ഈരാറ്റുപേട്ട ∙ പുതിയ സ്റ്റാൻഡ് നിർമാണത്തിനായി ടൗൺ ബസ് സ്റ്റാൻഡ് കോംപ്ലക്സ് പൊളിച്ചതോടെ ബസ് യാത്രക്കാരും ബസ് സ്റ്റാൻഡ് റോഡിലൂടെയുള്ള യാത്രക്കാരും ദുരിതത്തിലായി.
സ്വകാര്യ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുമാറ്റിയപ്പോൾ പകരം സംവിധാനം ഏർപ്പെടുത്താത്തതാണ് പ്രശ്നങ്ങൾക്കു കാരണം.
ബസുകൾക്ക് മഞ്ചാടിത്തുരുത്തിൽ പാർക്കിങ് ഏർപ്പെടുത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ റവന്യു പുറമ്പോക്കാണെന്ന കാരണത്താൽ അവിടെ ജില്ലാ ഭരണകൂടം പാർക്കിങ് നിരോധിച്ചു.
ഇതോടെ ബസുകൾ പഴയ സ്ഥലത്തു തന്നെയായി. ആവശ്യമായ യാതൊരു സൗകര്യവും ഇവിടെയില്ല.
ബസുകൾ സ്റ്റാൻഡിലേക്കു കയറുന്നത് തിരക്കേറിയ പ്രധാന റോഡിൽ തിരിച്ചു പിന്നോട്ടാണ്. ഇതു പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നുണ്ട്.
കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായിരുന്ന ബസ് സ്റ്റാൻഡ് കെട്ടിടത്തിനു പകരം ബസ് സ്റ്റാൻഡ് കോംപ്ലക്സ് നിർമിക്കാനാണു പഴയ കെട്ടിടം പൊളിച്ചത്.
റോഡിന്റെ ഇരുവശത്തും ബസുകൾ കൂടുതൽ സമയം നിർത്തിയിടുന്നതാണ് വാഹന തടസ്സത്തിനു പ്രധാന കാരണം. കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്തിന്റെ കുറച്ചുഭാഗം മാത്രമാണ് ബസ് പാർക്കിങ്ങിന് ഒരുക്കിയിരിക്കുന്നത്.
ബസ് സ്റ്റാൻഡ് പൊളിച്ചു സ്ഥലം നിരപ്പാക്കാൻ കല്ല് പൊട്ടിച്ചിരുന്നു.
ഈ കല്ല് നീക്കം ചെയ്താൽ മാത്രമേ ബാക്കി പണികൾ തുടങ്ങാൻ സാധിക്കുകയുള്ളൂ. ഇതിനായി മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ട്.
അനുമതി ലഭിച്ചാൽ ഉടൻതന്നെ കല്ല് നീക്കം ചെയ്തു സ്ഥലം നിരപ്പാക്കി ബസുകൾ സ്റ്റാൻഡിനുള്ളിൽ കയറുന്നതിനുള്ള സംവിധാനമൊരുക്കും.
സുഹ്റ അബ്ദുൽ ഖാദർ ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ
പിന്നിലേക്കുള്ള പ്രദേശം കൂടി മണ്ണിട്ടു നികത്തി കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും സ്റ്റാൻഡിലൂടെ ബസുകൾക്കു കയറിയിറങ്ങാനുമുള്ള സൗകര്യവും ഒരുക്കേണ്ടതുണ്ട്.
യാത്രക്കാർക്ക് ഒരുക്കിയ താൽക്കാലിക കാത്തിരിപ്പ് കേന്ദ്രവും പ്രയോജനപ്പെടുന്നില്ല. ബസുകൾ ഒരു വശത്തുകൂടി കയറി മറുവശത്തുകൂടി ഇറങ്ങുന്ന സംവിധാനം ഏർപ്പെടുത്തിയാൽ മാത്രമേ ഗതാഗതക്കുരുക്കിനു പരിഹാരമാകുകയുള്ളൂ.
സ്ഥിരമായ സ്റ്റാൻഡ് നിർമാണം ഇതുവരെ തുടങ്ങിയിട്ടില്ല. തുടങ്ങിയാൽത്തന്നെ പൂർത്തിയാകാൻ വർഷങ്ങളെടുക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]