കോട്ടയം ∙ ‘സീബ്രാലൈൻ കണ്ടാൽ വണ്ടി നിർത്താം. പക്ഷേ, സീബ്രാലൈൻ ഒന്ന് കാണിച്ചു തരാമോ?’– നഗരത്തിലൂടെ കടന്നുപോകുന്ന ഡ്രൈവർമാർ പറയുന്നു.
കാൽനട യാത്രക്കാർക്ക് സുരക്ഷിത യാത്രയൊരുക്കാനായി റോഡുകളിൽ സ്ഥാപിച്ച സീബ്രാലൈനുകൾ ഭൂരിഭാഗം ഇടങ്ങളിലും മാഞ്ഞുതുടങ്ങി.
ജില്ലയിലെ മറ്റ് സ്ഥലങ്ങളിൽ നിന്ന് നഗരത്തിലേക്ക് എത്തുന്ന മിക്ക റോഡുകളിലും തിരക്കേറിയ സമയത്ത് കാൽനട യാത്രക്കാർ അപകടത്തിൽപെടുന്നുണ്ട്.
കഴിഞ്ഞ 2 മാസത്തിനിടെ വടവാതൂരിലും സമീപത്തും തുടർച്ചയായി അപകടങ്ങളുണ്ടായി.
മുൻപ് സീബ്രാലൈൻ ഉണ്ടായിരുന്ന സ്ഥലത്തുകൂടി റോഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം പാഞ്ഞെത്തുകയായിരുന്നു. ഓടി മാറിയതിനാൽ ഇടിയിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും പിറകോട്ട് മറിഞ്ഞുവീണ സ്ത്രീയുടെ ശരീരമാസകലം മുറിവേറ്റു.
ഇവിടെ റീടാർ ചെയ്തപ്പോഴാണ് സീബ്രാലൈനുകൾ ഇല്ലാതായത്. പ്രദേശവാസികൾ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായിട്ടില്ല.
നഗരത്തിൽ റൗണ്ടാനയ്ക്കും ബേക്കർ ജംക്ഷനും ഇടയ്ക്ക് ശാസ്ത്രി റോഡിന്റെ തുടക്കത്തിലും വരകൾ മാഞ്ഞിട്ടുണ്ട്.
അതേസമയം, സീബ്രാലൈനിലെ കാൽനട യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച കോടതി നിർദേശം വന്നതിന് പിന്നാലെ നഗരത്തിൽ ചിലയിടങ്ങളിൽ സീബ്രാലൈനുകൾ വരച്ചു തുടങ്ങിയിട്ടുണ്ട്.
കുറുകെ കടക്കലും തോന്നുംപടി
നഗരത്തിൽ ഒട്ടേറെ സ്ഥലങ്ങളിൽ സീബ്രാ ക്രോസിങ് ഉണ്ടെങ്കിലും പലരും റോഡ് മറികടക്കുന്നത് സ്വന്തം സൗകര്യം മാത്രം നോക്കി.
കലക്ടറേറ്റിന്റെ മുൻപിലാണ് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ബസ് സ്റ്റോപ്പിന് മുൻപും ശേഷവുമായി 2 സീബ്രാലൈനുകൾ ഉണ്ടെങ്കിലും അത് ഉപയോഗിക്കുന്ന ആളുകൾ വളരെ കുറവാണ്.
പകരം റോഡിലെ ലൈനുകൾ ഇല്ലാത്ത ഭാഗത്തുകൂടി റോഡ് മറികടക്കും. അതോടെ തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമാകും.
നിർത്തിയ ബസുകളുടെ മറവിൽ നിന്നടക്കം ആളുകൾ റോഡിലേക്ക് കയറുന്നത് അപകട സാധ്യതയും കൂട്ടുന്നു.
ശാസ്ത്രി റോഡ്, ബേക്കർ ജംക്ഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുൻഭാഗം, സെൻട്രൽ ജംക്ഷൻ, തിരുനക്കര എന്നിവിടങ്ങളിലെല്ലാം ചില യാത്രക്കാർ സീബ്രാലൈൻ ഉപയോഗിക്കാതെ തോന്നുന്ന വഴിക്ക് റോഡ് മറികടക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

