കോരുത്തോട് ∙ ‘ രാത്രി ആന വരുമെന്ന് ഉറപ്പായിരുന്നു, തകരപ്പാത്രം കൊട്ടി ശബ്ദം ഉണ്ടാക്കിയ ശേഷമാണ് രാത്രി ഉറങ്ങാൻ കിടന്നത്, പക്ഷേ ആന വീടിനകത്തേക്ക് കയറാൻ ശ്രമിക്കുമെന്നു കരുതിയില്ല. 75 വയസ്സുള്ള കൊമ്പുകുത്തി പടലിക്കാട് ദാസനും ഭാര്യ പുഷ്പയും സംഭവം വിവരിക്കുമ്പോൾ ആനയിൽനിന്നു രക്ഷപ്പെട്ടതിന്റെ ആശ്വാസവും ഉറക്കം കെടുത്തുന്ന ഭീതിയും മുഖത്ത്. ഒരു മാസമായി കൊമ്പുകുത്തി മേഖല ആനപ്പേടിയിലാണ്.
ഭീതിയുടെ രാത്രികൾ
ശനിയാഴ്ച പുലർച്ചെ 2നു മുറ്റത്ത് മരങ്ങൾ ഒടിക്കുന്ന ശബ്ദം കേട്ടാണ് പുഷ്പ എഴുന്നേറ്റത്.
ഭർത്താവ് ദാസനുമായി ചേർന്ന് മുറ്റത്തേക്ക് ഇറങ്ങി പാത്രം കൊട്ടി ഒച്ച ഉണ്ടാക്കി ഓടിക്കാനുള്ള ശ്രമം നടത്തി. ഇതിനിടെ ആന മുറ്റത്തേക്കു കയറിവന്നു.
ഇരുവരും വീടിനുള്ളിലേക്ക് ഓടിക്കയറിയതിനാൽ രക്ഷപ്പെട്ടു. വരാന്തയിലേക്ക് ആന കാൽ വച്ചെങ്കിലും തെന്നി നീങ്ങിയതിനാൽ ശ്രമം ഉപേക്ഷിച്ചു.
തുമ്പിക്കൈ വീടിനുള്ളിലേക്ക് നീട്ടി തുടർന്നുള്ള പരാക്രമം. വ്യാഴാഴ്ച രാത്രി ഇതേ സ്ഥലത്ത് പുളിക്കൽ പത്മനാഭ പിള്ളയുടെ വീട്ടുപകരണങ്ങൾ നശിപ്പിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രി പുതുപ്പുരയ്ക്കൽ സോമരാജന്റെ വീടിന് മുറ്റത്ത് എത്തി ആന നാശം ഉണ്ടാക്കി.
കൊലയാളി മോഴയാന
വെള്ളിയാഴ്ച രാത്രി പുതുപ്പുരയ്ക്കൽ സോമരാജന്റെ വീട്ടിൽ വനപാലക സംഘം നിരീക്ഷണത്തിനായി കൂടിയിരുന്നു. ദാസന്റെ വീട്ടുമുറ്റത്ത് ആന എത്തിയത് അറിഞ്ഞെത്തിയ സംഘം ഉടൻ ആനയെ ഓടിക്കാനുള്ള നടപടികൾ സ്വീകരിച്ചു.ആനയെ വനത്തിലേക്ക് ഓടിച്ചാലും രാത്രി തിരികെയെത്തുകയാണ് പതിവ്. കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി, പെരുവന്താനം പഞ്ചായത്തിലെ മതമ്പ, കൊയ്നാട്, കാനംമല തുടങ്ങിയ സ്ഥലങ്ങളിലാണ് ആനശല്യം രൂക്ഷം. 30 ആനകളാണ് ഈ പ്രദേശങ്ങളിലായി ഉള്ളത്. ചെന്നാപ്പാറ കൊമ്പൻപാറയിൽ ഫെബ്രുവരിയിൽ സോഫിയ, പുരുഷോത്തമൻ എന്നിവരുടെ ജീവനെടുത്ത മോഴയാനയാണ് ഇപ്പോൾ കൊമ്പുകുത്തിയിൽ ആക്രമണം തുടരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]