എരുമേലി ∙ തീർഥാടകരുടെ വാഹന പാർക്കിങ്ങിനായി ദേവസ്വം ബോർഡ് കരാർ നൽകിയിട്ടുള്ള മൈതാനത്ത് അമിത തുക ഈടാക്കുന്നതായി പരാതി. നടപടി എടുക്കേണ്ട
റവന്യു വകുപ്പിന് അനങ്ങാപ്പാറ നയം. ട്രാവലർ വാഹനത്തിന് പാർക്കിങ് ഫീസ് 75 രൂപയായി ദേവസ്വം ബോർഡ് നിജപ്പെടുത്തി ബോർഡ് സ്ഥാപിച്ചിട്ടും കർണാടക സ്വദേശികൾ സഞ്ചരിച്ച തീർഥാടക വാഹനത്തിന് ഈടാക്കിയത് 250 രൂപ.
ഹിന്ദു സംഘടനകളും പൊലീസും ഇടപെട്ടതോടെ അധികം വാങ്ങിയ തുക തിരികെ നൽകി.
തീർഥാടകർ പൊലീസ് കൺട്രോൾ റൂമിൽ പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് എത്തുകയും റവന്യു കൺട്രോൾ റൂം സംഘത്തെ വിളിച്ചു വരുത്തുകയും ചെയ്തു. എന്നാൽ, അമിത തുക ഈടാക്കിയതിനു നടപടി എടുക്കുന്നതിനു പകരം കൂടുതലായി വാങ്ങിയ പണം തിരികെ നൽകാനാണ് ഇവർ ശ്രമിച്ചതെന്ന് ഹിന്ദു സംഘടനാ ഭാരവാഹികൾ ആരോപിച്ചു.
അയ്യപ്പസേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്.
മനോജിന്റെ നേതൃത്വത്തിൽ മൈതാനത്ത് എത്തുകയും അമിത തുക വാങ്ങിയ കരാറുകാർക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അമിത തുക വാങ്ങിയതായി ബോധ്യപ്പെട്ടെങ്കിലും നടപടി എടുക്കേണ്ടത് അളവുതൂക്ക വിഭാഗമാണെന്നാണു റവന്യു ഉദ്യോഗസ്ഥർ പറയുന്നത്.
കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കിടെ തീർഥാടക വാഹനങ്ങളിൽ നിന്ന് മൂന്നിരട്ടി പാർക്കിങ് ഫീസ് ഇവിടെനിന്ന് വാങ്ങുന്നതായി പരാതിയുണ്ട്. ദേവസ്വം ബോർഡും നടപടി സ്വീകരിക്കുന്നില്ല.
രാത്രി കാലങ്ങളിലാണ് തീർഥാടക വാഹനങ്ങളിൽനിന്ന് അമിത തുക വാങ്ങുന്നത്.
ഫീസ് ഈടാക്കുന്നത് തിരിച്ചുപോകുമ്പോൾ
ദേവസ്വം ബോർഡ് മൈതാനത്ത് കരാറുകാർ പാർക്കിങ് ഫീസ് ഈടാക്കുന്നത് ബില്ലിങ് മെഷീൻ ഉപയോഗിച്ചാണ്. തോന്നുന്ന തുകയാണ് ഓരോ വാഹനങ്ങൾക്കും നൽകുന്നത്.
ദേവസ്വം ബോർഡിന്റെ കരാർ പ്രകാരം പാർക്കിങ് ഫീസിനു രസീത് തന്നെ നൽകണമെന്നാണ്. ചൂഷണം കൂടിയതോടെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ സീൽ ചെയ്ത രസീത് നൽകണമെന്നും നിർദേശം വന്നിരുന്നു.
പാർക്കിങ് മൈതാനത്ത് വാഹനങ്ങൾ പ്രവേശിക്കുമ്പോൾ തന്നെ രസീത് നൽകണമെന്നാണ് നിർദേശം. എന്നാൽ വാഹനങ്ങൾ പാർക്കിങ് മൈതാനത്തുനിന്ന് തിരിച്ചുപോകുമ്പോൾ ആണ് പണം ഈടാക്കുന്നത്.
ഇതുമൂലം ആരും പരാതിക്ക് പോകാതെ ചോദിക്കുന്ന തുക നൽകുകയാണ്.
പരാതി നൽകാൻ തടസ്സങ്ങൾ ഏറെ
രേഖാമൂലം പരാതി ഇല്ല എന്ന കാരണം പറഞ്ഞാണ് കൺമുന്നിൽ നടക്കുന്ന പല ചൂഷണങ്ങൾക്കും അധികൃതർ കണ്ണടയ്ക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇവിടെ എത്തുന്ന തീർഥാടകരും വാഹന ഡ്രൈവർമാരും റവന്യു വകുപ്പിനും പൊലീസിനും രേഖാമൂലം പരാതി നൽകിയാൽ കേസിന്റെ പിന്നാലെ നടക്കേണ്ടി വരും, പലതവണ ഇവിടേക്ക് വരേണ്ടി വരും തുടങ്ങിയ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് കേസ് നൽകാൻ പരാതിക്കാർ തയാറാകാത്തത്.
രേഖാമൂലം പരാതി നൽകിയാൽ കേസ് എടുക്കാം എന്നതാണ് പൊലീസിന്റെ നിലപാട്. നടപടി എടുക്കാൻ പരിമിതിയുണ്ടെന്നാണ് റവന്യു വകുപ്പിന്റെ നിലപാട്.
ചൂഷണങ്ങൾക്ക് എതിരെ പ്രതികരിക്കുന്ന ഡ്രൈവർമാരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
ദേവസ്വം ബോർഡ് നടപടിയിലേക്ക്
തീർഥാടക വാഹനത്തിന് അമിത പാർക്കിങ് തുക ഈടാക്കാൻ ശ്രമിച്ച കേസിൽ ദേവസ്വം ബോർഡ് കരാറുകാരന് നോട്ടിസ് നൽകും. കരാർ ലംഘനത്തിനു നടപടി സ്വീകരിക്കുമെന്നാണ് നോട്ടിസ്.
മെഷീൻ ഉപയോഗിച്ച് പണം പിരിക്കാൻ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

