കോട്ടയം ∙ ബാസ്കറ്റ്ബോൾ ജീവിതലഹരിയാക്കിയ ഒരാൾ; മുൻ രാജ്യാന്തര ബാസ്കറ്റ്ബോൾ താരവും ദേശീയ ടീമിന്റെ മുഖ്യപരിശീലകനുമായിരുന്ന പള്ളം സ്വദേശി ജോസഫ് സാം വിടപറഞ്ഞിട്ട് ഇന്ന് 27 വർഷം തികയുന്നു. കാണികളുടെ ആവേശത്തെ പന്തിലൂടെ ആവാഹിച്ച് ലക്ഷ്യത്തിലേക്കു പായിച്ച ഇദ്ദേഹത്തെ പുതുതലമുറയ്ക്ക് അത്ര പരിചയം കാണില്ല.
ജില്ലയിൽനിന്നുള്ള ആദ്യ രാജ്യാന്തര താരമായിരുന്നു ജോസഫ് സാം.
1928ൽ പള്ളം മാനത്തുശേരിയിൽ (പുത്തൻപുരയിൽ) ഡോ. എം.ജെ.ജോസഫിന്റെ ഇളയ പുത്രനായി ജനിച്ച ജോസഫ്, ആലുവ യുസി കോളജിൽനിന്ന് ബിരുദം പൂർത്തിയാക്കി. പോൾവോൾട്ടിലാണു തുടക്കം.
റൈഫിൾ ഷൂട്ടിങ്ങിലും ഫുട്ബോളിലും തുടർന്ന് ബാസ്കറ്റ്ബോൾ കോർട്ടിലുമിറങ്ങിയ സാമിനു പിന്നീടു മറ്റൊരിനം അന്വേഷിക്കേണ്ടിവന്നില്ല. 1952 മുതൽ ’57 വരെ ദേശീയ ടീമംഗവും ആറുവർഷം തിരുവിതാംകൂർ – കൊച്ചി ടീമംഗവുമായിരുന്നു.
സ്പോർട്സ് കൗൺസിൽ കോച്ചായിരിക്കെ 1957 മുതൽ ’63 വരെ കേരളം ചുറ്റിക്കറങ്ങി തലശ്ശേരി, കോഴിക്കോട്, തൃശൂർ, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലൊക്കെ കളി പ്രചരിപ്പിച്ചു.
തിരുവനന്തപുരത്ത് എൻജിനീയറിങ് കോളജ്, ഗവ.വിമൻസ് കോളജ് എന്നിവിടങ്ങൾ ബാസ്കറ്റ്ബോളിന്റെ തട്ടകമാക്കി. 1955 മുതൽ 56 വരെ കോട്ടയം വൈഎംസിഎയുടെ സെക്രട്ടറി ആയിരിക്കെ സംഘടിപ്പിച്ച ഒരു ഫുട്ബോൾ മത്സരത്തിൽ സമ്മാന വിതരണം നിർവഹിക്കാൻ എത്തിയ കേണൽ ഗോദവർമരാജയാണു സാമിനെ കേരളത്തിൽ ബാസ്കറ്റ്ബോൾ പരിശീലനത്തിന്റെ ചുമതല ഏൽപിച്ചത്.
വിരമിച്ചശേഷം 1963ൽ പട്യാലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ പരിശീലകനായി പ്രവേശിച്ചു.
ഇതുകൂടാതെ കേരള ടീമിന്റെ പരിശീലകനുമായി. ദേശീയ ടീമിന്റെ മുഖ്യ മുഖ്യപരിശീലകനായിരിക്കെ ജർമനിയിലെ ലൈപ്സിഗ് സർവകലാശാലയിൽനിന്ന് ഫിസിക്കൽ എജ്യുക്കേഷനിൽ സ്കോളർഷിപ്പോടെ ബിരുദാനന്തര ബിരുദം നേടിയ ഏക മലയാളിയാണ് ഇദ്ദേഹം.
1965ൽ ഇന്ത്യൻ ടീം കോച്ചായ സാം പലതവണ ഏഷ്യൻ ബാസ്കറ്റ്ബോൾ കോൺഫെഡറേഷൻ ചാംപ്യൻഷിപ്പിനുള്ള ദേശീയ ടീമിനെ അനുഗമിച്ചു.
1967ൽ ടീമിന് ആറാം സ്ഥാനവും. 1971ൽ അഞ്ചാം സ്ഥാനവും നേടിക്കൊടുത്തു.
എഴുപതുകളുടെ അവസാനം ചീഫ് കോച്ചിന്റെ സ്ഥാനത്തുനിന്നു മാറ്റിയെങ്കിലും എൺപതുകളുടെ തുടക്കത്തിൽ അദ്ദേഹം തിരിച്ചുവന്നു. വിരമിച്ച ശേഷവും അദ്ദേഹത്തെ വിടാൻ ഫെഡറേഷൻ തയാറായില്ല.
കായികാധ്യാപകർക്ക് പരിശീലനം നൽകുന്ന ചുമതല അദ്ദേഹത്തെ ഏൽപിച്ചു. 1998 നവംബർ 30ന് എഴുപതാം വയസ്സിലായിരുന്നു വിയോഗം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

