
വൈക്കം ∙ നഗരസഭയിലെ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ ഫണ്ട് തട്ടിയെടുത്തെന്ന ആരോപണത്തെ തുടർന്ന് ബിജെപി നടത്തിയ ഉപരോധം സംഘർഷത്തിൽ കലാശിച്ചു. മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി നഗരസഭയിൽ പത്ത് താൽക്കാലിക തൊഴിലാളികളെ ശുചീകരണ ജോലികൾക്കു നിയമിച്ചിരുന്നു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ മകന്റെ പേരും ഉൾപ്പെടുത്തി പണം തട്ടിയെടുത്തെന്നാണു ആരോപണം. നഗരസഭയിലെ പേമെന്റ് റജിസ്റ്ററിൽ 16 തിരുത്തലുകൾ വരുത്തിയാണ് പണം തട്ടിയെടുത്തതെന്നു ബിജെപി കൗൺസിലർമാർ ആരോപിച്ചു.
ഇന്നലെ രണ്ടു മണിയോടെ ബിജെപി പാർലമെന്ററി പാർട്ടി ലീഡർ എം.കെ.മഹേഷ്, കൗൺസിലർമാരായ ലേഖ അശോകൻ, കെ.ബി.ഗിരിജാകുമാരി, ഒ.മോഹന കുമാരി എന്നിവർ സംഭവം ചോദ്യം ചെയ്യാൻ എത്തിയപ്പോൾ നഗരസഭ അധ്യക്ഷ ഇല്ലായിരുന്നു. തുടർന്ന് ഉപാധ്യക്ഷൻ പി.ടി.സുഭാഷിന്റെ മുറിയിലെത്തി ഉപരോധിച്ചു.
സംഭവം അറിഞ്ഞ് നഗരസഭ അധ്യക്ഷ പ്രീത രാജേഷും ഉപാധ്യക്ഷന്റെ മുറിയിലെത്തി ബിജെപി കൗൺസിലർമാരുമായി ചർച്ച നടത്തി.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ രാജിവയ്ക്കണമെന്ന് ബിജെപി കൗൺസിലർമാർ ആവശ്യപ്പെട്ടു. അന്വേഷിച്ച് നടപടി എടുക്കാമെന്ന് അറിയിച്ചെങ്കിലും അവർ വഴങ്ങിയില്ല.
തുടർന്ന് മുദ്രാവാക്യം വിളിയുമായി അധ്യക്ഷനെയും ഉപാധ്യക്ഷനെയും 5.30 വരെ ഉപരോധിച്ചു.
ഇതിനിടെ പൊലീസ് സ്ഥലത്തെത്തി. സംഭവം അറിഞ്ഞ് കൂടുതൽ ബിജെപി പ്രവർത്തകരും എത്തി.
ഇരുവരെയും പൊലീസ് സംരക്ഷണയിൽ നഗരസഭയിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം ബിജെപി കൗൺസിലർമാരും പ്രവർത്തകരും തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.നഗരസഭ അധ്യക്ഷ പ്രീത രാജേഷിന്റെ ഔദ്യോഗിക വാഹനത്തിൽ ഇരുവരെയും കയറ്റാൻ പൊലീസ് ശ്രമിച്ചു.
ബിജെപി പ്രവർത്തകർ കാറിന്റെ മുന്നിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു.
പൊലീസ് വാഹനത്തിൽ കയറ്റി നഗരസഭ വളപ്പിനു പുറത്തേക്ക് എത്തിക്കാൻ ശ്രമിച്ചതും ബിജെപി പ്രവർത്തകർ തടഞ്ഞു. ഇവരെ ബലം പ്രയോഗിച്ച് നീക്കിയാണ് വാഹനം കടത്തിവിട്ടത്. തുടർന്ന് മുദ്രാവാക്യം വിളികളുമായി കൗൺസിലർമാരും പ്രവർത്തകരും നഗരസഭ കവാടത്തിൽ പ്രതിഷേധിച്ചു.
സംഘർഷത്തിൽ പരുക്കേറ്റതിനെ തുടർന്ന് കൗൺസിലർമാരായ ലേഖ അശോകൻ, കെ.ബി.ഗിരിജാകുമാരി, ബിജെപി ടൗൺ കമ്മിറ്റി അംഗം സുലേഖ, മണ്ഡലം ജനറൽ സെക്രട്ടറി അമ്പിളി സുനിൽ എന്നിവർ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
പരാതി നൽകി
∙ ബിജെപി കൗൺസിലർമാരും ഒരുസംഘം ബിജെപി പ്രവർത്തകരും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും ഉപാധ്യക്ഷന്റെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിനിടെ കയ്യേറ്റം ചെയ്തെന്നും കാണിച്ച് നഗരസഭ അധ്യക്ഷ പ്രീത രാജേഷ് വൈക്കം പൊലീസിൽ പരാതി നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]