
മഴ കനത്തപ്പോൾ നാട്ടുമീൻകൊയ്ത്ത്; മത്തിയെയും അയലയെയും മറികടന്ന് മഞ്ഞക്കൂരി
കോട്ടയം ∙ ഒരു പുല്ലും വേണ്ടെന്നു പറയുന്നവർ പുല്ലനെ തേടുന്നു. മത്തിയെയും അയലയെയും മറികടന്ന് മഞ്ഞക്കൂരി ചട്ടിയിലേക്ക് ചാടുന്നു.
ആരാ എന്നു ചോദിച്ചാൽ ആരാന്റെ വില പറയുന്നു.. ഇതു മഴക്കാലം തുടങ്ങുമ്പോഴുള്ള നാട്ടുമീൻ മാർക്കറ്റിലെ കാഴ്ച.
എന്നാൽ മത്സ്യങ്ങളുടെ പ്രജനന കാലത്ത് ഉൾനാടൻ ജലാശയങ്ങളിലെ നിയമം ലംഘിച്ചുള്ള മീൻ പിടിത്തത്തിന് (ഊത്ത പിടിത്തം) എതിരെ കർശന നടപടി സ്വീകരിച്ച് ഫിഷറീസ് വകുപ്പ്. ഇന്നലെ വേളൂരിൽ ഒരു പരാതിയിൽ പരിശോധന നടത്തി.
എന്തു കൊണ്ട് നാടൻ മീൻ?
മഴക്കാല ആരംഭത്തിൽ പുഴകളിൽനിന്നും ചെറു തോടുകളിൽനിന്നും നാടൻമത്സ്യങ്ങൾ കൂടുതലായി ലഭിച്ചുതുടങ്ങി. നാടൻ മത്സ്യങ്ങൾക്ക് ആവശ്യക്കാരേറെ.
കല്ലട, വരാൽ കാരി, മഞ്ഞക്കൂരി, പുല്ലൻ, കൊഴുവ, മുരശ്, കുറുവ, വയമ്പ്, വാള, കണമ്പ്, കണ്ണി, പരൽ, പ്രാഞ്ഞിൽ, ആരാൻ തുടങ്ങിയവ മത്സ്യങ്ങളാണ് വ്യാപകമായി വിൽക്കുന്നത്. നാടൻ മത്സ്യങ്ങളുടെ ശരാശരി വില കിലോഗ്രാമിന് (കുമരകത്തെ ഇന്നലത്തെ വില) കല്ലട–200, വരാൽ– 350, കാരി– 300, പുല്ലൻ–80, കൊഴുവ– 240, മുരശ്–380, കുറുവ–160, വയമ്പ്–100, വാള– 350, കണമ്പ്– 450, കണ്ണി– 180,പരൽ– 150, പ്രാഞ്ഞിൽ– 200, ആരാൻ–180.
എന്തു കൊണ്ട് ഊത്ത പിടിക്കരുത്?
പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിനു തടസ്സം വരുത്തി അവയെ പിടിക്കുന്നതും കൂട്, അടിച്ചിൽ, പത്തായം മുതലായ അനധികൃത മാർഗങ്ങളിലൂടെ മീൻപിടിക്കുന്നതും കേരള ഉൾനാടൻ മത്സ്യബന്ധന നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്. ചൂണ്ട
ഇട്ടു മീൻ പിടിക്കുന്നത് ഇതിന്റെ പരിധിയിൽ വരില്ല. ഊത്തപിടുത്തം ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുന്നതുകൊണ്ടാണ് ഈ സമയത്തെ മീൻ പിടുത്തം നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതെന്നു ഫിഷറീസ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ രമേശ് ശശിധരൻ പറഞ്ഞു.
എന്താണ് ശിക്ഷ ?
വിലക്കു ലംഘിച്ച് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് 10,000 രൂപ പിഴയും ആറു മാസം തടവും ശിക്ഷ ലഭിക്കാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]