വൈക്കം ∙ കിഫ്ബി ധനസഹായത്തോടെ ആധുനിക നിലവാരത്തിൽ വീതികൂട്ടി നിർമിക്കുന്ന വൈക്കം-വെച്ചൂർ റോഡിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായി തലയാഴം ഗ്രാമപ്പഞ്ചായത്ത് തോട്ടകം ഭാഗത്തുള്ള ഭൂവുടമകൾക്ക് സർക്കാർ ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരത്തുക കൈമാറിത്തുടങ്ങി.തോട്ടകം മുതൽ കൈപ്പുഴമുട്ട് വരെയുള്ള 12.5 കിലോമീറ്റർ റോഡ് 13 മീറ്റർ വീതിയിൽ നിർമിക്കുമ്പോൾ 6.13 ഹെക്ടർ വസ്തുവാണ് ഏറ്റെടുക്കുന്നത്. 963 പേരുടെ കൈവശമുള്ള ഭൂമിയാണ് ഏറ്റെടുക്കുന്നത്.
തോട്ടകം-തലയാഴം പഞ്ചായത്ത്, തലയാഴം പഞ്ചായത്ത്-ഇടയാഴം, ഇടയാഴം-കൈപ്പുഴമുട്ട് എന്നിങ്ങനെ മൂന്നു റീച്ചുകളായി തിരിച്ചാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ നടക്കുന്നത്.
ഇതിൽ തോട്ടകം മുതൽ തലയാഴം പഞ്ചായത്ത് വരെയുള്ള ആദ്യ റീച്ചിലെ കൈവശക്കാരെ നേരിൽ കേട്ട് നടപടിക്രമങ്ങൾ പൂർത്തീകരിച്ചാണ് ഭൂമി വില വിതരണം ചെയ്തു വരുന്നത്.രണ്ടാം റീച്ചായ തലയാഴം പഞ്ചായത്ത് മുതൽ ഇടയാഴം ജംക്ഷൻ വരെയുള്ള വസ്തു ഉടമകളെ നേരിൽ കേട്ട് അവരുടെ രേഖകളുടെ പരിശോധന പൂർത്തിയാക്കി. ബാക്കി നടപടികൾ പുരോഗമിക്കുകയാണ്.
ഒന്നും രണ്ടും റീച്ചുകളുടെ ഭൂമി വില കൈമാറുന്ന മുറയ്ക്ക് ഇടയാഴം ജംക്ഷൻ മുതൽ കൈപ്പുഴമുട്ട് വരെയുള്ള മൂന്നാം റീച്ചിന്റെ ഹിയറിങ് നടപടികൾ ആരംഭിക്കാവുന്ന വിധത്തിലാണ് നടപടികൾ മുന്നോട്ട് പോകുന്നതെന്ന് സി.കെ.ആശ എംഎൽഎ അറിയിച്ചു.
ഇതിന് സമാന്തരമായി ഒന്നാം റീച്ചിലെ ഹിയറിങ് പൂർത്തീകരിച്ച ഭൂവുടമകളിൽ ഭൂമി ഏറ്റെടുത്ത് നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ കഴിയും. വൈക്കം-വെച്ചൂർ റോഡിലെ നിലവിലുള്ള അട്ടാറ പാലം ബലക്ഷയത്തെത്തുടർന്ന് പൂർണമായും പൊളിച്ചു പണിയാനും മറ്റ് നാലു പാലങ്ങൾ 13 മീറ്ററിലേക്ക് വീതി കൂട്ടാനുമുള്ള രീതിയിലുമുള്ള നിർമാണമാണ് റോഡ് വീതികൂട്ടലുമായി ബന്ധപ്പെട്ട് തീരുമാനിച്ചിട്ടുള്ളത്.ഭൂമി ഏറ്റെടുക്കുന്നതിനു മാത്രമായി 85.77 കോടി രൂപ അടക്കം 157 കോടി രൂപയാണ് ആദ്യഘട്ടത്തിൽ കിഫ്ബിയിൽ നിന്നും സാമ്പത്തിക അനുമതി ലഭിച്ചിരുന്നത്.
പിന്നീട് നിർമാണ ചെലവുകൾ പുതുക്കിയ 2021 നിരക്കിലേക്കു മാറുമ്പോൾ ഉണ്ടാകുന്ന അധിക ചെലവുകൾ, സേവന പാതകൾക്കുള്ള അധിക ഭൂമി ഏറ്റെടുക്കൽ, പാലം നിർമാണം എന്നിവയടക്കം ആവശ്യമുള്ള 253 കോടി രൂപയുടെ പുതുക്കിയ വിശദമായ പദ്ധതി രേഖ (ഡിപിആർ) കെആർഎഫ്ബി അധികൃതർ കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ട്. അടുത്ത കിഫ്ബി യോഗത്തിൽ പുതുക്കിയ ധനാനുമതി ലഭ്യമാകുമെന്നും സി.കെ.ആശ എംഎൽഎ അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

