എരുമേലി ∙ മണ്ഡല– മകരവിളക്ക് കാലയളവിൽ ശബരിമല നട അടച്ചിടുന്ന ഇടവേള സംബന്ധിച്ച് കാര്യമായ അറിവില്ലാത്ത തീർഥാടകരാണ് കഴിഞ്ഞ 2 ദിവസമായി കാനന പാതയിലൂടെ നടന്നുപോകാനെത്തിയത്.
ഇവർ കോയിക്കക്കാവ് എത്തിയ ശേഷമാണ് 30ന് രാവിലെ 7ന് മാത്രമേ കാനനപാത തുറക്കൂ എന്നറിയുന്നത്. വിശ്രമിക്കാനോ പ്രാഥമിക കാര്യങ്ങൾക്കോ ഇവിടെ സൗകര്യം പരിമിതമാണ്.
2 ബയോ ശുചിമുറികൾ മാത്രമാണ് ഇവിടെയുള്ളത്. നൂറു തീർഥാടകരിൽ കൂടുതൽ പേർക്ക് ഇവിടെ വിരി വയ്ക്കാനും സൗകര്യമില്ല. ഈ സാഹചര്യത്തിലാണ് ആയിരത്തിലധികം തീർഥാടകർ കാനനപാത തുറക്കുന്നതിനും 2 ദിവസം മുൻപ് ഇവിടെയെത്തി തമ്പടിച്ചത്.
കോയിക്കക്കാവ് ചെക്ക് പോസ്റ്റിന്റെ മുന്നിലും പരിസരത്തുമായിട്ടാണ് ഇവർ രാത്രി തങ്ങിയത്.
പ്രാഥമിക ആവശ്യങ്ങൾക്കു പോലും ഏറെ ബുദ്ധിമുട്ടി. ഇതോടെയാണ് സഹികെട്ട് തീർഥാടകർ വനംവകുപ്പ് ഉദ്യോഗസ്ഥരെ തള്ളിമാറ്റി കാനനപാതയിലൂടെ കടന്നുപോയത്.
പൊലീസും വനംവകുപ്പും സംയമനം പാലിച്ചു
കാത്തുനിന്ന് മടുത്ത ശേഷം ബലമായി കാനന പാതയിലൂടെ കടന്നുപോയ തീർഥാടകരോട് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ക്ഷമയോടെയാണു സംസാരിച്ചത്. തീർഥാടകർ തളളിക്കയറിയിട്ടും പൊലീസ് ഉദ്യോഗസ്ഥർ ബലപ്രയോഗത്തിനു മുതിർന്നില്ല.
കാനനപാത വഴി 30ന് രാവിലെ 7 മുതൽ മാത്രമേ തീർഥാടകരെ കടത്തിവിടൂ എന്ന് ഇന്നലെ രാവിലെ മുതൽ പൊലീസ് എരുമേലി തീർഥാടന മേഖലയിൽ വിവിധ ഭാഷകളിൽ മൈക്ക് അനൗൺസ്മെന്റ് നടത്തിയിരുന്നു. എന്നാൽ ഇത് അവഗണിച്ചു പോകുന്ന തീർഥാടകരോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനും പൊലീസ് ശ്രമിച്ചു.
ഇടവേളയിൽ ഇത്രയും തീർഥാടകർ അപൂർവം
27നാണ് മണ്ഡലകാലത്തിനു ശേഷം നട
അടച്ചത്. ഇന്ന് വൈകിട്ടാണ് മകരവിളക്കിന് നട
തുറക്കുന്നത്. സാധാരണ നട അടച്ചിരിക്കുന്ന ഇടവേളയിൽ കൂടുതലായി തീർഥാടകർ എത്താറില്ല.
എന്നാൽ ഇത്തവണ ഈ ഇടവേളയിലും വൻതോതിൽ തീർഥാടകർ എരുമേലിയിൽ എത്തി. 28ന് വൈകിട്ട് മുതൽ തന്നെ നൂറുകണക്കിനു തീർഥാടകർ കോയിക്കക്കാവ് കാനനപാത ആരംഭിക്കുന്ന വനംവകുപ്പ് ചെക്ക് പോസ്റ്റിൽ വിരിവച്ച് തമ്പടിച്ചു.
ഇന്നലെ രാവിലെ ആയപ്പോഴേക്കും കോയിക്കക്കാവിലും അഴുതക്കടവിലും തീർഥാടകർ എത്തി. ഇവർ കാനനപാത തുറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മേലധികാരികളുടെ നിർദേശമില്ലാതെ കടത്തിവിടാനാകില്ലെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
തുടർന്ന് 11 മണിയോടെ തീർഥാടകർ ചെക്ക് പോസ്റ്റ് തളളി മാറ്റി കാനനപാതയിലൂടെ കടന്നുപോകുകയായിരുന്നു. വന്യമൃഗങ്ങൾ പ്രവേശിക്കാതിരിക്കാൻ വേണ്ടി സ്ഥാപിച്ച സൗരോർജ ഫെൻസിങും തകർത്തു.
ഇതോടെ കൂടുതൽ പൊലീസെത്തി കാനനപാതയിലേക്ക് എത്തുന്ന തീർഥാടകരോട് നാളെ രാവിലെ 7ന് മാത്രമേ പാത തുറക്കുകയുളളുവെന്നും അതിനാൽ വിരിവയ്ക്കാൻ സൗകര്യമുളള സ്ഥലങ്ങളിൽ തങ്ങണമെന്നും നിർദേശിച്ച് തിരിച്ചയച്ചു.
എരുമേലി കൊച്ചമ്പലം മുതൽ പൊലീസ് ഉദ്യോഗസ്ഥർ റോഡിൽനിന്നു കാൽനടയായി വന്ന തീർഥാടകരെ കാര്യങ്ങൾ പറഞ്ഞ് പിന്തിരിപ്പിച്ചു. എന്നാൽ പേരൂത്തോട്ടിൽ തമ്പടിച്ച തീർഥാടകർ ഉച്ചയോടെ ഇവിടെ സംഘടിച്ച് കാനനപാതയിലേക്കുള്ള പ്രധാന റോഡായ പേരൂത്തോട്– ഇരുമ്പൂന്നിക്കര റോഡ് ഉപരോധിച്ച് ശരണം വിളിക്കാൻ തുടങ്ങുകയും നിർദേശം മറികടന്ന് മുൻപോട്ടു പോകുകയും ചെയ്തു. അതോടെ വൈകിട്ട് 5 വരെ കാനനപാതയിലൂടെ തീർഥാടകരെ കടത്തിവിട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

