിച്ചതു പ്രകാരം ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്.ശ്രീജിത്ത്, ഔട്ട് പോസ്റ്റ് എസ്ഐ ടി.പി.സജി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തിയാണ് സംഘത്തെ മാറ്റിയത്. ഗ്ലാസ് അടിച്ചു പൊട്ടിക്കുമ്പോൾ പരുക്കേറ്റ താനൂർ അൽബസാർ സ്വദേശി ആലിക്കാക്കന്റെ പുരയ്ക്കൽ ആബിദ്, വാഹന അപകടത്തിൽ പരുക്കുള്ള അൻസിൽ എന്നിവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവർക്ക് ഒപ്പമുണ്ടായ ഉബൈദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആശുപത്രി അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്തു.