
പാമ്പാടി ∙ ഡ്യൂട്ടിക്കിടെ സ്വകാര്യ ബസ് ഡ്രൈവർക്ക് അപസ്മാരം അനുഭവപ്പെട്ടു, യാത്രക്കാരിയുടെ സമചിത്തതയോടെയുള്ള ഇടപെടലിൽ ഒഴിവായത് വൻദുരന്തം. പാമ്പാടി ബസ് സ്റ്റാൻഡിൽനിന്നു കോട്ടയം ഭാഗത്തേക്ക് പോകുന്നതിനായി കെകെ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ സ്വകാര്യ ബസ് ഡ്രൈവർ കളത്തിപ്പടി സ്വദേശി ചെങ്ങാലിമറ്റത്തിൽ സി.എം.രാജേഷിനാണ് (42) അപസ്മാരമുണ്ടായത്. ഇന്നലെ രാവിലെ 11ന് ആയിരുന്നു സംഭവം.
ഓട്ടത്തിനിടയിൽ ഡ്രൈവർ വിറയ്ക്കുന്നതുകണ്ട കൊടുങ്ങൂർ സ്വദേശിനിയായ യുവതി സംശയം തോന്നി കണ്ടക്ടർ ബെന്നി തോമസിനെ വിവരമറിയിച്ചു.
ബസിനു വേഗം കുറവായിരുന്നതിനാൽ സമീപത്തെ ഓട്ടോസ്റ്റാൻഡിൽ ഓട്ടം കാത്തുകിടന്നിരുന്ന ഓട്ടോറിക്ഷകളിൽ ഇടിച്ചുനിന്നു.
തുടർന്ന് നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് ഡ്രൈവർ രാജേഷിനെ പാമ്പാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ‘കണ്ടക്ടർ ബെല്ലടിച്ച ശേഷം ബസ് മുന്നോട്ടെടുത്തു, കോട്ടയം ഭാഗത്തേക്ക് തിരിഞ്ഞത് ഓർമയുണ്ട്. തൊട്ടുപിന്നാലെ കണ്ണിൽ ഇരുട്ടുകയറുകയായിരുന്നു പിന്നീട് എന്താണു സംഭവിച്ചതെന്ന് ഓർമകിട്ടുന്നില്ല– രാജേഷ് പറഞ്ഞു. പാമ്പാടി പൊലീസ് സ്ഥലത്ത് എത്തിയിരുന്നു.
ബസ് ഇടിച്ച് 2 ഓട്ടോകളുടെ മുൻഭാഗം പൂർണമായും ഒരെണ്ണം ഭാഗികമായും തകർന്നു. സംഭവത്തിൽ ആർക്കും പരുക്കില്ല.
രക്ഷയായത് യുവതിയുടെ ഇടപടൽ
ഡ്രൈവർക്ക് അപസ്മാരം അനുഭവപ്പെട്ടതിനെ തുടർന്നു ബസ് ഓട്ടോസ്റ്റാൻഡിലേക്ക് ഇടിച്ചെങ്കിലും അപകടത്തിന്റെ ആഘാതം കുറച്ചത് കൊടുങ്ങൂർ സ്വദേശിനി ചെട്ടിയാതറ എമിലി വിനോയിയുടെ ഇടപെടലാണ്.
നാഗമ്പടത്തെ പള്ളിയിലേക്ക് പോകുന്നതിനായി കൊടുങ്ങൂരിൽ നിന്നുമാണ് യുവതി ബസിൽ കയറിയത്. ഡ്രൈവർ സീറ്റിന്റെ പിന്നിലായിരുന്നു ഇരിപ്പിടം. അലാംപള്ളി ഭാഗത്തുവച്ച് ഏതാനും നിമിഷം ബസ് നിർത്തിയിട്ട് ഡ്രൈവർ മുഖം കഴുകുകയും വെള്ളം കുടിക്കുന്നതും എമിലി ശ്രദ്ധിച്ചിരുന്നു.
തുടർന്ന് വേഗം കുറച്ചാണ് ബസ് പാമ്പാടി സ്റ്റാൻഡിലെത്തിയതെന്നും അവിടെ അൽപസമയം ബസ് നിർത്തിയിടുകയും ചെയ്തെന്ന് യുവതി പറഞ്ഞു. പാമ്പാടിയിൽ നിന്നു ബസെടുത്ത് തിരിഞ്ഞയുടൻ ഡ്രൈവറുടെ മുഖം കോടിപ്പോകുന്നതായി കണ്ട എമിലി ഉച്ചത്തിൽ കണ്ടക്ടറെ വിളിക്കുകയായിരുന്നു.
തുടർന്നാണ് ബസ് സമീപത്തേക്ക് ഇടിപ്പിച്ച് നിർത്തിയത്.
ഓട്ടോഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അപകടത്തിൽനിന്നു തലനാരിഴയ്ക്ക് രക്ഷപെട്ടതിന്റെ ആശ്വസത്തിലാണ് ഓട്ടോ ഡ്രൈവർ ഉപ്പൂട്ടിൽ ജോസൂട്ടി (57). തന്റെ ഓട്ടോയ്ക്കു നേരെ ബസ് വരുന്നതുകണ്ട് പുറത്തേക്ക് എടുത്തു ചാടുകയായിരുന്നുവെന്ന് ജോസൂട്ടി പറയുന്നു. ചാടിയ ഉടൻ ബസ് ഓട്ടോയിലെക്ക് ഇടിച്ചുകയറി.
പിന്നിലുണ്ടായിരുന്ന ഓട്ടോയുടെ ഡ്രൈവർ കിളിമല കെ.വി.അഭിലാഷിനും ഭയം വിട്ടുമാറിയിട്ടില്ല. പതിവായി ഓട്ടോയില് ഇരിക്കാറുള്ള അഭിലാഷ് അപകടസമയം ഓട്ടോയ്ക്കുള്ളിൽ ഇല്ലായിരുന്നു.
അഭിലാഷിന്റെ ഓട്ടോയ്ക്കും നാശനഷ്ടമുണ്ട്.
വില്ലൻ ക്ഷീണം
ദീർഘദൂര സർവീസുകൾ നടത്തുന്ന ബസ് ഡ്രൈവർമാർക്ക് ഉറക്കക്ഷീണം മൂലം അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളേറെയാണ്. കോട്ടയത്തുനിന്നു രാവിലെ 6.20ന് സർവീസ് ആരംഭിക്കുന്ന ബസ്, മുണ്ടക്കയത്തെത്തി അവിടെ നിന്നു 10ന് തിരിച്ചു സർവീസ് നടത്തുന്നു.
ഇതിനിടയിൽ ജീവനക്കാർക്ക് വിശ്രമിക്കുന്നതിനുള്ള അവസം വളരെ കുറവാണ്. രാത്രി വൈകി കോട്ടയത്ത് സർവീസ് അവസാനിപ്പിക്കുന്ന ബസിൽ ഇതേ ജീവനക്കാർ പുലർച്ചെ ജോലിക്കെത്തുകയും വേണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]