കോട്ടയം/ ചങ്ങനാശേരി ∙‘10 വീടുകൾ കയറുമ്പോൾ ഒരെണ്ണം അടഞ്ഞു കിടക്കും. 4 വീടുകളിൽ പിള്ളേരൊക്കെ അങ്ങ് ജർമനിയിലും കാനഡയിലുമാകും’– മാടപ്പള്ളി പഞ്ചായത്തിൽ വോട്ട് തേടി ഇറങ്ങിയ സ്ഥാനാർഥിയുടെ പരിഭവമാണിത്.
അടഞ്ഞു കിടക്കുന്ന വീടുകളുടെ എണ്ണം ഇത്തവണ കൂടുതലാണെന്ന് സ്ഥാനാർഥികൾ പറയുന്നു. പുതുതായി വോട്ടർപട്ടികയിൽ ഇടംപിടിച്ച ചെറുപ്പക്കാരിൽ ഭൂരിഭാഗവും വിദേശത്താണ്.
ചിലരുടെ മാതാപിതാക്കളും അവർക്കൊപ്പം വിദേശത്തേക്ക് പോയിക്കഴിഞ്ഞു.
ആളനക്കമുള്ള വീട്ടിൽ ചെന്നാലും ‘പിള്ളേരെല്ലാം അങ്ങ് പുറത്താ..’ എന്ന മറുപടിയാണ് മാതാപിതാക്കളിൽ നിന്ന് കേൾക്കുന്നത്. ഒടുവിൽ മക്കളുടെ വാട്സാപ് നമ്പറും വാങ്ങി സ്ഥാനാർഥിയും സംഘവും തിരിച്ചുപോരും.
വോട്ട് ചെയ്യണമെന്ന അഭ്യർഥനയുമായി ചിരിച്ചു നിൽക്കുന്ന പോസ്റ്റർ ഒരെണ്ണം ആ നമ്പറിൽ അയച്ചുകൊടുക്കും.
മുന്നണികൾ തമ്മിൽ ശക്തമായ മത്സരം നടക്കുന്ന ഗ്രാമപ്പഞ്ചായത്ത് വാർഡുകളിലാണ് നാലും അഞ്ചും വോട്ടുള്ള ഈ വീടുകൾ അതീവ നിർണായകമാകുന്നത്. മുൻ തിരഞ്ഞെടുപ്പുകളിൽ സ്ഥിരമായി ലഭിച്ചിരുന്ന ഈ വോട്ടുകൾ ‘വിദേശത്തേക്ക്’ പോയതിന്റെ ആശങ്ക മുന്നണികളിലും സ്ഥാനാർഥികളിലുമുണ്ട്.
പ്രചാരണത്തിന്റെ ഭാഗമായുള്ള ബൂത്തുതല കൺവൻഷനുകൾ മുന്നണികൾ ഇന്നലെ പൂർത്തിയായി. നാളെ മുതലാണ് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ നേരിട്ടുള്ള വോട്ടഭ്യർഥന തുടങ്ങുന്നത്.
അതിന്റെ കൂടെ ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് സ്ഥാനാർഥികളും വീണ്ടും വോട്ടഭ്യർഥിച്ച് വോട്ടർമാരെ കാണും.
വീട്ടിൽ രാഷ്ട്രീയമില്ല
കൺവൻഷനുകളിലും യോഗങ്ങളിലുമെല്ലാം രാഷ്ട്രീയം പറയുമെങ്കിലും വോട്ടറുടെ വീട്ടിൽ ചെല്ലുമ്പോൾ രാഷ്ട്രീയം പറയാതിരിക്കാനാണ് സ്ഥാനാർഥികളുടെ ശ്രമം. വ്യക്തിപരമായ അടുപ്പവും ബന്ധവും പരിചയങ്ങളും പുതുക്കി വോട്ടഭ്യർഥിക്കും.
സൗഹൃദമാണ് ഏറ്റവും വലിയ പ്രചാരണായുധമെന്ന പാഠം പുതിയ സ്ഥാനാർഥികൾക്ക് നേതാക്കൾ കൈമാറിയിട്ടുണ്ട്.
സ്വന്തം പാർട്ടിക്കാരോ ‘ആടി’ നിൽക്കുന്ന വോട്ടർമാരോ ആണെങ്കിൽ മാത്രം വാർഡിലെ വികസനത്തെക്കുറിച്ച് അഭിപ്രായങ്ങൾ പാസ്സാക്കും. യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികളാണെങ്കിൽ വീട്ടിൽ നിന്ന് തിരിച്ചിറങ്ങുന്നതിന് ഇടയിൽ ‘ഭരണമാറ്റത്തിന്റെ തുടക്കം ഇവിടെ നിന്നാകട്ടെ’ എന്ന് ആശംസിക്കും.
