കാഞ്ഞിരപ്പള്ളി ∙ പട്ടണം കടക്കാൻ പതിനെട്ടടവും പയറ്റേണ്ടിവരുമെന്ന ഗതികേടിലാണ് വാഹന യാത്രക്കാർ. സദാസമയവും കുരുക്കിലമരുന്ന ടൗണിൽ പ്രശ്നങ്ങൾക്കു കാരണം പലതാണ്. പരിഹാരത്തിനായി നടപടികൾ നീളുമ്പോൾ പൊതുജനം വലയുകയാണ്.
കോട്ടയം കഴിഞ്ഞാൽ കെകെ റോഡിൽ ഏറ്റവും കൂടുതൽ ഗതാഗത തടസ്സം ഉണ്ടാകുന്ന ടൗണായി ഇവിടം മാറി. പഞ്ചായത്ത് വളവ് മുതൽ ഫാബീസ് ഓഡിറ്റോറിയം വരെ നീളുന്ന രണ്ട് കിലോമീറ്റർ ഗതാഗതക്കുരുക്കിന് പട്ടണം സാക്ഷിയായി.
കുരുങ്ങാൻ ഒരു നിമിഷം അഴിക്കാൻ ഒരു മണിക്കൂർ
സാധാരണ ഗതിയിൽ വാഹനങ്ങൾ കടന്നു പോകുന്ന ടൗണിൽ ബസ് സ്റ്റാൻഡിനു മുൻപിലോ, കുരിശുങ്കൽ കവലയിലോ, പേട്ട ജംക്ഷനിലോ ഒരു വാഹനം അലക്ഷ്യമായി കടന്നു വന്നാൽ കുടുങ്ങുമെന്നതാണ് ടൗണിലെ ഇപ്പോഴത്തെ അവസ്ഥ. നഗരം വികസിച്ചതിനൊപ്പം റോഡുകളിലെ വികസനവും ഗതാഗത പരിഷ്കരണവും ഉയരാത്തതാണു പ്രധാന കാരണം.
പൊലീസിനെ കൊണ്ട് മാത്രം പ്രശ്നപരിഹാരം കാണാൻ കഴിയാത്ത നിലയിലേക്കും കാര്യങ്ങൾ മാറിക്കഴിഞ്ഞു.
കാരണങ്ങൾ ഇവ
∙ അനധികൃത പാർക്കിങ്
നഗരത്തിൽ ഇരുവശങ്ങളിലും അനധികൃത പാർക്കിങ് ഒഴിവാക്കാൻ നടപടികൾ ഒന്നുമില്ല. ‘നോ പാർക്കിങ്’ ബോർഡുകൾ പലതും നശിച്ച നിലയിലാണ്.
മറ്റു ചിലയിടങ്ങളിൽ ബോർഡുകൾക്ക് താഴെയാണ് വാഹനങ്ങളുടെ പാർക്കിങ്. വലിയ വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രമാണ് പാർക്കിങ് സൗകര്യമുള്ളത്.
∙ ബസ് സ്റ്റാൻഡിലെ കുരുക്ക്
സ്റ്റാൻഡിനുള്ളിലേക്കു കയറുന്ന റോഡ് തകർന്ന നിലയിലാണ്. ഇടുങ്ങിയ വഴിയിലൂടെ വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ ഉണ്ടാകുന്ന ഗതാഗത കുരുക്കാണ് പലപ്പോഴും ദേശീയപാതയിലേക്ക് വ്യാപിക്കുന്നത്.
∙ പേട്ട
കവലയിൽ തോന്നുംപടി
നിയന്ത്രിക്കാൻ പൊലീസുണ്ടെങ്കിലും പലപ്പോഴും ഈരാറ്റുപേട്ട റൂട്ടിലേക്കു തിരിയുന്ന കവലയിൽ വാഹനങ്ങൾ തോന്നുംപടിയാണ് കടന്നുപോകുന്നത്.വലിയ വാഹനങ്ങൾ ഇത്തരത്തിൽ കടന്നു പോകുമ്പോൾ ഗതാഗതക്കുരുക്കും ഉണ്ടാകുന്നു.
∙ 4 റോഡുകൾ തകർന്നു
ടൗണിൽ നിന്ന് പുത്തനങ്ങാടി, തമ്പലക്കാട് റോഡ് എന്നിവിടങ്ങളിലേക്ക് പോകാൻ കഴിയുന്ന നാലു ചെറിയ റോഡുകളും തകർന്നു കിടക്കുകയാണ്.
ഇതും ഗതാഗത തടസ്സത്തിന് കാരണമാണ്.
പരിഹാരം എന്ത്
രണ്ട് ബൈപാസ് പദ്ധതികളുള്ള പട്ടണത്തിൽ അതെപ്പോൾ സാധ്യമാകുന്നുവോ അപ്പോൾ മാത്രമേ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുകയുള്ളൂ. പ്രധാന ബൈപാസ് പദ്ധതി ആദ്യ കരാറുകാരനിൽ നിന്നു മാറ്റി രണ്ടാമത് ടെൻഡർ വിളിച്ചിരിക്കുകയാണ്.
നിർമാണത്തിന്റെ പ്രാഥമിക ഘട്ടത്തിലാണ് തടസ്സം നേരിട്ടത്. പേട്ട
കവലയിൽ നിന്നാരംഭിച്ച് കുരിശുകവലയിൽ എത്തുന്ന മറ്റൊരു പദ്ധതിയായ മിനി ബൈപാസ് ഒന്നുമായില്ല.
ഈ രണ്ട് ബൈപാസുകളിലൂടെ വാഹനങ്ങൾ കടത്തിവിടാൻ സാധിച്ചാൽ ടൗണിലെ ഗതാഗതക്കുരുക്ക് മാറും. പക്ഷേ അതുവരെ കാത്തിരിക്കുന്നതിനു പകരം ടൗണുമായി ബന്ധപ്പെട്ട റിങ് റോഡുകൾ നവീകരിച്ച് വാഹനങ്ങൾ കടത്തിവിടുകയും ബസ് സ്റ്റാൻഡ് കവലയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും അനധികൃത പാർക്കിങ് ഒഴിവാക്കുകയും ചെയ്താൽ ഒരു പരിധിവരെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