എൽഡിഎഫ് സ്ഥാനാർഥിയാണെങ്കിൽ ‘നല്ല ഭരണത്തിനൊപ്പം നാട് നിൽക്കേണ്ടേ’ എന്നൊരു ചോദ്യവുമെറിയും.
നാട്ടിൽ രാഷ്ട്രീയമുണ്ട്
ശബരിമല സ്വർണപ്പാളി വിവാദം, വിലക്കയറ്റം, വെള്ളക്കരം വർധന, സാമൂഹിക സുരക്ഷാ പെൻഷൻ, റബറിന്റെ താങ്ങുവില, ഇടത്– വലത് രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങൾ പ്രസംഗങ്ങളിലൂടെ കൈമാറാനാണ് മുന്നണികളുടെയും നേതാക്കളുടെയും ശ്രമം. പ്രവർത്തകർ വീടുകളിൽ കൂടുതൽ നേരം ചെലവഴിക്കുന്ന വീടു സന്ദർശനത്തോടും വോട്ടർമാരിൽ പലർക്കും താൽപര്യമില്ല.
‘കാര്യം പറഞ്ഞോളൂ, സ്ഥലം വിട്ടോളൂ’ എന്ന മനോഭാവത്തിലുള്ള വോട്ടർമാരുടെ എണ്ണവും ഇത്തവണ കൂടുതലാണെന്ന് സ്ഥാനാർഥികളും പ്രവർത്തകരും പറയുന്നു.
3 മുന്നണികളും സംസ്ഥാനത്ത് പ്രകടന പത്രിക പുറത്തിറക്കിയിട്ടുണ്ട്. ഫണ്ടുകൾ കൃത്യമായി അനുവദിച്ച് പഞ്ചായത്തുകളുടെ പ്രവർത്തന സ്വാതന്ത്ര്യം തിരികെ കൊണ്ടുവരും എന്നാണ് യുഡിഎഫിന്റെ പ്രധാന വാഗ്ദാനം.
സംസ്ഥാന സർക്കാരിന്റെ വികസനത്തുടർച്ചയ്ക്ക് എന്ന നിലയിലാണ് എൽഡിഎഫ് മുൻപോട്ടു പോകുന്നത്. ഇടത്– വലത് മുന്നണികൾ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് എൻഡിഎയും പറയുന്നു.
മുന്നണികൾ പ്രാദേശികമായി തയാറാക്കിയ പ്രകടന പത്രികകളും വീട്ടു സന്ദർശനങ്ങളിൽ നൽകുന്നുണ്ട്.
‘നാട്ടിലെത്തിക്കാം’ ക്യാംപെയ്ൻ
വിദേശത്തോ സംസ്ഥാനത്തിന് പുറത്തോ ഉള്ള വോട്ടർമാരെ നാട്ടിലെത്തിക്കാനുള്ള പിടിപ്പത് പണിയും ഇതിനിടയിൽ പാർട്ടികൾ നോക്കുന്നുണ്ട്. ടിക്കറ്റിന്റെ പണം നൽകാമെന്ന ഉറപ്പിലാണ് പലരെയും നാട്ടിലെത്തിക്കുന്നത്.
മറ്റു ചിലരാകട്ടെ നാട്ടിലെ ഓർമകൾ പുതുക്കാനായി ലീവെടുത്ത് പ്രചാരണത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെയുള്ള ക്യാംപെയ്നുകളും ഇത്തവണ ശക്തമാണ്. എതിർ സ്ഥാനാർഥികളെ വ്യക്തിപരമായി ആക്രമിക്കാതെ സ്വന്തം ‘പബ്ലിസിറ്റി’ ഉറപ്പാക്കിയാണ് പോസ്റ്റുകളും റീലുകളും തയാറാക്കുന്നത്.
ഇതിനായി ക്യാമറയും ഡിസൈനിങ്ങും എഡിറ്റിങ്ങും അറിയാവുന്ന ചെറുപ്പക്കാരെ പല സ്ഥാനാർഥികളും സംഘത്തിൽ എടുത്തിട്ടുണ്ട്. വോട്ടഭ്യർഥിച്ചുള്ള പര്യടനത്തിൽ ഇപ്പോൾ ഇവരുമുണ്ട്.
സ്ഥാനാർഥിയെ കൃത്രിമമായി അഭിനയിപ്പിക്കുന്നതിന് പകരം ‘ജനങ്ങളിൽ ഒരാളായി’ അവതരിപ്പിക്കുന്നതിനാണ് ഇത്തവണ മുൻഗണന. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

